d

തിരുവനന്തപുരം: പാറശാല പാറപോലെ ഉറച്ചതല്ല. അവിടെയും ചാടും ഇവിടെയും ചാടും.1957ൽ കോൺഗ്രസിലേക്ക് ചാടി. പിന്നെ തിരിഞ്ഞ് ചാടി. വീണ്ടും ചുവട് മാറ്റി ചാടി. ചാടിച്ചാടി നിന്നെങ്കിലും ഇമ്മിണിവലിയയടുപ്പം വലത്തോട്ട്. യു.ഡി.എഫ് 10 തവണ പാറശാലയുടെ മനസിൽ കൂടുകൂട്ടിയപ്പോൾ എൽ.ഡി.എഫ് 5 വട്ടം ആ കൂട്ടിലണഞ്ഞു. സിറ്റിംഗ് എം.എൽ.എ സി.കെ. ഹരീന്ദ്രൻ പാറശാലയുടെ സ്റ്റാറായി നിൽക്കുമ്പോൾ മറ്റൊരു സ്റ്റാറിനെ ഇറക്കി തിരിച്ചു പിടിക്കാൻ യു.ഡി.എഫ് ചാട്ടത്തിന്റെ നീളം അളക്കുകയാണ്. പുതിയൊരു ചാട്ടത്തിന് ബി.ജെ.പിയും ചുവടുവയ്ക്കുകയാണ്. വെളളറട, പാറശാല, കൊല്ലയിൽ, കുന്നത്തുകാൽ, ആര്യൻകോട്, അമ്പൂരി, കളളിക്കാട്, പെരുങ്കടവിള, ഒറ്റശേഖരമംഗലം എന്നീ പഞ്ചായത്തുകളുടെ മണ്ഡലം. പുനർനിർണയത്തിൽ മുഖം മാറിയപ്പോൾ സാമുദായിക സമവാക്യങ്ങളും ചാടി മറിഞ്ഞു. നാടാർ സമുദായത്തിനുണ്ടായിരുന്ന തൂക്കത്തിനൊപ്പം നായർ സമുദായങ്ങൾക്കും തൂക്കമായി.

മറിഞ്ഞും തിരിഞ്ഞും

1957ൽ കോൺഗ്രസിലെ എം. കുഞ്ഞുകൃഷ്ണൻനാടാർ 16742 വോട്ട് നേടി പാറശാലയിൽ കാലൂന്നിയപ്പോൾ എതിരാളി പി.എസ്.പിയിലെ കെ.കൃഷ്ണപിള്ളയ്ക്ക് കിട്ടിയത് 8338 വോട്ട്. 1960 ൽ കുഞ്ഞുകൃഷ്ണൻനാടാർ സ്വതന്ത്രനായി മത്സരിച്ച് സി.പി.എെലെ തങ്കയ്യനെ വീഴ്ത്തി. 1965 ൽ കോൺഗ്രസിലെ എൻ.ജി.മാലിയേൽ ഉലച്ചത് എസ്.എസ്.പിയിലെ എസ്. സുകുമാരൻ നായരെ. മാലിയേൽ 1967ലും അതാവർത്തിച്ചു. 1970 ൽ സി.പി.എമ്മിലെ എം.സത്യനേശനാണ് മണ്ഡലത്തിന്റെ സ്റ്റിയറിംഗ് ഇടത്തോട്ട് തിരിച്ചത്. എൻ. സുന്ദരൻനാടാരെ തട്ടിയിട്ടുകൊണ്ട് തുടക്കം കുറിച്ച എം. സത്യനേശൻ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കുഞ്ഞുകൃഷ്ണൻനാടാരോട് വീണുപോയി. 79 ൽ എം. സത്യനേശൻ എം.എസ്. നാടാരെ തോൽപ്പിച്ച് പകരം വീട്ടി. 1982ൽ കോൺഗ്രസ് എൻ. സുന്ദരൻനാടാരെ ഇറക്കിയപ്പോൾ സി.പി.എം വി.ജെ. തങ്കപ്പനെ തൊടുത്തു. 34503 വോട്ടു നേ‌ടിയ സുന്ദരൻനാടാർ 1987 ൽ സത്യനേശനോട് വീണു. 91ൽ എം.ആർ. രഘുചന്ദ്രബാലിനെ ഇറക്കി കോൺഗ്രസ് മണ്ഡലം തങ്ങളുടേതാക്കി. 96 ലും 2001 ലും സുന്ദരൻനാടാർ പാറശാലയുടെ സ്വന്തമായി. 2006-ൽ നാടാരെ സെൽവരാജ് തളച്ചു. 2011 ൽ കോൺഗ്രസിലെ എ.ടി. ജോർജും സി.പി.എമ്മിലെ ആനാവൂർ നാഗപ്പനും തമ്മിൽ നടന്നത് പോരാട്ടം. 505 വോട്ടിന് എ.ടി. ജോർജ് കോൺഗ്രസിലേക്ക് തിരിച്ചു. 2016-ൽ സി.കെ. ഹരീന്ദ്രൻ തിരിച്ചടിച്ച് ഇടതു താവളമാക്കി. കരമന ജയനായിരുന്നു ബി.ജെ.പി സ്ഥാനാർത്ഥി.

സാദ്ധ്യത

സി.കെ. ഹരീന്ദ്രൻ തന്നെയാകും എൽ.ഡി.എഫ് സ്ഥാനാർത്ഥി. യു.ഡി.എഫിൽ നിന്ന് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അൻസജിത റസൽ, ഡി.സി.സി അംഗം അഡ്വ. മഞ്ചവിളാകം ജയൻ എന്നീ പേരുകളാണ് ഉയരുന്നത്. ബി.ജെ.പി സ്ഥാനാർത്ഥിയായി കരമന ജയൻ തന്നെയാകും.

2016 ലെ വോട്ട് നില

സി.കെ.ഹരീന്ദ്രൻ (എൽ.ഡി.എഫ്) - 70156

എ.ടി.ജോർജ് (യു.ഡി.എഫ് ) 51,590

കരമന ജയൻ ( എൻ.ഡി.എ ) 33,028