d

തിരുവനന്തപുരം: നേമത്തിന് ഇക്കുറി വീറും വാശിയും ഏറും. ബി.ജെ.പിക്ക് അക്കൗണ്ട് തുറന്ന് നൽകിയത് നേമമാണ്. ആ അക്കൗണ്ട് ഇടത് വലത് മുന്നണികൾ ക്ളോസ് ചെയ്യുമാേ അതോ ബി.ജെ.പി നിലനിറുത്തുമോ എന്നതാണ് നേമത്തിന്റെ പ്രസക്തി. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും നിറം മങ്ങിപ്പോയ യു.ഡി.എഫ് ആകട്ടെ ഇത്തവണ ശക്തമായി തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്. യു.ഡി.എഫ് വോട്ട് കഴിഞ്ഞ തവണകളിൽ ചോർന്നത് തടയാൻ കഴിഞ്ഞാൽ അത് ഫലത്തിന്റെ ഗതിയെ മാറ്റിമറിക്കും. തിരുവനന്തപുരം നഗരസഭയിലെ 31മുതൽ 39വരെയും, 48-മുതൽ 58വരെയും 61മുതൽ68 വരെയും വാർഡുകൾ ഉൾപ്പെടുന്നതാണ് നേമം. പഴയ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിലെ കൂടുതൽ ഭാഗങ്ങളും പഴയ നേമം മണ്ഡലത്തിലെ ചില പ്രദേശങ്ങളും കൂട്ടിച്ചേർത്താണ് 2009ൽ നേമം മണ്ഡലം പുനർനിർണയിച്ചത്.

നായർ സമുദായത്തിന് മുൻതൂക്കമുള്ള മണ്ഡലത്തിൽ ക്രൈസ്തവ, മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ നിർണായകം. സി.പി.എമ്മിന്റെ ഏറ്റവും പ്രസ്റ്റീജ് മത്സരമായി ഇവിടം മാറും.

ലീഡറും മിന്നി

നേമം ശ്രദ്ധയായത് 1982 ലെ തിരഞ്ഞടുപ്പിൽ. കെ. കരുണാകരൻ മാളയ്‌ക്കൊപ്പം നേമത്തും മത്സരത്തിനിറങ്ങിയത് ചരിത്രം. സി.പി.എമ്മിലെ പി. ഫക്കീർഖാനെ കരുണാകരൻ തോൽപ്പിച്ചു. മാളയിലും നേമത്തും വിജയിച്ച കരുണാകരൻ നേമം രാജിവച്ചു. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണു പോയി. സി.പി.എമ്മിലെ വി.ജെ. തങ്കപ്പൻ 8289 വോട്ടുകൾക്ക് ജയിച്ചു. 1987-ൽ 20755 വോട്ടുകൾക്കും 1991 ൽ 6835 വോട്ടുകൾക്കും വി.ജെ. തങ്കപ്പൻ മണ്ഡലം നിലനിറുത്തി. 1996-ൽ സി.പി.എമ്മിലെ വെങ്ങാന്നൂർ ഭാസ്‌കരൻ കോൺഗ്രസിലെ കെ. മോഹൻകുമാറിനെ താേൽപ്പിച്ചു. 2001-ൽ വെങ്ങാന്നൂർ ഭാസ്‌കരനെ യു.ഡി.എഫിലെ എൻ. ശക്തൻ തറപറ്റിച്ചു. 2006ലും ശക്തൻ ശക്തനായി.

പുനർ നിർണയത്തിന് ശേഷം 2011-ൽ ഇടതുമുന്നണിയിലെ വി. ശിവൻകുട്ടി 6415 വോട്ടുകൾക്ക് വിജയിച്ചു. ശിവൻകുട്ടി 50076 വോട്ടുകൾ നേടിയപ്പോൾ രണ്ടാമതെത്തിയ ഒ. രാജഗോപാൽ 43661 വോട്ട് നേടി. യു.ഡി.എഫ് സ്ഥാനാർത്ഥി ജനതാദളിലെ ചാരുപാറ രവി 20248 വോട്ടുകളോടെ മൂന്നാം സ്ഥാനത്തായി. 2016 ൽ രാജഗോപാൽ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വി. ശിവൻകുട്ടിയെ തോൽപ്പിച്ച് ബി.ജെ.പിയുടെ അക്കൗണ്ട് തുറന്നത് മറ്റൊരു ചരിത്രം. യു.ഡി.എഫ് സ്ഥാനാർത്ഥി വി. സുരേന്ദ്രൻ പിള്ള 13860 വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പോയി.

സാദ്ധ്യത

ഒ.രാജഗോപാൽ ഇക്കുറി മത്സരത്തിനില്ലെന്ന് ഉറപ്പായി.മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മത്സരിക്കാൻ വലിയ താല്പര്യമില്ല.തിരുവനന്തപുരം ജില്ലക്കാരനെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കാനാണ് സാദ്ധ്യത.എൻ.ശക്തൻ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന സൂചനയുണ്ട്.വി.ശിവൻകുട്ടി തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകാനാണ് സാദ്ധ്യത. മറ്റുചില പേരുകളും ഉയരുന്നുണ്ട്.

2016ലെ വോട്ടുനില

ഒ. രാജഗോപാൽ (ബി.ജെ.പി) 67,813

വി. ശിവൻകുട്ടി (സി.പി.എം) 59,142

വി. സുരേന്ദ്രൻ പിള്ള (യു.ഡി.എഫ്) 13,860