
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കളത്തിലിറങ്ങാൻ സമയം അധികമില്ലെന്നിരിക്കെ, ഉഭയകക്ഷി, സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് വേഗം കൂട്ടി മുന്നണികൾ. എൽ.ഡി.എഫിലും യു.ഡി.എഫിലും ചർച്ചകൾ ഇനിയും കരയ്ക്കണഞ്ഞിട്ടില്ല.സീറ്റ്, സ്ഥാനാർത്ഥി ചർച്ചകൾ സമാന്തരമായി പൂർത്തിയാക്കി സ്ഥാനാർത്ഥികളെ ഒരുമിച്ച് 10ന് പ്രഖ്യാപിക്കാനാണ് ഇടതുമുന്നണി നീക്കം. യു.ഡി.എഫിലും പത്തോടെയെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ വാദം. കേരള കോൺഗ്രസ്- ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജനമാണ് കീറാമുട്ടി. എൻ.ഡി.എയിൽ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് നാളെ തുടക്കമാകും. ബി.ഡി.ജെ.എസിനു പുറമെ രണ്ട് കേരള കോൺഗ്രസ് ഗ്രൂപ്പുകളടക്കം മുന്നണിയിലുണ്ട്.
വിട്ടുവീഴ്ചകൾ തേടി സി.പി.എം
സി.പി.ഐയുമായും കേരള കോൺഗ്രസ്- എം ഒഴികെയുള്ള കക്ഷികളുമായും സി.പി.എം നേതൃത്വം ഇന്നലെ വീണ്ടും നടത്തിയ ഉഭയകക്ഷി ചർച്ചകളിൽ, വിട്ടുവീഴ്ച വേണ്ടിവരുമെന്ന് ആവർത്തിച്ചു. കാഞ്ഞിരപ്പള്ളിക്കു പകരം കോട്ടയം ജില്ലയിലും, ഇരിക്കൂറിനു പകരം കണ്ണൂർ ജില്ലയിലും മണ്ഡലങ്ങൾ വേണമെന്ന ആവശ്യം സി.പി.ഐ ഉന്നയിച്ചിട്ടുണ്ട്. പകരം, മലപ്പുറത്ത് രണ്ടു സീറ്റുകൾ വിട്ടുനൽകാനുള്ള സന്നദ്ധതയും അറിയിച്ചതായാണ് സൂചന.ജനതാദൾ-എസിനും, ലോക് താന്ത്രിക് ജനതാദളിനും നാലു വീതം സീറ്റ് നൽകാമെന്ന് സി.പി.എം അറിയിച്ചു. ജെ.ഡി.എസ് കഴിഞ്ഞ തവണത്തെ അഞ്ചിനു വേണ്ടി ശക്തമായി വാദിച്ചു. എൽ.ജെ.ഡി ഏഴു സീറ്റാണ് ചോദിച്ചത്. സി.കെ. നാണുവിന്റെ സിറ്റിംഗ് സീറ്റായ വടകര വിട്ടുനൽകേണ്ടി വരുന്നതാണ് ജെ.ഡി.എസിനെ വിഷമിപ്പിക്കുന്നത്. കഴിഞ്ഞ തവണ നാലിടത്ത് മത്സരിച്ച ജനാധിപത്യ കേരള കോൺഗ്രസ്, ഇടുക്കി ഒഴിവാക്കി മൂന്നു സീറ്റിനായി വാദിച്ചു. ഒന്നിലൊതുങ്ങാൻ സി.പി.എം ആവശ്യപ്പെട്ടു.കഴിഞ്ഞ തവണത്തെ നാലു സീറ്റിനായി വാദിച്ച എൻ.സി.പിയോടും ഐ.എൻ.എല്ലിനോടും മൂന്നു വീതം സീറ്റിലൊതുങ്ങാനും പറഞ്ഞു. കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കാസർകോട് സീറ്റുകൾ ഐ.എൻ.എല്ലിന് നൽകിയേക്കും. കേരള കോൺഗ്രസ്-എമ്മുമായി ഇന്ന് ചർച്ച നടന്നേക്കും. കേരള കോൺഗ്രസ്- ബിക്ക് സിറ്റിംഗ് സീറ്റായ പത്തനാപുരം നൽകും. കേരള കോൺഗ്രസ്- സ്കറിയാ തോമസ്, കോൺഗ്രസ്- എസ് കക്ഷികളുടെ കാര്യത്തിൽ സി.പി.എം നേതൃത്വത്തിന്റേതാകും അന്തിമ തീരുമാനം. സി.പി.എം സ്ഥാനാർത്ഥി സാദ്ധ്യതാ പാനലുകൾക്കായി ജില്ലാകമ്മിറ്റി യോഗങ്ങൾ ആരംഭിച്ചിട്ടുണ്ട്. അഞ്ചിനു ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യും.
ജോസഫിനെ മെരുക്കാൻ കോൺഗ്രസ്
സീറ്റുകളുടെ എണ്ണത്തിനു പുറമെ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ വിട്ടുനൽകുന്ന സീറ്റുകളെച്ചൊല്ലിയും യു.ഡി.എഫിൽ കേരള കോൺഗ്രസ്- ജോസഫ് വിഭാഗം തർക്കിച്ചു നിൽക്കുന്നു. ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കടുത്തുരുത്തി മണ്ഡലങ്ങൾക്കായാണ് അവകാശവാദം. കൊവിഡിനെ തുടർന്ന് ആശുപത്രിയിലുള്ള പി.ജെ. ജോസഫില്ലെങ്കിലും മറ്റു നേതാക്കളുമായി ഇന്നും ചർച്ച തുടരും. മുസ്ലിം ലീഗുമായി ഏറക്കുറെ ധാരണയിലെത്തി. മൂന്നു ചോദിച്ചു നിൽക്കുന്ന മാണി സി.കാപ്പന്റെ നാഷണലിസ്റ്റ് കോൺഗ്രസ് കേരളയുടെ കാര്യത്തിലും തീരുമാനമാകാനുണ്ട്.
അതിനിടെ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡമടക്കം തീരുമാനിക്കാൻ ഇന്ന് പ്രചാരണസമിതി യോഗം ചേരും. തൂത്തുക്കുടിയിൽ നിന്ന് മടങ്ങവേ ഇന്നലെ തലസ്ഥാനത്തെത്തിയ രാഹുൽഗാന്ധിയുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും രണ്ടുമണിക്കൂറോളം ചർച്ച നടത്തി. സാദ്ധ്യതാപട്ടികയിൽ പരിഗണിക്കേണ്ട ചില പേരുകൾ രാഹുലിനു മുന്നിൽ വച്ചതായാണ് സൂചന.