v

കുളത്തൂർ: നഗരത്തിന്റെ ഹൃദയഭാഗത്ത് കായലും കടലും ചേർന്നൊരുക്കുന്ന പ്രകൃതി സൗന്ദര്യം ആവോളം നുകരാൻ വേളി ടൂറിസ്റ്റ് വില്ലേജിൽ സഞ്ചാരികളുടെ തിരക്ക്. മൂന്നുവർഷം മുമ്പ് തുടങ്ങിവച്ച പദ്ധതികളിൽ പലതും നിർമ്മാണം പൂർത്തിയാക്കി സന്ദർശകർക്കായി തുറന്നുനൽകി. കുറഞ്ഞ ചെലവിൽ കായൽപരപ്പിലെ ബോട്ടിംഗ് ആഗ്രഹിച്ചെത്തുന്നവർക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കടൽത്തീരത്തോട് ചേർന്ന് പുതുതായി ആരംഭിച്ച അഡ്വെഞ്ചർ പാർക്കിന്റെ ആധുനിക വത്കരണവും പൂർത്തിയായി. അംഫി തിയേറ്റർ, നടപ്പാത, ലാന്റ് സ്‌കേപ്പിംഗ്, അലങ്കാരവിളക്കുകൾ തുടങ്ങി 5 കോടി ചെലവിട്ട് പൂർത്തികരിച്ച വേളി അർബൻ പാർക്കിന്റെയും 2.47 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ സിമ്മിംഗ് പൂളിന്റെയും അനുബന്ധ പാർക്കും സഞ്ചാരികൾക്കായി തുറന്നുനൽകി.

നവ്യാനുഭവമായി മിനിയേച്ചർ ട്രെയിൻ

----------------------------------------------------------------

സോളാർ മിനി ട്രെയിൻ സർവീസാണ് ടൂറിസ്റ്റ് വില്ലേജിന്റെ പ്രധാന ആകർഷണം. രണ്ടര കിലോമീറ്റർ ദൂരത്തിൽ പായുന്ന മിനിയേച്ചർ ട്രെയിനിന് 9 കോടി രൂപയാണ് ചെലവ്. ഒരേ സമയം 50 പേർക്ക് സഞ്ചരിക്കാനാകുന്ന ട്രെയിൻ സോളാർ വൈദ്യുതിയിൽ ചാർജ് ചെയ്യുന്ന ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. ഇടയ്ക്ക് ട്രെയിൻ പണിമുടക്കിയെങ്കിലും തകരാർ തീർത്ത് വീണ്ടും പ്രവർത്തനം തുടങ്ങി

മുഖം മാറിയ വേളി

------------------------------------------

വേളി ടൂറിസ്റ്റ് വില്ലേജിലെ കുട്ടികളുടെ പാർക്ക് 12.5 ലക്ഷം മുടക്കി ആധുനിക രീതിയിൽ നവീകരിച്ചു. 3 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വ്യത്യസ്‌തമായ 6 കളിക്കോപ്പുകളാണ് ഇവിടെ പുതുതായി സ്ഥാപിച്ചത്. കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശംഖ് ശില്പവും നവീകരിച്ചു. 37 യൂണിറ്റ് സൗരോർജ്ജ വിളക്കുകളും സമഗ്ര നിരീക്ഷണ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി 32 നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ജലയാത്രയ്‌ക്കായി 3 സ്‌പീഡ്‌ ബോട്ടും 5 പെഡൽ ബോട്ടും ഒരുസോളാർ അസിസ്റ്റഡ് സഫാരിബോട്ടും സജ്ജമായി. 17 .85 കോടിയുടെ കൺവെൻഷൻ സെന്ററും 4.78 കോടിയുടെ ഇക്കോ പാർക്കും തീരപാതയുടെ പണികളും ഉടൻ ആരംഭിക്കും. 1.8 ഏക്കറിൽ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, ഇൻഫർമേഷൻ കൌണ്ടർ, കാത്തിരിപ്പ്‌കേന്ദ്രം, ക്ലോക്ക് റൂം, ടോയ്ലെറ്റ് എന്നിവയുടെയും ഉദ്ഘാടനം കഴിഞ്ഞു. ജില്ലയിലെ കായൽ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി 8.85 കോടി രൂപയുടെ ട്രാവൻകൂർ ബാക്ക് വാട്ടർ സർക്യൂട്ട് പദ്ധതിയുമുണ്ട്.

 സീസണിൽ പ്രതിദിനം 1000 മുതൽ 2000 വരെ സന്ദർശകർ

 പൂർത്തിയായത് - 60 കോടിയുടെ പദ്ധതികൾ

വേളി ടൂറിസ്റ്റ് വില്ലേജിനെ തലസ്ഥാനത്തെ ഏറ്റവും മികച്ച

വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ കഴിഞ്ഞു

മന്ത്രി കടകംപള്ളി സുരേന്ദ്രൻ