കല്ലമ്പലം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ആൾക്ക് കൊവിഡ് പോസിറ്റീവാണെന്ന റിപ്പോർട്ടിനെ തുടർന്ന് മാനദണ്ഡങ്ങൾ പാലിച്ച് ശ്മശാനത്തിൽ സംസ്കരിച്ചു. സംസ്ക്കാര ചടങ്ങുകൾക്കുശേഷം ,ഫലം നെഗറ്റീവാണെന്ന് ലഭിച്ച റിപ്പോർട്ട് ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.അധികൃതർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കളക്ടർക്കും ആരോഗ്യവകുപ്പിനും പരാതി നൽകി.
മണമ്പൂർ നീറുവിള കടയിൽവീട്ടിൽ സോണി (42) ആണ് മരിച്ചത്.സ്വകാര്യ മേഖലയിൽ ഡ്രൈവറായിരുന്നു . കഴിഞ്ഞ 8 നാണ് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് സോണി പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് 17 ന് നെഗറ്റീവാകുകയും വീട്ടിൽ എത്തുകയും ചെയ്തു. 22 ന് ശ്വാസ തടസ്സം അനുഭവപ്പെട്ടതോടെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 ന് മരിച്ചു. മരിക്കുമ്പോൾ ആശുപത്രി അധികൃതർ കൊവിഡ് പോസിറ്റീവാണെന്ന റിപ്പോർട്ട് നൽകിയിരുന്നു. കൊവിഡ് മാനദണ്ഡ പ്രകാരം സംസ്ക്കരിക്കണമെന്ന നിർദ്ദേശം മണമ്പൂർ പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിക്കുകയും ചെയ്തു. തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിക്കാൻ തീരുമാനിച്ചെങ്കിലും അസൗകര്യം ഉള്ളതിനാൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ശ്മശാനത്തിലാണ് സംസ്കരിച്ചത്. ചടങ്ങുകൾക്ക് പിന്നാലെ കൊവിഡ് നെഗറ്റീവാണെന്ന സന്ദേശവും ബന്ധുവിന് ആശുപത്രിയിൽ നിന്ന് ലഭിക്കുകയായിരുന്നു. അടുത്ത ബന്ധുക്കൾക്കും പോലും ഒരുനോക്ക് കാണുവാനോ ചടങ്ങുകൾ നടത്താനോ വീട്ടുവളപ്പിൽ സംസ്കരിക്കാനോ കഴിയാത്തത്തിലുള്ള നൊമ്പരം പ്രതിഷേധമായി .
ഫോട്ടോ: സോണി