
കേരളം അതിവേഗം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. വർദ്ധിക്കുന്ന തിരഞ്ഞെടുപ്പ് ചൂടിന്റെ വിളംബരമെന്നോണം, മലയാളത്തിലെ രണ്ട് ദൃശ്യമാദ്ധ്യമങ്ങളുടേയും ഡൽഹി കേന്ദ്രീകരിച്ചുള്ള മാദ്ധ്യമ ഏജൻസി കൂട്ടായ്മയുടേയും സർവേഫലങ്ങൾ പുറത്തു വന്നിരിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ കേരളീയ രാഷ്ട്രീയചലനങ്ങൾ സൂക്ഷ്മതയോടെ പകർത്തിപ്പോന്ന പലരെയും അദ്ഭുതപ്പെടുത്തിയ ഒരു പ്രവചനമുണ്ടതിൽ. നേതാക്കളുടെ ജനപ്രീതി !
ക്ഷേമസങ്കല്പത്തിലൂന്നിയും ദുരന്തകാലങ്ങളിലെ മനസാന്നിദ്ധ്യത്തോടെയുള്ള ഇടപെടലുകളിലൂടെയും മുന്നോട്ടു നയിച്ച പിണറായി വിജയൻ, അക്കാര്യത്തിൽ മുന്നിലെത്തിയെന്നത് യാദൃശ്ചികമല്ല. പിണറായിയെ മുന്നിലെത്തിയതിന് പിന്നിൽ മറ്റൊന്നു കൂടിയുണ്ട് . അത് മുഖ്യമന്ത്രിയെന്ന അധിക ആനുകൂല്യമാണ്. 2016ലെ സമാനസർവേയിൽ ആ പരിഗണനയിൽ മുന്നിൽ നിന്നത് ഉമ്മൻ ചാണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ ജനപ്രിയ ഇടപെടലുകൾക്കും പരിഗണന കിട്ടി. പ്രതിപക്ഷനേതാവായി സജീവസാന്നിദ്ധ്യമായി നിലകൊണ്ട വി.എസ്. അച്യുതാനന്ദൻ രണ്ടാമതെത്തി. വി.എസിന്റെ ജനപ്രീതിക്ക് മറ്റൊരു രാഷ്ട്രീയമാനമാണ്. ഇടതുപക്ഷത്തെ ഉൾക്കൊള്ളുന്ന കേരളീയമനസിന്റെ ബഹിർസ്ഫുരണം അവിടെ തെളിഞ്ഞു കത്താറുണ്ട്.
2016 മുതലിങ്ങോട്ട് നോക്കുമ്പോൾ ഏതാണ്ട് നാലുവർഷവും ഉമ്മൻചാണ്ടി കളത്തിന് പുറത്ത് നിൽക്കുകയായിരുന്നു. വി.എസിന്റെ രാഷ്ട്രീയ, പാരിസ്ഥിതിക ഇടപെടലുകൾക്ക് കാലവും പ്രായവും തടസം നിന്നപ്പോൾ വി.എസിന്റെ രാഷ്ട്രീയവും വിസ്മൃതിയിലേക്കുരുണ്ടു. പക്ഷേ അവിടെയൊരു ബദൽ രൂപപ്പെട്ട് വന്നിരുന്നു. വി.എസിന് പൂർണ ബദലെന്ന് അതിനർത്ഥമില്ല. ഏതാണ്ട് ഒരിടതുപക്ഷ സ്വഭാവത്തോടെയുള്ള കാവലാൾ പരിവേഷം സൃഷ്ടിക്കപ്പെട്ടത് പ്രതിപക്ഷനേതാവ് സ്ഥാനത്ത് വിരാജിച്ച രമേശ് ചെന്നിത്തലയിലൂടെയാണ്. ഒരുപക്ഷേ, ഇന്ന് പിണറായി പിന്തുടർന്നുപോന്ന ക്ഷേമരാഷ്ട്ര സങ്കല്പത്തിലൂന്നിയുള്ള വികസനതന്ത്രത്തിന് തുടക്കമിട്ടയാളെന്ന നിലയിൽ ഉമ്മൻചാണ്ടി വിമർശിക്കാൻ മടിച്ചുനിന്നേക്കാവുന്ന പല വിഷയങ്ങളിലും രമേശ് ചെന്നിത്തലയ്ക്ക് ഇറങ്ങിച്ചെല്ലാനായിട്ടുണ്ട്. അതും ഒരുപക്ഷേ വി.എസ് മാത്രമിറങ്ങാൻ ധൈര്യപ്പെടുമായിരുന്ന വിഷയങ്ങളിൽ. എന്നാൽ പ്രതിലോമ കാഴ്ചപ്പാടുകൾ ഉയരാതിരുന്നിട്ടുമില്ല. എങ്കിൽപ്പോലും, വലതുപക്ഷ രാഷ്ട്രീയത്തിനകത്ത് കളിക്കുന്നവർക്ക് അപരിചിതമായേക്കാവുന്ന സ്വത്വം ചില ഘട്ടങ്ങളിലെങ്കിലും പ്രകടിപ്പിച്ച നേതാവ് തന്നെയാണ് രമേശ് ചെന്നിത്തല. സർക്കാരിന്റെ ഇടപെടലുകളോട്, അല്ലെങ്കിൽ പ്രവൃത്തികളോട്, ഉമ്മൻ ചാണ്ടി നടത്തുന്ന വിമർശനങ്ങളും ചെന്നിത്തല ഉയർത്തുന്ന വിമർശനങ്ങളും ശ്രദ്ധിച്ചാൽ ഇത് മനസിലാകും.
