ediorial-

കാർഷികരംഗത്ത് അനുയോജ്യമായ പാത കണ്ടെത്തിയാൽ നേട്ടങ്ങൾ കൊയ്യാനാകുമെന്നതിനു തെളിവാണ് പച്ചക്കറി ഉത്‌പാദനത്തിൽ സമീപകാലത്ത് സംസ്ഥാനം കൈവരിച്ച വിജയം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ട് കൃഷിയിൽ താത്‌പര്യമില്ലാത്തവരും മനസിരുത്തി വായിക്കേണ്ടതാണ്. കഴിഞ്ഞ ആറുവർഷത്തിനിടെ പച്ചക്കറി ഉത്‌പാദനത്തിൽ ഏതാണ്ട് പത്തുലക്ഷം ടണ്ണിന്റെ വർദ്ധന നേടിയെന്നാണ് കണക്ക്. 2015 - 16ൽ 46500 ഹെക്ടറിൽ ഒതുങ്ങിനിന്ന പച്ചക്കറി കൃഷി ഇപ്പോൾ ഒരുലക്ഷം ഹെക്ടറിനപ്പുറത്തേക്ക് കുതിച്ചുയർന്നിരിക്കുന്നു. ഉത്‌പാദനമാകട്ടെ 6.28 ലക്ഷം ടണ്ണിൽ നിന്ന് 16 ലക്ഷം ടണ്ണായിട്ടുണ്ട്. സംസ്ഥാനത്തിന് ഒരു വർഷം ഇരുപതുലക്ഷം ടൺ പച്ചക്കറിയാണ് ആവശ്യം. ആഞ്ഞൊന്നു ശ്രമിച്ചാൽ രണ്ടുമൂന്നു വർഷം കൊണ്ട് കേരളത്തിനു പച്ചക്കറി ഉത്‌പാദനത്തിൽ സ്വയംപര്യാപ്തമാകാൻ സാധിക്കും. പാടത്തും പറമ്പിലുമായി നടന്നുകൊണ്ടിരിക്കുന്ന ഈ നിശ്ശബ്ദ വിപ്ളവം സാധാരണക്കാരുടെ ശ്രദ്ധയിൽപ്പെട്ടു കാണണമെന്നില്ല. പച്ചക്കറി കൃഷിയിൽ സംസ്ഥാനത്തുടനീളം ദൃശ്യമായ ഉണർവ് പലരും അറിയാറുമില്ല. അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി വരവ് കുറയുമ്പോഴായിരുന്നു മുമ്പൊക്കെ പലരും കാര്യങ്ങൾ തിരക്കിയിരുന്നത്. നാട്ടിൽ വിളവ് സമൃദ്ധിമായതോടെ കൈയെത്തും ദൂരത്ത് ഒട്ടുമിക്ക പച്ചക്കറികളും ലഭിച്ചുതുടങ്ങിയെന്ന് മാത്രമല്ല വിലയും താങ്ങാവുന്ന നിലയിലായി.

ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഒരുകാലത്തും സംസ്ഥാനം സ്വയം പര്യാപ്തമാകാൻ പോകുന്നില്ലെന്നതു വസ്തുതയാണ്. നെൽവയലുകളുടെ വിസ്‌തൃതി ഒൻപതു ലക്ഷം ഹെക്ടറിൽ നിന്ന് രണ്ടുലക്ഷം ഹെക്ടറായി ചുരുങ്ങിയത് കഴിഞ്ഞ അരനൂറ്റാണ്ടു കൊണ്ടാണ്. ഈ രണ്ടുലക്ഷം ഹെക്ടറിൽ എത്ര സമൃദ്ധമായ വിളവുണ്ടായാലും ഒരുമാസത്തെ ആവശ്യത്തിനു മതിയാകില്ല. നിലവിലുള്ള നെൽകൃഷി പരിപോഷിപ്പിക്കാനും വിളവു കൂട്ടാനും സർക്കാർ ആവുന്ന പ്രോത്സാഹനമെല്ലാം നൽകുന്നുണ്ട്. എന്നാൽ കൃഷിച്ചെലവ് താങ്ങാനാവാത്ത തരത്തിൽ ഉയർന്നതും വിദഗ്ദ്ധ തൊഴിലാളികളുടെ കുറവും നെൽകൃഷിയിൽ നിന്ന് ജനങ്ങളെ കൂടുതൽ അകറ്റിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ നട്ടെല്ലെന്ന് പറയാവുന്ന നാണ്യവിളകളുടെ കാര്യത്തിലും സ്ഥിതി ഇപ്പോൾ അത്രയൊന്നും ആശാവഹമല്ല. വിലയിടിവ് ഉൾപ്പെടെ പ്രശ്നബാധിതമാണ് കാർഷിക മേഖലകളിൽ പലതും. ഇതിനിടയിലാണ് പച്ചക്കറി രംഗത്ത് നേടാൻ കഴിഞ്ഞ വൻകുതിപ്പ്. തമിഴ്‌‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും വൻതോതിൽ പച്ചക്കറി ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്ത് അവയിൽ പലതും നാട്ടിൽത്തന്നെ ലഭ്യമായിട്ടുണ്ട്. ഇവിടത്തെ കാലാവസ്ഥയ്ക്ക് പറ്റാത്ത