pension

തിരുവനന്തപുരം: സെർവർ പണിമുടക്കിയതിനെത്തുടർന്ന് സംസ്ഥാനത്ത് ട്രഷറി സംവിധാനം താറുമാറായി. ഇതോടെ, പെൻഷൻ വാങ്ങാനെത്തിയ ആയിരങ്ങൾ വിഷമത്തോടെ മടങ്ങി.

സംസ്ഥാനത്തെ മുഴുവൻ ട്രഷറികളിലും ഇന്നലെ ഉച്ചയോടെയാണ് സെർവർ സംവിധാനം തകരാറിലായത്. സർവീസ്, കുടുംബ പെൻഷൻ വാങ്ങാൻ അറുന്നൂറിലധികം പേരാണ് ഓരോ ട്രഷറിയിലുമെത്തിയത്. രാവിലെ മുതൽ മെല്ലെ പ്രവർത്തിച്ചുകൊണ്ടിരുന്ന കമ്പ്യൂട്ടറുകൾ പന്ത്രണ്ട് മണിയോടെ പൂർണമായും നിലച്ചു. അതോടെ പെൻഷൻ വിതരണവും നിലച്ചു. ട്രഷറികളിൽ വൻതിരക്കായി. പെൻഷൻകാർ ബഹളം വയ്ക്കാൻ തുടങ്ങിയതോടെ, ജീവനക്കാർ ട്രഷറി അധികാരികളെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല.

പൂജ്യത്തിലും ഒന്നിലും അവസാനിക്കുന്ന നമ്പരുകളിലുള്ളവർക്കായിരുന്നു ഇന്നലെ പെൻഷൻ. കൊവിഡിന് മുമ്പ് ദിവസം രണ്ടായിരം പേർക്കാണ് പെൻഷൻ നൽകിയിരുന്നത്. കൊവിഡ്ക്കാലത്ത് നമ്പരു വച്ച് ക്രമപ്പെടുത്തുകയായിരുന്നു. അകലങ്ങളിൽ നിന്നും ബസ് കയറിയെത്തിയ വയോധികരാണ് ഏറെ വലഞ്ഞത്. ഇന്ന് വാഹന പണിമുടക്കായതിനാൽ പെൻഷൻകാർക്ക് എത്താനാവാത്ത അവസ്ഥയാണ്. രണ്ട് മാസമായി കമ്പ്യൂട്ടർ സംവിധാനം തകരാറിലാണെന്ന് കിഴക്കേകോട്ടയിലെ ട്രഷറി ജീവനക്കാർ പറയുന്നു.