ആ ചെന്നിത്തലയ്ക്ക് തിരഞ്ഞെടുപ്പ് സർവേകളിൽ നിരന്തരം പിന്തള്ളപ്പെടേണ്ടി വരുന്നതെന്തുകൊണ്ടാണ് ? ശശിതരൂരിനും കെ.കെ. ശൈലജയ്ക്കും പിറകിൽ കെ. സുരേന്ദ്രനോടൊപ്പം മാത്രമാണ് സർവേകളിൽ ചെന്നിത്തലയുടെ ജനപ്രീതി. ഈ സർവേഫലങ്ങളാണ് അദ്ഭുതപ്പെടുത്തുന്നതും രാഷ്ട്രീയസമൂഹം കൗതുകത്തോടെ ചർച്ച ചെയ്യുന്നതും. സർവേകളുടെ അളവുകോൽ എന്താണെന്നും സർവേകളെ നിയന്ത്രിക്കുന്നത് ഏത് സാമൂഹ്യഘടനയാണെന്നുമുള്ള ചോദ്യങ്ങളുയരുന്നു.
സർക്കാരിനെ തിരുത്തിച്ച
ഇടപെടലുകൾ
പ്രതിപക്ഷധർമ്മം ഏറെക്കുറെ ശരിയായ അളവിൽ രമേശ് ചെന്നിത്തല നിറവേറ്റിയപ്പോൾ ചില വിവാദ തീരുമാനങ്ങളിൽ നിന്ന് സർക്കാർ പിന്മാറുകയോ തിരുത്തുകയോ ചെയ്‌തിട്ടുണ്ട്. യാദൃശ്ചികമെന്ന് പറയട്ടെ, രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയതേറെയും ഇടതുപക്ഷ സർക്കാരിന്റെ ഇടത് വ്യതിയാനങ്ങളെ ആയിരുന്നു! സർക്കാരിന് ബോധപൂർവമല്ലാതെ സംഭവിച്ചുപോയവ എന്ന ന്യായീകരണങ്ങൾ ചിലപ്പോഴെല്ലാം ഭരണനേതൃത്വത്തിനോ ഇടതുമുന്നണിക്കോ കണ്ടെത്തേണ്ടി വരുന്നു. ആഗോളീകരണ, ഉദാരീകരണ പ്രക്രിയകളിലൂടെ രാജ്യത്തെ കോർപ്പറേറ്റ്‌വത്കരിക്കാൻ വഴിയൊരുക്കിയ കോൺഗ്രസ് നയസമീപനത്തെ പിടിവള്ളിയാക്കി രമേശ് ചെന്നിത്തലയെ അടിച്ചിരുത്താൻ ഇത്തരം ചില അവസരങ്ങളിൽ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും വളരെയേറെ ശ്രദ്ധിക്കുന്നുമുണ്ട്.
