we

തമിഴ്നാട്ടിൽ റിലീസ് ചെയ്ത് മികച്ച നിരൂപക പ്രശംസയും വിജയവും കൈവരിച്ച 'വീ ' എന്ന തമിഴ് സിനിമ കഴിഞ്ഞ ദിവസം കേരളത്തിൽ റിലീസ് ചെയ്തു. മലയാളി പ്രേക്ഷകരുടെ ഇടയിലും ചിത്രം മികച്ച പ്രതികരണം നേടിയിരിക്കുകയാണ്. തുടക്കം മുതൽ ക്ലൈമാക്സ് വരെ ചടുലത നിലനിറുത്താൻ സിനിമയ്ക്കു കഴിയുന്നുവെന്നതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. യുവാക്കളും യുവതികളും അടങ്ങുന്ന ഒരു സംഘം നടത്തുന്ന യാത്രയെ ചുറ്റിപ്പറ്റിയാണ് സിനിമ പുരോഗമിക്കുന്നത്. യാത്രയ്ക്കിടയിൽ കൂട്ടത്തിലൊരാൾ ഒരു പുതിയ 'ആപ്പ്' പരിചയപ്പെടുത്തുന്നു. ജനന തീയതി കൊടുത്താൽ മരണ തീയതി അറിയാൻ കഴിയുന്ന ആപ്പിൽ സംഘങ്ങൾ ജനന തീയതി കൊടുക്കുമ്പോൾ അവർ യാത്ര ചെയ്യുന്ന അതെ ദിവസമാണ് അവരുടെ മരണ തീയതി കാണിക്കുന്നത്. തുടർന്ന് നടക്കുന്ന ദുരൂഹവും ആകാംക്ഷ നിറഞ്ഞതുമായ മുഹൂർത്തങ്ങൾ 'വീ ' എന്ന ചിത്രത്തെ കൂടുതൽ മികവുറ്റതാക്കുന്നു. പ്രേക്ഷകന് ആസ്വദിക്കാൻ കഴിയുന്ന എല്ലാ ചേരുവകളും 'വീ ' എന്ന സസ്‌പെൻസ് ത്രില്ലറിൽ ഉണ്ട്. ഈ വിജയ സിനിമ നിർമ്മിച്ചിരിക്കുന്നത് മലയാളിയായ തമിഴ് നിർമാതാവ് രൂപേഷ് കുമാറാണ്. പാലക്കാട്, കൊല്ലങ്കോട് താഹസിൽ ദാർ പാടത്താണ് രൂപേഷ് കുമാറിന്റെ സ്വദേശം . എയറനോട്ടിക്കൽ എൻജിനീയറായ രൂപേഷ് ജെറ്റ് എയർവേസ്, ഗൾഫ് എയർ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ കമ്പനി നടത്തുന്ന രൂപേഷ് കുടുംബസമേതം അവിടെത്തന്നെയാണ് താമസിക്കുന്നത്. ബാംഗ്ലൂരിൽ ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് ടീച്ചറാണ് രൂപേഷിന്റ ഭാര്യ ചിത്ര നായർ. റിഥി നായർ, രഞ്ജീവ് നായർ,രഞ്ജിത നായർ എന്നിവർ മക്കളാണ്. കുട്ടിക്കാലം മുതൽ സിനിമയോടുള്ള ഇഷ്ടമാണ് ബിസിനസ് തിരക്കുകൾക്കിടയിലും രൂപേഷ് കുമാറിനെ ചലച്ചിത്ര നിർമാണ വിതരണരംഗത്ത് എത്തിച്ചത്. തമിഴ്നാടിന് പുറമേ ഇപ്പോൾ പാലക്കാട്ടെ പ്രേക്ഷകരും ' വീ ' സിനിമ കയ്യടിയോടെ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് രൂപേഷ്. സാങ്കേതിക രംഗത്തും അഭിനയ രംഗത്തും പുതുമുഖങ്ങൾക്ക് തന്റെ സിനിമയിലൂടെ അവസരം നൽകാൻ സാധിച്ചതായും രൂപേഷ് പറഞ്ഞു. തന്റെ അടുത്ത തമിഴ് ചിത്രത്തിന്റെ ചിത്രീകരണവും പൂർത്തിയായ വിവരം രൂപേഷ് അറിയിച്ചു. ഈ കോമഡി ചിത്രം മലയാളിയായ എം.ആർ.അനൂപ് രാജാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോൾ മലയാള പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണത്തിലുള്ള സംതൃപ്തിയും യുവ നിർമാതാവ് പ്രകടിപ്പിച്ചു. ഡാവിഞ്ചി ശരവണനാണ് 'വീ ' യുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം:അനിൽ. കെ. ചാമി, സംഗീതം: ഇളങ്കോ കലൈവാണൻ, എഡിറ്റിംഗ്: ശ്രീജിത്ത്, മാർക്കറ്റിംഗ് ഡിസൈനർ എം.ആർ.എ.രാജ്. രാഘവ്, ലുതിയ, സബിത ആനന്ദ്, ആർ.എൻ.ആർ. മനോഹർ, റിഷി, അശ്വനി, നിമ, സത്യദാസ്, ഫിജിയ റിനീഷ്, ദിവ്യൻ, ദേവസൂര്യ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. രൂപേഷ് കുമാറിന്റെ ട്രൂ സോൾ റിലീസാണ് 'വീ ' പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.