
ആർത്തവ സമയത്തെ ബ്ലീഡിംഗിന്റെ അളവ് എപ്പോഴും ഒരുപോലെയാവണമെന്നില്ല. പ്രായം, ശരീരപ്രകൃതം, ടെൻഷൻ, രോഗങ്ങൾ എന്നിവയനുസരിച്ച് രക്തം പോകുന്ന ദിവസങ്ങളുടെ എണ്ണവും രക്തത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും. ആർത്തവ സമയത്ത് സാധാരണയായി 30 മുതൽ 50 മില്ലി ലിറ്റർ രക്തമാണ് ബ്ലീഡ് ചെയ്യുന്നത്. പ്രായപൂർത്തിയായതിനെ തുടർന്നുള്ള പീരിയഡുകളിലും മെനോപോസ് അഥവാ ആർത്തവം നിലയ്ക്കുന്നതിന്റെ മുന്നോടിയായും അണ്ഡോത്പാദനം നോർമൽ ആയിരിക്കില്ല എന്ന കാരണത്താൽ രക്തം പോകുന്ന അളവിലുണ്ടാകുന്ന കുറവ് സാധാരണമാണ്.
കാരണങ്ങൾ
ഹോർമോണുകളുടെ അളവിലെ വ്യത്യാസം, പി.സി.ഒ.ഡി, വണ്ണം കൂടുമെന്ന് പേടിച്ച് ഭക്ഷണം ആവശ്യത്തിന് കഴിക്കാത്തത്, അമിത വ്യായാമം, ഗർഭനിരോധന ഗുളികകൾ, മറ്റ് ഗർഭനിരോധന സംവിധാനങ്ങൾ, തൈറോയ്ഡ് രോഗങ്ങൾ എന്നിവ പീരിയഡ് സമയത്തുള്ള രക്തം പോക്കിന്റെ അളവിനെ കുറയ്ക്കുന്നവയാണ്.
രണ്ടോ മൂന്നോ ദിവസത്തെ മാത്രം പീരിയഡ് നീണ്ടുനിൽക്കുന്നത് എന്തോ കുഴപ്പത്തിന്റെ ലക്ഷണമാണെന്ന് കരുതി പലരും മാനസിക വിഷമത്തിലാകാറുണ്ട്. എന്നാൽ, രണ്ട് ദിവസം മാത്രം കാണുന്നതോ അല്ലെങ്കിൽ ഏഴുദിവസം വരെയോ നീണ്ടുനിൽക്കുന്നതോ ആയ ആർത്തവം നോർമൽ ആണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. എന്നാൽ, സാധാരണയായി കൂടുതൽ ദിവസം ആർത്തവരക്തം ഉണ്ടായിരുന്ന ഒരാൾക്ക് പെട്ടെന്ന് ഒന്നോ രണ്ടോ ദിവസം മാത്രം എന്ന നിലയിൽ ബ്ലീഡിംഗ് കുറഞ്ഞു കാണുകയാണെങ്കിൽ പ്രഗ്നനൻസി ടെസ്റ്റ് ചെയ്യുന്നത് അഭികാമ്യമാണ്.
പരിഹാരം
ആർത്തവ സമയത്തുള്ള രക്തം പോക്കിലെ കുറവ് പരിഹരിക്കുന്നതിന് യോഗ, വ്യായാമം എന്നിവ ശീലിക്കുന്നത് നല്ലതാണ്. ശരീരഭാരം നോർമൽ ആക്കുക, ഇഞ്ചി, ജീരകം, പൈനാപ്പിൾ, മഞ്ഞൾ എന്നിവ അടങ്ങിയതും പോഷണം നൽകുന്നതുമായ ഭക്ഷണം ഉപയോഗിക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ആർത്തവ സമയത്ത്. പഴങ്ങൾ, തണ്ണിമത്തൻ, വെള്ളരി തുടങ്ങിയവ കൂടുതൽ കഴിക്കാൻ ശ്രദ്ധിക്കുക. പച്ച ഇലക്കറികൾ,കോഴിമാംസം, മത്സ്യം, ഡാർക്ക് ചോക്ലേറ്റ് എന്നിവയും നല്ലതാണ്.
വിളർച്ച രോഗമുള്ളവർ പിരീയഡ് സമയത്ത് ചായ കുടിക്കുന്നത് നല്ലതല്ല. ഇരുമ്പിന്റെ സ്വാഭാവിക ആഗിരണം കുറയുന്നതിന് അത് കാരണമാകും. എന്നാൽ, ഇഞ്ചി ചേർത്ത ചായ കുടിച്ച് രക്തം പോകുന്നതിന്റെ അളവ് വർദ്ധിപ്പിക്കാൻ സാധിക്കും. ഇതോടൊപ്പം ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാൽ ഇരുമ്പിന്റെയും മറ്റ് ധാതുക്കളുടെയും ആഗിരണം മെച്ചപ്പെടുത്താനും കഴിയും. ബ്ലീഡിംഗ് മെച്ചപ്പെടുകയും ചെയ്യും. പപ്പായ, പാൽ, പാലുൽപ്പന്നങ്ങൾ, കോഫി, തേൻ, അരിഷ്ടങ്ങൾ എന്നിവയും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇവയെല്ലാം തന്നെ ബ്ലീഡിംഗ് കുറവിനെ പരിഹരിക്കുന്നതാണ്.
വേദനയോടെയുള്ള പിരീയഡാണെങ്കിൽ വേദനാസംഹാരികൾ കഴിക്കുന്നതിന് പകരമായി ഇവ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ വീര്യം കുറഞ്ഞ ആയുർവേദ ഔഷധങ്ങൾ കൂടി ഉപയോഗിക്കുകയാണ് വേണ്ടത്.