സംസ്ഥാനത്തിന്റെ പാരിസ്ഥിതികഘടനയെ പോലും മറികടന്ന് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാൻ നടത്തിയ ഇടതുസർക്കാർ നീക്കത്തെ കൈയോടെ ഇടപെട്ട് തിരുത്തിച്ചത് ചെറിയ കാര്യമല്ല. പരിസ്ഥിതിസംബന്ധിച്ച മാർക്സിയൻ കാഴ്ചപ്പാടിനെ പോലും പരിഹസിക്കുന്നു എന്നതിനപ്പുറം, കേരളത്തിൽ അമിതജലചൂഷണം സൃഷ്ടിക്കാവുന്ന അത്യാപത്തിനെപ്പറ്റിയും ആ വേളയിൽ ഇടതുപക്ഷസർക്കാർ മറന്നുപോയെന്നത് പേടിപ്പെടുത്തുന്നതായിരുന്നു. പ്ലാച്ചിമടയിലെയും മറ്റും പോരാട്ടങ്ങൾ ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും മുസ്ലിംലീഗിന്റെയും മറ്റും വികസനസങ്കല്പങ്ങളുടെ യുക്തിയെ ചോദ്യം ചെയ്യുന്നതായിരുന്നു എന്നതും ഓർക്കുക. അതുകൊണ്ട് ബ്രൂവറി, ഡിസ്റ്റിലറി ഇടപാട് രമേശ് ചെന്നിത്തല തുറന്നുകാട്ടിയത് ശക്തമായ രാഷ്ട്രീയ ഇടപെടലായിരുന്നു.
കൊവിഡ് കാലത്ത്, അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറുമായി വ്യക്തിഗത വിവരശേഖരണത്തിന് ഐ.ടി വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ മുൻകൈയെടുത്തുണ്ടാക്കിയ കരാർ, വിവരശേഖരണവുമായി ബന്ധപ്പെട്ട ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാടിനെ തന്നെ റദ്ദാക്കുന്നതായി. രമേശ് ചെന്നിത്തല ഇക്കാര്യം തുറന്നുകാട്ടിയപ്പോൾ, അസാധാരണകാലത്തെ, അസാധാരണ നടപടിയെന്ന് വിശേഷിപ്പിച്ച് പിടിച്ചുനിൽക്കാനേ അന്ന്, സി.പി.എമ്മിന് പോലും സാധിച്ചുള്ളൂ. അന്ന് കരാറിനെ ന്യായീകരിക്കാൻ ഒരു ജനാധിപത്യഭരണ സംവിധാനത്തിൽ കണ്ട് ശീലിച്ചിട്ടില്ലാത്ത കാഴ്ചയും നമ്മൾ കാണേണ്ടിവന്നു. ശിവശങ്കർ ചാനലുകളിൽ കയറിയിറങ്ങി കരാറിനെ ന്യായീകരിക്കുന്നതായിരുന്നു ആ കാഴ്‌ച . നയവ്യതിയാനത്തെ ഉൾക്കൊള്ളാതിരുന്ന സി.പി.ഐ നേതൃത്വത്തെ അനുനയിപ്പിക്കാനും ഇതേ ഉദ്യോഗസ്ഥൻ ഓടിപ്പോയി. എങ്ങനെ വ്യാഖ്യാനിച്ചാലും മുഖ്യമന്ത്രിയുടെ മനസിൽ ആ ഉദ്യോഗസ്ഥന് കല്പിക്കപ്പെട്ടിരുന്ന സവിശേഷസ്ഥാനത്തെ വിളിച്ചറിയിക്കുന്ന ഏർപ്പാടായിരുന്നു അത്. പിന്നീട് കോടതിയിലെത്തിയ കരാറിൽ നിന്ന് ക്രമേണ തലയൂരി ഇടതുസർക്കാർ പിടിച്ചുനിന്നു. പിന്നാലെ മലവെള്ളപ്പാച്ചിൽ പോലെ ഒഴുകിയെത്തിയ സ്വർണ്ണക്കടത്തും അനുബന്ധ വിവാദങ്ങളും ശിവശങ്കറിനെ തന്നെ മുഖ്യമന്ത്രിയുടെ വിശ്വസ്തവൃന്ദങ്ങളിൽ നിന്ന് തെറിപ്പിച്ചെന്നത് മറ്റൊരു കാര്യം!
