aanapparahs

വിതുര: കാലപ്പഴക്കം ചെന്ന പഴയ കെട്ടിടങ്ങളിൽ നിന്നും ആനപ്പാറ ഗവ. ഹൈസ്കൂൾ സ്മാർട്ടാകുന്നു.

ആനപ്പാറ ഹൈസ്കൂളിന്റെ വികസന പദ്ധതിക്കായി മൂന്ന് കോടിയാണ് അനുവദിച്ചത്. പരിമിതികൾക്കും, പരാധീനതകൾക്കും നടുവിൽ പ്രവർത്തിക്കുന്ന ആനപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നാല് തവണ നൂറ് ശതമാനം വിജയം നേടിയിരുന്നു. എന്നാൽ വർഷങ്ങളായി കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്.

ആദിവാസികളും പാവപ്പെട്ട വിദ്യാ‌ർത്ഥികളുമാണ് ഇവിടെ പഠിക്കുന്നത്. സ്കൂളിന്റെ പരിമിതികളും, പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വികസന പദ്ധതിക്ക് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്. ശബരീനാഥൻ എം.എൽ.എ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകുകയായിരുന്നു.

തുട‌ർന്നാണ് സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ സർക്കാർ തുക അനുവദിച്ചത്. വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഒരു കോടി രൂപയും നബാർഡ് ഫണ്ടിൽ നിന്നും രണ്ടു കോടി രൂപയുമാണ് അനുവദിച്ചത്.

കാലപ്പഴക്കം ചെന്ന രണ്ടു കെട്ടിടങ്ങൾ പൊളിച്ചാണ് രണ്ട് ബഹുനില മന്ദിരങ്ങൾ നിർമ്മിക്കുന്നത്. ഭരണാനുമതി ലഭിച്ച പദ്ധതിക്ക് നേരത്തെ തന്നെ എം.എൽ.എ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചു വിശദമായ മാസ്റ്റർ പ്ലാൻ തയാറാക്കിയിരുന്നു.