ഇനങ്ങളുടെ കാര്യത്തിൽ മാത്രമേ വൻതോതിലുള്ള ഇറക്കുമതി വേണ്ടിവരുന്നുള്ളൂ. നാട്ടിൽ വിളവ് സമൃദ്ധമാകുമ്പോഴും എല്ലായിടത്തും എത്തിക്കാനുള്ള സ്ഥിരമായൊരു സംവിധാനമില്ലാത്തതാണ് പൊതുവേ പച്ചക്കറി വില ഉയർന്നുതന്നെ നിൽക്കാൻ കാരണം. പച്ചക്കറി - പഴവർഗങ്ങളുടെ കൃഷിക്കും സംഭരണത്തിനും വിതരണത്തിനും വേണ്ടി കോർപ്പറേഷൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും കർഷകർക്ക് ഉദ്ദേശിച്ച രീതിയിൽ അതിന്റെ ഗുണം ലഭിക്കുന്നുണ്ടെന്നു പറയാനാവില്ല. വിളവ് കൂടുമ്പോൾ ഭൂമിയോളം തന്നെ വിലയും താഴുന്ന ദുരന്തവും കർഷകരെ പിന്തുടരുകയാണ്. ഇതിന് മാറ്റമുണ്ടാകണമെങ്കിൽ സംഭരണവും വിതരണവും പതിന്മടങ്ങു കാര്യക്ഷമമാകണം. കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികൾ എത്രയും വേഗം ഉപഭോക്താക്കളിലെത്താനുള്ള സംവിധാനങ്ങൾ ശക്തിപ്പെടണം. ഇതോടൊപ്പം സംസ്ഥാനം കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറികളുടെ ഉത്‌പാദനം വർദ്ധിപ്പിക്കണം. അദ്ധ്വാനവും വേണ്ട രീതിയിലുള്ള പരിചരണവുമുണ്ടെങ്കിൽ ഏതിനം പച്ചക്കറിയും പഴങ്ങളും നമ്മുടെ മണ്ണിലും വിളയുമെന്ന് പലരും പരീക്ഷിച്ചു തെളിയിച്ചിട്ടുണ്ട്. തരിശായി കിടക്കുന്ന പഴയ നെൽവയലുകളിലും കരപ്രദേശങ്ങളിലും ഇപ്പോൾ പച്ചക്കറി കൃഷി ചെയ്തുതുടങ്ങിയിട്ടുണ്ട്. ഈ മേഖലയിൽ കാണുന്ന ഇപ്പോഴത്തെ അഭിവൃദ്ധിയുടെ കാരണവും അതാണ്. ഇനിയും പച്ചക്കറി കൃഷി കൂടുതൽ സ്ഥലത്തേക്കു വ്യാപിപ്പിക്കാൻ കഴിയും. അതിനാവശ്യമായ ധാരാളം ഭൂമി ചുറ്റിലുമുണ്ട്. വീട്ടകങ്ങളിൽ മൂന്നോ നാലോ ഇനം പച്ചക്കറികളെങ്കിലും കൃഷി ചെയ്യണമെന്ന ഒരു ബോധം ഇന്ന് പൊതുവേ ദൃശ്യമാണ്. അഭ്യസ്തവിദ്യരുൾപ്പെടെ പുതുതലമുറയിലും കൃഷിയോടു അഭിനിവേശമുള്ളവർ കൂടിവരുന്നത് നല്ല ലക്ഷണമാണ്. കാർഷിക രംഗത്തെ പല പുതുപരീക്ഷണങ്ങളിലും അവർ ഏർപ്പെടുന്നുമുണ്ട്. വലിയ കമ്പനികളിലെ ആകർഷകമായ ഉദ്യോഗം പോലും ഉപേക്ഷിച്ച് മണ്ണിലേക്കിറങ്ങുന്ന ചെറുപ്പക്കാർ യുവജനങ്ങൾക്കു മാത്രമല്ല നാടിനൊട്ടാകെ മാതൃകയാണ്. കുറഞ്ഞ സ്ഥലത്ത് പുത്തൻ കൃഷിരീതികൾ അവലംബിച്ചാൽ അത്ഭുതങ്ങൾ കാട്ടാമെന്ന് പലരും തെളിയിച്ചിട്ടുള്ളതാണ്. പരീക്ഷണങ്ങൾക്ക് അവസരമൊരുക്കാനും അതിനാവശ്യമായ സഹായങ്ങൾ നൽകാനും കൃഷിവകുപ്പ് തയ്യാറായാൽ ഇപ്പോഴത്തെക്കാൾ വലിയ നേട്ടങ്ങൾ പച്ചക്കറികൃഷി മേഖലയിൽ സൃഷ്ടിക്കാനാകും. യുവാക്കൾക്കിടയിലെ വർദ്ധിച്ച തൊഴിലില്ലായ്മയ്ക്കും ചെറിയ തോതിലെങ്കിലും പരിഹാരമാകും. പാലുത്‌പാദനത്തിൽ സ്വയംപര്യാപ്തത നേടാൻ ഇതിനകം സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. അതുപോലെ പച്ചക്കറിയുടെ കാര്യത്തിലും താമസിയാതെ നേട്ടം കൈവരിക്കാനാകും. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചില്ലറക്കാര്യമല്ലിത്.