ഏറ്റവുമൊടുവിലിപ്പോൾ ആഴക്കടൽ മത്സ്യബന്ധനത്തിന് സ്വകാര്യകമ്പനിയെ അനുവദിക്കാനുള്ള ഉദാരീകരണ വഴക്കം ഇടതുസർക്കാർ കാട്ടിയപ്പോൾ അതിലെയും ഇടതുവ്യതിയാനത്തെ തുറന്ന് കാട്ടാനിറങ്ങിയത് രമേശ് ചെന്നിത്തലയായി. ഉദ്യോഗസ്ഥതല ഗൂഢാലോചനയിലേക്ക് കാര്യങ്ങളെ വഴിതിരിച്ചുവിട്ട് സർക്കാരിന്റെ നിഷ്കളങ്കതയെയും ഇടതുനയ സമീപനത്തിലെ സത്യസന്ധതയെയും തുറന്നു കാണിക്കാൻ ശ്രമിക്കുമ്പോഴും ചില മിസിംഗ് ലിങ്കുകൾ എവിടെയൊക്കെയോ മന്ത്രിസഭയുടെ ഉത്തരം മുട്ടിക്കുന്നുണ്ട്.
ഉദ്യോഗസ്ഥ സംവിധാനങ്ങൾക്ക് അത്രയെളുപ്പത്തിൽ വീഴ്ത്തിക്കളയാവുന്നതാണോ രാഷ്ട്രീയ ഭരണനേതൃത്വം? വിദേശകുത്തകകളുടെ വമ്പൻ ട്രോളറുകൾ ആഴക്കടലുകളിൽ അധീശത്വമുറപ്പിക്കുക വഴി മത്സ്യസമ്പത്ത് ശോഷിച്ചുവരുന്ന കാലമാണ്. ഇന്ത്യൻ സമുദ്രാതിർത്തിയിൽ മാത്രമാണ് വൈവിദ്ധ്യമാർന്ന മത്സ്യസമ്പത്ത് അവശേഷിക്കുന്നത്. അതും കവർന്നെടുക്കാൻ അമേരിക്കയും ചൈനയും തായ്‌വാനും മറ്റും മത്സരിക്കുകയാണ്. ചില കുത്തകകൾ ഏതുവിധേനയും നുഴഞ്ഞു കയറാൻ ശ്രമിക്കുമ്പോൾ, വലതുപക്ഷ കാഴ്ചപ്പാടുമായി വ്യവസായവികസനത്തിന് വാതിൽ മലർക്കെ തുറന്നിട്ട് കൊടുക്കുന്നതാണോ രാജ്യത്തെ ഒരേയൊരു ഇടതുപക്ഷബദൽ മാതൃകയെന്ന ചോദ്യത്തിന് ആരുത്തരം നൽകും?
മാവോയിസ്റ്റുകൾ അടിച്ചമർത്തപ്പെടേണ്ടവർ തന്നെയെന്ന് രമേശ് ചെന്നിത്തലയും കരുതുന്നത് അദ്ദേഹത്തിന്റെ ഭരണകൂട കാഴ്ചപ്പാടായിരിക്കാം. അപ്പോഴും അവരെ വെടിവച്ച് കൊല്ലണോയെന്ന് ചോദിച്ച്, താൻ ആഭ്യന്തരമന്ത്രിയായിരിക്കെ മാവോയിസ്റ്റുകളെ കൊല്ലാതെ പിടികൂടിയ കഥ ഓർമ്മിപ്പിക്കുന്നുണ്ട് ചെന്നിത്തല. കോഴിക്കോട് പന്തീരാങ്കാവിൽ രണ്ട് യുവാക്കളെ മാവോയിസ്റ്റ് ഭീകരതയാരോപിച്ച് യു.എ.പി.എ ചുമത്തി പിടികൂടിയതിലെ 'ഭരണകൂടഭീകരത' ഒരിടതുപക്ഷ സർക്കാരിൽ ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്. രമേശ് ചെന്നിത്തല അതിനെ ചോദ്യം ചെയ്തതിലെ രാഷ്ട്രീയം ശക്തമാകുന്നത് അതിനാലാണ്.
മീശയെ ചൊല്ലി
എസ്. ഹരീഷിന്റെ മീശ നോവൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചുവന്ന ഒരു വാരികയ്ക്ക് പൊടുന്നനവേ അത് നിറുത്തിവയ്പിക്കേണ്ടി വന്നതിലെ രാഷ്ട്രീയം കേരളം നവോത്ഥാനമൂല്യങ്ങളിൽ നിന്ന് വഴിമാറി സഞ്ചരിക്കുന്നതിന്റെ ഏറ്റവും വലിയ സൂചകമായിരുന്നു. അതിൽപ്പിന്നേ, ശബരിമല യുവതീപ്രവേശന വിധിയുണ്ടപ്പോൾ ആ പിൻനടത്തം കൂടുതൽ തീവ്രമായി ബോദ്ധ്യമായി. നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിലെ സംഭാഷണത്തിൽ പിടിച്ചാണ് സംഘപരിവാർശക്തികൾ മീശയെ കടന്നാക്രമിച്ചത്. നായർ സർവീസ് സൊസൈറ്റി, ശബരിമല വിഷയത്തിലെന്ന പോലെ ഇവിടെയും രംഗത്തെത്തി വാരികയെയും അതുമായി ബന്ധപ്പെട്ട പത്രത്തെയും ബഹിഷ്കരിക്കാൻ ആഹ്വാനം നൽകി.
