
പൂവാർ: നെയ്യാറ്റിൻകര താലൂക്കിന്റെ കിഴക്കൻ മേഖലയാകെ വ്യാപിച്ചിരുന്ന ഇഷ്ടിക വ്യവസായം ഇന്ന് പ്രതിസന്ധിയിൽ. തിരുപുറം, ചെങ്കൽ, കരോട്, പാറശാല തുടങ്ങിയ വില്ലേജുകളിലെ പ്രധാന തൊഴിൽ മേഖല ഇഷ്ടിക വ്യവസായമായിരുന്നു. കൂടാതെ നെയ്യാറിന്റെ ഇരുകരകളിലുമായി മാവിളക്കടവ് മുതൽ മാമ്പഴക്കകര വരെ ഇഷ്ടിക ചൂളകൾ തലയുയർത്തി നിൽക്കുന്നത് കാണാമായിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്.
ഇന്ന് ഇഷ്ടിക ചൂളകളും കളങ്ങളും വിസ്മൃതിയിലാണ്. അവശേഷിക്കുന്നവയാകട്ടെ അതിജീവിക്കാൻ പെടാപ്പാട് പെടുകയാണ്.
തിരുപുറം ഗ്രാമപഞ്ചായത്തിലെ കാലുമുഖം ഭാഗത്ത് അവശേഷിക്കുന്ന നാലോളം ഇഷ്ടിക ചൂളകളുണ്ട്. ഉടമയും തൊഴിലാളിയും ഒന്നു ചേർന്ന് പണിയെടുക്കുന്ന കളങ്ങളാണവ.
നിർമ്മാണരംഗം പല ഘട്ടങ്ങളായി വേർതിരിച്ചിരിക്കുന്നു. മണ്ണ് കുഴച്ച് കല്ലുണ്ടാക്കുന്നത്, പാകത്തിന് ഉണക്കി അടുക്കുന്നത്, വേകിക്കാനായി ചൂളയിൽ അടുക്കുന്നത് എന്നിങ്ങനെയാണ്. ഇഷ്ടി കൊണ്ട് നിർമ്മിക്കുന്ന വീടുകൾക്ക് ഈട് കൂടുതലായതാണ് ഇതിന്റെ ഡിമാന്റ് വർദ്ധിപ്പിച്ചിരുന്നത്.
എന്നാൽ വില കുറഞ്ഞ തമിഴ്നാട് കല്ലുകളുടെ വരവോടെയാണ് ഇവിടത്തെ ഇഷ്ടിക വ്യവസായം പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ തുടങ്ങിയത്. വലിപ്പം കൂടിയ സിമന്റ് കല്ലുകളുടെ നിർമ്മാണം ശക്തി പ്രാപിച്ചതോടെ പിടിച്ചു നിൽക്കാൻ കഴിയാതെ പല യൂണിറ്റുകളും അടച്ചുപൂട്ടി.