
കോവളം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് വീണ്ടും പുതുജീവൻ നൽകി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മുടങ്ങിക്കിടന്ന തുറമുഖ നിർമ്മാണം ആരംഭിക്കാൻ കൊല്ലം ജില്ലയിലെ കുമ്പിളിൽ നിന്ന് 14 ട്രക്കുകളിലായി കല്ലുകളെത്തിത്തുടങ്ങി. തമിഴ്‌നാട്ടിലെ വിവിധ ക്വാറികളിലിൽ നിന്നും കൂടുതൽ ട്രക്കുകൾ കല്ലുകളുമായി മാർച്ച് ആദ്യവാരത്തോടെ എത്തുന്നതോടെ തുറമുഖത്തിന്റെ നിർമ്മാണം ശരവേഗത്തിലാകുമെന്നാണ് പ്രതീക്ഷ. തുറമുഖത്തിന്റെ നിർമാണം തുടങ്ങി അഞ്ച് വർഷം കഴിയുമ്പോഴും നിരവധി വെല്ലുവിളികൾ നേരിട്ടെന്ന് കമ്പനി അധികൃതർ പറയുന്നു. സർക്കാരുമായുള്ള കരാർ പ്രകാരം 1465 ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കേണ്ടതാണ്. പദ്ധതി പ്രദേശത്ത് നിന്ന് ഒഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലുണ്ടായ കാലതാമസവും സമരങ്ങളും വിവിധ ഘട്ടങ്ങളുടെ പ്രവർത്തനങ്ങൾ വൈകിപ്പിച്ചുവെന്ന് തുറമുഖ കമ്പനി അധികൃതർ പറയുന്നു. 2020 ഡിസംബറോടെ ഒന്നാം ഘട്ടം പൂർത്തിയാക്കി തുറമുഖത്ത് കപ്പലടിപ്പിക്കാനാകുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എന്നാലതിന് വിപരീതമായാണ് സംഭവിച്ചത്. തുറമുഖത്തേക്ക് കടൽവെള്ളത്തിന്റെ ഒഴുക്ക് തടയുന്നതിനുള്ള ബ്രേക്ക് വാട്ടർ (പുലിമുട്ട്) നിർമാണത്തിനാണ് പ്രധാനമായും കല്ല് വേണ്ടത്. ഒപ്പം പൈലിംഗ് പൂർത്തിയായ ബെർത്തിന്റെ നിർമാണത്തിനായും കല്ല് വേണം. പുലിമുട്ട് നിശ്ചിതസമയത്തിന് മുൻപ് പൂർത്തിയാക്കണമെങ്കിൽ തുടർച്ചയായി കല്ലെത്തിക്കണം. പദ്ധതിയുടെ വേഗത്തിലുള്ള പൂർത്തീകരണത്തിന് പ്രതിദിനം 10000 ടൺ കല്ലെങ്കിലും വേണം. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് തുറമുഖനിർമാണത്തിനായി പാറപൊട്ടിക്കാൻ അനുമതി നൽകിയത്. നിർമാണങ്ങൾക്ക് ആവശ്യമായ കല്ലെത്തിക്കുന്ന വാഹനങ്ങൾക്ക് സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാവശ്യ ഇടപെടലുകൾ ഉണ്ടാകാൻ പാടില്ലെന്നും നേരത്തെ തീരുമാനമായിരുന്നു.
തുറമുഖ നിർമ്മാണോദ്ഘാടനം നടന്നത്. ......... 2015 ഡിസംബറിൽ
പുലിമുട്ടിന് മാത്രം വേണ്ട കല്ല്.............. 70 ലക്ഷം ടൺ
ബെർത്ത് നിർമ്മാണത്തിന് വേണ്ടത്........ 10 ലക്ഷം ടൺ
പുലിമുട്ട് നിർമ്മിക്കേണ്ട ദൂരം................ 3.1 കി..മീ
ആകെ പൂർത്തിയാക്കാൻ കഴിഞ്ഞത്.............. 1കി..മീ
തിരമാലയെ പ്രതിരോധിക്കാൻ പുലിമുട്ടിന്റെ ഇരുവശങ്ങളിലും സ്ഥാപിക്കാനുള്ള കോൺക്രീറ്റ് ടെട്രോപോഡിന്റെ
നിർമാണം പൂർത്തിയാകുന്നു. 12 ടൺ ഭാരമുള്ള 12000 ടെട്രോപോഡാണ് ആകെ വേണ്ടത്
നിർമ്മാണം പൂർത്തിയായത്
1. തുറമുഖത്തോട് ചേർന്നുള്ള വർക്ക്ഷോപ്പ്
2. കണ്ടെയ്‌നറുകൾ തീരത്ത് നിരത്തിവയ്ക്കാനുള്ള കണ്ടെയ്നർ പ്ലാറ്റ്ഫോമുകൾ
3.ഇവിടെ തറയോടുപാകി
4.തീരത്തെ ആവശ്യങ്ങൾക്കായുള്ള സബ്സ്റ്റേഷൻ
5.കണ്ടെയ്നറുകളിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള ചെറിയ സബ് സ്റ്റേഷൻ
6.സംഭരണ കേന്ദ്രങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ സ്ഥാപിക്കുന്ന കെട്ടിടങ്ങൾ
7. ഭരണനിർവഹണത്തിന് സൗകര്യമൊരുക്കുന്നതിനുള്ള കെട്ടിടങ്ങൾ
8. കഴക്കൂട്ടം - കാരോട് ബൈപ്പാസ് റോഡുമായി ബന്ധിപ്പിക്കുന്ന
തുറമുഖ റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നു