ആ ഘട്ടത്തിൽ ഇടതുപക്ഷം ഉയർത്തിപ്പിടിച്ച നിലപാടുകൾക്കൊപ്പം തന്നെയായിരുന്നു രമേശ് ചെന്നിത്തലയുടെ നിലപാടുകളും. ഹരീഷിനെ ടെലഫോണിൽ ഐക്യദാർഢ്യമറിയിച്ച രമേശ് അന്നിറക്കിയ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധിക്കുക: എഴുത്തിന്റെ പേരിൽ കഥാകൃത്തിന്റെ കഴുത്തെടുക്കാൻ നടക്കുന്നവർ കേരളത്തെ ഇരുട്ടിലേക്കാണ് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മകന്റെ നേതൃത്വത്തിലുള്ള ശ്രേഷ്ഠ പബ്ലിക്കേഷൻസ് ആ നോവൽ പുറത്തിറക്കാൻ തയാറാണെന്നും അറിയിച്ചു.
എൻ.എസ്.എസ് നേതൃത്വത്തിന്റെ മനസറിഞ്ഞിരുന്നെങ്കിൽ രമേശ് ഇത്തരമൊരു പ്രതികരണം നടത്തില്ലായിരുന്നെന്ന് പിന്നീട് ശബരിമല വിഷയത്തിലടക്കം അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ശബരിമലയിൽ അദ്ദേഹം സമ്മാനിച്ചത് പുരോഗമനമനസുകൾക്ക് അങ്ങേയറ്റത്തെ നിരാശ മാത്രമായിരുന്നുവെന്നതും കാണണം. എങ്കിലും മീശ നോവൽ വിവാദത്തിലെ ആദ്യ പ്രതികരണം, അദ്ദേഹത്തെ എൻ.എസ്.എസ് നേതൃത്വത്തിൽ നിന്നകറ്റി എന്നതാണ് ആത്യന്തിക വഴിത്തിരിവ്.
എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ തിരുവനന്തപുരത്ത് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ വച്ചാണ് താക്കോൽസ്ഥാനത്ത് നായരില്ലാത്തതിനെതിരെ ഉമ്മൻ ചാണ്ടി സർക്കാരിനെ കടന്നാക്രമിച്ചത്. രണ്ടര വർഷം കഴിഞ്ഞാൽ കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് നിർണായകപദവി (മുഖ്യമന്ത്രിസ്ഥാനം തന്നെയോ?) നൽകാമെന്ന അപ്രഖ്യാപിതധാരണ നിറവേറ്റാത്തതിലെ പരിഭവമായിരുന്നു അതെന്നാണ് അന്നത്തെ അടക്കംപറച്ചിൽ. വൈകാതെ ചെന്നിത്തല നായർ ആഭ്യന്തരമന്ത്രിയായി. ആ സ്ഥാനലബ്ധി, ചെന്നിത്തലയ്ക്ക് സമ്മാനിച്ചത് നായർനേതാവ് എന്ന പരിവേഷം മാത്രമായിരുന്നു. അതിനപ്പുറത്തേക്ക് പൊതുസമൂഹത്തിന്റെയാകെ സമ്മതിയുള്ള നേതൃപരിവേഷത്തിലേക്കുയരാൻ മന്ത്രിയായിട്ടും എന്തുകൊണ്ടോ അദ്ദേഹത്തിന് സാധിച്ചില്ല. പട്ടികജാതി കോളനി സന്ദർശനത്തിലൂടെയും മറ്റും ശ്രമം നടത്തിയിട്ടും ഫലമുണ്ടായില്ല.
