ആറ്റിങ്ങൽ: ലാന്റ് റവന്യൂ കമ്മിഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്റായ അഞ്ചുതെങ്ങ് കായിക്കര സ്വദേശി ആനി ആത്മഹത്യചെയ്‌ത സംഭവത്തിൽ സഹപ്രവർത്തകരുടെ മൊഴിയെടുക്കാൻ പൊലീസ് നീക്കം തുടങ്ങി. ഇന്ന് പണിമുടക്കായതിനാൽ നാളെ മൊഴിയെടുക്കാനാണ് തീരുമാനം. കേസ് അന്വേഷിക്കുന്ന അഞ്ചുതെങ്ങ് സി.ഐ ഓഫീസിലേക്ക് ജീവനക്കാരെ വിളിച്ചുവരുത്താതെ അന്വേഷണ സംഘം നഗരത്തിലെത്താനാണ് സാദ്ധ്യത. തന്റെ മരണത്തിന് കാരണം സഹപ്രവർത്തകരുടെ മാനസിക പീഡനമാണെന്ന് വ്യക്തമാക്കുന്ന കുറിപ്പെഴുതിയ ഡയറി ആനിയുടെ മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെത്തിയിരുന്നു. ഇതിൽ അഞ്ചുപേരുടെ പേര് പരാമർശിക്കുന്നുണ്ട്. സഹപ്രവർത്തകരാണ് ആനിയുടെ ആത്മഹത്യയ്‌ക്ക് പിന്നിലെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയ സാഹചര്യത്തിൽ ജീവനക്കാരുടെ മൊഴി നിർണായകമാണ്. ആനിയുടെ വീട് സ്ഥലം എം.എൽ.എ കൂടിയായ ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി ഇന്നലെ സന്ദർശിച്ചു. കേസിൽ സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ബന്ധുക്കൾക്ക് ഉറപ്പുനൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, എസ്. പ്രവീൺചന്ദ്ര, എസ്. സുരേന്ദ്രൻ, എൽ. സ്‌കന്ദകുമാർ, ശ്യാമ പ്രകാശ് എന്നിവരും ഡെപ്യൂട്ടി സ്‌പീക്കർക്കൊപ്പമുണ്ടായിരുന്നു. ശനിയാഴ്ച രാവിലെയാണ് കായിക്കര വി.പി. നിവാസിൽ ആനിയെ (48) കിടപ്പുമുറിയിലെ ജനാലക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.