
തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ ഇന്ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകൾക്ക് മാറ്റമില്ലെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാ ട്രെയിനികളും നിശ്ചിത സമയത്ത് അവർക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിൽ ഹാജരാകണം.
ഹോർട്ടികൾച്ചർ മിഷനിലെ ഇന്റർവ്യൂ മാറ്റിവച്ചു
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ മുഖേന നടപ്പിലാക്കുന്ന സംയോജിത ഹോർട്ടികൾച്ചർ വികസന പദ്ധതിയിലെ ഫീൽഡ് കൺസൾട്ടന്റ്/ ഫീൽഡ് അസിസ്റ്റന്റ് പ്രോജക്ട് തസ്തികകളിലേക്ക് ഇന്നും നാളെയും (2,3) നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ മാറ്റിവച്ചതായി ഡയറക്ടർ അറിയിച്ചു.
കോൺടാക്ട് സെന്റർ സേവനം ഒൻപത് വരെയില്ല
തിരുവനന്തപുരം: സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ കോൺടാക്ട് സെന്റർ പുതിയ ആസ്ഥാന മന്ദിരത്തിലേക്ക് മാറ്റുന്നതിനാൽ ഇന്ന് മുതൽ ഒൻപത് വരെ കോൺടാക്ട് സെന്റർ സേവനങ്ങൾ ലഭിക്കില്ല.
വാക്ക് ഇൻ ഇന്റർവ്യൂ മാറ്റി
വനിതാ ശിശുവികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മഹിള സമഖ്യ മുഖേന കാസർകോട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഹോമിലേക്ക് നാലിന് നടത്താൻ നിശ്ചയിച്ചിരുന്ന വാക്ക് ഇൻ ഇന്റർവ്യു തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ മാറ്റിവച്ചു.
യു.എസ്.ഐ.ഇ.എഫ്
ഫുൾ ബ്രൈറ്റ്
ഫെലോഷിപ്പ്
ചെന്നൈ: യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷൻ (യു.എസ്.ഐ.ഇ.എഫ്) 2022- 23 വർഷത്തിലേക്കുള്ള നെഹ്രു ഫെലോഷിപ്പുകൾ ഉൾപ്പെടെ ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ വിദ്യാർത്ഥികൾ, ഗവേഷകർ, അദ്ധ്യാപകർ, കലാകാരന്മാർ, വിഭിന്ന മേഖലകളിലെ പ്രൊഫഷണലുകൾ എന്നിവർക്ക് അപേക്ഷിക്കാം. ആർട്സ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമറ്റിക്സ് എന്നീ മേഖലകളിലാണ് ഫെലോഷിപ്പുകൾ. കൂടുതൽ വിവരങ്ങൾ ip@usief.org.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
സ്കോളർഷിപ്പിന് എട്ട് വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ചാർട്ടേർഡ് അക്കൗണ്ട്സ്/ കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ട്സ്(കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ട്സ്)/കമ്പനി സെക്രട്ടറിഷിപ്പ് കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിന് പുതുക്കിയ മാനദണ്ഡ പ്രകാരം (പ്ലസ് ടു വിദ്യാർത്ഥികളെ കൂടി അർഹരാക്കി) സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളള അവസാന വർഷ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. പ്ലസ്ടുവിന് 60 ശതമാനം മാർക്ക് നേടിയവരിൽ നിന്ന് വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ബി.പി.എൽ വിഭാഗക്കാർ റേഷൻ കാർഡിന്റെ പകർപ്പ് നൽകണം. 30 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. മുൻ വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ട. 15,000 രൂപയാണ് സ്കോളർഷിപ്പ് തുക. അപേക്ഷകർക്ക് ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് വേണം. www.minoritywelfare.kerala.gov.in ൽ ഓൺലൈനായി എട്ട് വരെ അപേക്ഷിക്കാം. ഫോൺ: 0471-2300524.
ഭിന്നശേഷിക്കാർ രേഖകൾ ഹാജരാക്കണം
തിരുവനന്തപുരം: 2004 ജനുവരി ഒന്ന് മുതൽ 2010 ഡിസംബർ 31 വരെ ആറ്റിങ്ങൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താത്കാലിക നിയമനം ലഭിച്ച ഭിന്നശേഷിക്കാർ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിന്റെയും ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെയും പകർപ്പ് സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മാർച്ച് 15നു മുൻപ് ഹാജരാകണം. നേരിട്ട് ഹാജരാകാൻ കഴിയാത്തവർ teeatg.emp.lbr.kerala.gov.in മെയിൽ ഐഡിയിലേക്ക് രജിസ്ട്രേഷൻ കാർഡിന്റെയും ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെയും പകർപ്പ് അയക്കണമെന്നും എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.