ഇന്നിപ്പോൾ മീശ സൃഷ്ടിച്ച വഴിത്തിരിവിൽ എൻ.എസ്.എസ് നേതൃത്വത്തിന് രമേശ് അത്ര പഥ്യമല്ല. ഉമ്മൻ ചാണ്ടിക്കാണവിടെ സ്ഥാനം. മറ്റ് സാമുദായിക നേതൃത്വങ്ങളിലേക്ക് കടന്നുകയറാനാകട്ടെ, 'താക്കോൽസ്ഥാന' പരിചയക്കുറവ് വിലങ്ങുതടിയാണ്.
ശബരിമല വിവാദത്തിൽ എൻ.എസ്.എസ് പ്രതികരണങ്ങളെ ഏറ്റുപറയുന്ന നേതാവ് മാത്രമായി രമേശ് പിന്നെയും മുദ്രകുത്തപ്പെട്ടു. സി.പി.എം നേതൃത്വം അദ്ദേഹത്തെ കുത്തിനോവിച്ചു കൊണ്ടിരുന്നു. ശബരിമല വിവാദകാലത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടിയ സ്ഥൈര്യവും ഉയർന്ന ചിന്തകളും പുരോഗമനമനസുകളെ ആഹ്ലാദം കൊള്ളിച്ചതു തന്നെയായിരുന്നു.
പിണറായിസർക്കാർ അധികാരമേൽക്കുമ്പോൾ, അതുവരെയുണ്ടായിരുന്ന വലതുപക്ഷസർക്കാരിന്റെ മൂല്യച്യുതികളായിരുന്നു കേരളം ചർച്ച ചെയ്തിരുന്നത്. പിണറായിയുടെ കരുത്തും സ്ഥൈര്യവും സി.പി.എമ്മിന്റെ സംഘടനാശേഷിയും ഇടതുഭരണത്തിന് മുതൽക്കൂട്ടായി. കേവലമായ നായർ പരിവേഷത്തിനകത്ത് മാത്രം പലരും നോക്കിക്കണ്ട നേതാവും മുഖ്യനായകസ്ഥാനത്തെ അപരിചിതത്വവുമുള്ള രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായി എത്തിയപ്പോൾ പലരും നെറ്റിചുളിച്ചു. ഇടതുപക്ഷം ചോദ്യം ചെയ്യപ്പെടാനാളില്ലാത്ത ശക്തിയായിയെന്ന് പലരും വിലയിരുത്തി. ആദ്യ രണ്ടുവർഷം സർക്കാരിന്റെ അജയ്യത വിളിച്ചറിയിക്കുന്നതായിരുന്നു. ഇടതുപക്ഷത്തിളക്കം സർക്കാർ ഉയർത്തിപ്പിടിക്കാതെയുമിരുന്നില്ല. ബന്ധുനിയമന വിവാദമുയർന്നയുടനേ മന്ത്രി ഇ.പി. ജയരാജനെ ഒഴിവാക്കിയത് പ്രതിച്ഛായ ഇരട്ടിപ്പിച്ചതേയുള്ളൂ.
ബ്രൂവറി-ഡിസ്റ്റിലറി ഇടപാട് തുറന്നു കാട്ടപ്പെടുമ്പോഴാണ് ചെന്നിത്തലയിലെ പ്രതിപക്ഷനേതാവ് ഉണർന്നത്. ഇപ്പോൾ ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്ന ആഴക്കടൽ വിവാദത്തിൽ യു.ഡി.എഫ് പ്രതീക്ഷയുടെ പങ്കായമേന്തുമ്പോൾ അദ്ദേഹം അവഗണിക്കാനാവാത്ത ശക്തിയാണെന്ന് ചിന്തിക്കുന്നവരില്ലാതില്ല. പക്ഷേ സർവേഫലങ്ങൾ, മറ്റ് ചിലർ ഗപ്പടിച്ച് പോകുമോയെന്ന പ്രതീതിയുണർത്തുന്നു. രമേശിന്റെ ദുര്യോഗമാണോ!
ആരോപണങ്ങളുയർത്തുമ്പോൾ കാട്ടേണ്ട ഇച്ഛാശക്തി, ശരീര, മുഖ ഭാഷകളിൽ പലപ്പോഴും പ്രകടമാവാത്തതും നിരന്തരം വാർത്താസമ്മേളനം നടത്തി ബോറടിപ്പിക്കുന്നതും ഒഴിച്ചുനിറുത്തിയാൽ രമേശ് ചെന്നിത്തല ശരിക്കുമൊരു പ്രതിപക്ഷനേതാവ് തന്നെയായിരുന്നു, ആണ്!