general

ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരം റിലയൻസ് പെട്രോൾ പമ്പിന് സമീപം കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് റോഡ് റോളറിലിടിച്ച് 19 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്‌ക്ക് 1.30ഓടെയാണ് സംഭവം. പാപ്പനംകോട് ഡിപ്പോയിലെ തിരുവനന്തപുരം - കളിയിക്കാവിള ബസാണ് അപകടത്തിൽപ്പെട്ടത്. ഇരുവാഹനങ്ങളും തിരുവനന്തപുരം ഭാഗത്ത് നിന്നും നെയ്യാറ്റിൻകരയിലേക്ക് ഒരേ ദിശയിൽ പോവുകയായിരുന്നു. സമീപത്തെ ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന കാർ പിന്നോട്ട് എടുത്തപ്പോൾ അമിതവേഗതയിൽ വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണംവിട്ട് റോഡ് റോളറിന്റെ സൈഡിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലെ ടാർ വിണ്ടുകീറി റോഡ് റോളർ മറിഞ്ഞു. അപകടത്തിൽ ഡിവൈഡറും തകർന്നു. റോഡ് റോളറിൽ നിന്നും തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ യു.എൽ.സി.എസ് കരാർ കമ്പനിയുടെ ജീവനക്കാരൻ ബിബിൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബസ് യാത്രക്കാരായ അർച്ചന (32,​ ബാലരാമപുരം )​,​ റിയ (19)​,​ നവിത (19,​ വർക്കല)​,​ വിബിൻ (38,​ നെയ്യാറ്റിൻകര)​,​ എബിൻസർ (23,​ നെയ്യാറ്റിൻകര)​,​ അൽത്താഫ് (26,​ കന്യാകുമാരി )​,​ ആതിര (19)​,​ പാർവതി (47)​,​ ജയശങ്കർ (42 പരശുവയ്ക്കൽ)​,​ ശ്രുതി (19 കാലടി)​ എന്നിവർ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും തമിഴ്നാട് സ്വദേശികളായ ജയകുമാർ (58)​,​ ലോറ (20)​,​ ജോയൽ (24)​,​ പത്തനംതിട്ട സ്വദേശികളായ റോഷൻ (24)​,​ ടിനു തോമസ് (21)​,​ പട്ടം എൽ.ഐ.സി ഓഫീസിന് സമീപം ബിബിൻ (40)​,​ മഞ്ചവിളാകം സ്വദേശി വിനോദ് (38), കിള്ളിപ്പാലം അട്ടക്കുളങ്ങര സ്വദേശികളായ പ്രീയങ്ക (25)​,​ ശ്രീനിവാസൻ (33)​ എന്നിവർ ആറാലുംമൂട് നിംസ് ആശുപത്രിയിലും ചികിത്സ തേടി. ഫയർഫോഴ്സ്,​ ബാലരാമപുരം പൊലീസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ വൈകി

അപകടം നടന്ന് അരമണിക്കൂറോളം വൈകിയാണ് പരിക്കേറ്റവരെ വിവിധ ആശുപത്രിയിലാക്കിയത്. 108 ആംബുലൻസിലും മറ്റ് സ്വകാര്യ ആംബുലൻസിലുമാണ് നെയ്യാറ്റിൻകര ജില്ലാ ആശുപത്രി,​ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് പരിക്കേറ്റവരെ മാറ്റിയത്. പൊലീസ് സ്ഥലത്തെത്താൻ വൈകിയെന്ന് അപകടത്തിൽ പരിക്കേറ്റ പ്രീയങ്കയുടെ പിതാവ് മോഹനൻ പറഞ്ഞു. മകൾ ഫോൺ വിളിച്ചറിയിച്ചതിനെതുടർന്ന് അട്ടക്കുളങ്ങരയിലെ വീട്ടിൽ നിന്നും അപകടസ്ഥത്തെത്തിയ ശേഷമാണ് മകനെയും മരുമകളെയും ആശുപത്രിയിലെത്തിച്ചത്. റോഡിനു നടുവിൽ ഇരുവാഹനവും അകപ്പെട്ടതോടെ വാഹനഗതാഗതവും തടസപ്പെട്ടു. മിനിലോറിയിൽ കയർകെട്ടി ബസിനെ മാറ്റാൻ ശ്രമിച്ചെങ്കിലും കയർപൊട്ടിയതിനാൽ നടന്നില്ല. ബസിലെ എയർപമ്പിൽ തുണികെട്ടിവച്ചിരുന്നതും അപകടത്തിനിടയാക്കിയെന്ന് ആക്ഷേപമുയർന്നു.