തിരുവനന്തപുരം : പെരുമാറ്റചട്ടം നിലവിലുള്ള സാഹചര്യത്തിൽ വരവ് ചെലവ് കണക്കുകൾ മാത്രം അവതരിപ്പിച്ച് കോർപ്പറേഷൻ ബഡ്‌ജറ്റ് പാസാക്കി. ബി.ജെ.പി അംഗങ്ങളുടെ എതിർപ്പിനിടെയാണ് 130.77 കോടി നീക്കിബാക്കിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അരമണിക്കൂറിനുള്ളിൽ പാസാക്കിയത്.
പൊതു ചർച്ചയും വകുപ്പ് തിരിച്ചുള്ള ചർച്ചയും ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇന്നലെ രാവിലെ സർവകക്ഷി യോഗം വിളിച്ചിരുന്നു. ഭരണസമിതിയുടെ നിർദ്ദേശത്തോട് യു.ഡി.എഫ് അംഗങ്ങൾ യോജിച്ചെങ്കിലും കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നാരോപിച്ച് ബി.ജെ.പി അംഗങ്ങൾ രംഗത്തെത്തി. കൗൺസിൽ യോഗത്തിലും ബി.ജെ.പി കണക്ക് ചോദ്യം ചെയ്തു. അതിനിടെ നഗരത്തിൽ ബി.ജെ.പി സ്ഥാപിച്ച പരസ്യബോർഡുകൾ ഏകപക്ഷീയമായി നീക്കം ചെയ്തുവെന്നാരോപിച്ച് അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ചു. ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ ബഡ്‌ജറ്റ് പാസായതായി മേയർ അറിയിച്ചു.