
കോവളം: സ്വകാര്യ റിസോർട്ടിലെ ജീവനക്കാരായ യുവതികൾക്കൊപ്പം ഇന്നലെ പുലർച്ചെ വിഴിഞ്ഞം ആഴിമലയിലെത്തിയ യുവാക്കൾ
കടലിൽ വീണ് മരിച്ചു. പേയാട് കാട്ടുവിള സ്‌കൈലൈന്റോഡ് ഹിൽവ്യൂഗാർഡനിൽ റിട്ട. സെയിൽസ് ടാക്സ് ഓഫീസർ പദ്മകുമാറിന്റെയും റിട്ട. അദ്ധ്യാപിക ഗിരിജദേവിയുടെയും മകൻ പ്രശാന്ത് പി. കുമാർ (29), ബാലരാമപുരം രാമപുരം നവരാഗിൽ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ ചന്ദ്രഹാസന്റെയും റീജയുടെയും മകൻ അശ്വിൻതേജി (29) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കടലിൽ വീണ യുവതി പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വെളുപ്പിന് 6 നാണ് അപകടം. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ
കോവളത്തെ സ്വാകര്യ റിസോർട്ടിലെ ജീവനക്കാരും അരുണാചൽ പ്രദേശ് സ്വദേശിനികളുമായ രണ്ട് യുവതികൾക്കൊപ്പമാണ് യുവാക്കൾ കാറിൽ ആഴിമലയിലെത്തിയത്. ആഴിമല ക്ഷേത്രത്തിന് സമീപം വാഹനം പാർക്ക് ചെയ്ത് ശേഷം ഇവർ ബീച്ചിലെ പാറക്കെട്ടിൽ മണിക്കൂറുകളോളം ചെലവഴിച്ചു. രാവിലെ 6 മണിയോടെ ശക്തമായ തിരിയിൽപ്പെട്ട് പ്രശാന്തും ഒരു യുവതിയും കടലിലേക്ക് വീണു. തുടർന്ന് യുവതിയെ അശ്വിനും രണ്ടാമത്തെ യുവതിയും ചേർന്ന് വലിച്ച് കരയ്ക്ക് കയറ്റി. തുടർന്ന് തിരയിൽ അകപ്പെട്ടുപോയ പ്രശാന്തിനെ രക്ഷിക്കാനായി അശ്വിൻ കടലിലേക്ക് ചാടുകയായിരുന്നെന്ന് യുവതികൾ മൊഴി നൽകി. യുവതികളുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരും മത്സ്യതൊഴിലാളികളും തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്‌മെന്റും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് രാവിലെ 9 ഓടെ പ്രശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാറക്കെട്ടിൽ കുടുങ്ങിയ നിലയിൽഅശ്വിന്റെ മൃതദേഹം കിട്ടിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇന്ന് വിട്ടുകൊടുക്കും. ഇരുവരും അവിവാഹിതരാണ്. സ്വകാര്യ ടി.വിചാനലിലെ ജീവനക്കാരനാണ് പ്രശാന്ത്. വൈശാഖ്, ശരത് എന്നിവർ സഹോദരങ്ങളാണ്. ബംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ് അശ്വിൻ. അനുരാഗ് ഏക സഹോദരനാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി വിഴിഞ്ഞം സി.ഐ രമേഷ് പറഞ്ഞു.