
തിരുവനന്തപുരം: പ്രകൃതി രമണീയം അരുവിക്കര മണ്ഡലം. കാടുണ്ട്, മലകളുണ്ട്, മനസ് കുളിർപ്പിക്കുന്ന അരുവിയുമുണ്ട്... രണ്ട് പതിറ്റാണ്ടായി യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന മണ്ഡലം. ഒരിക്കലും ചാഞ്ചാട്ടത്തിന്റെ ചെറു സൂചനപോലും കാട്ടിയിട്ടുമില്ല. ഈ നിയമസഭാ തിരഞ്ഞെടുപ്പിനെയും തികഞ്ഞ ശുഭപ്രതീക്ഷയിൽ കാണാൻ യു.ഡി.എഫിനെ പ്രേരിപ്പിക്കുന്നതും ഇതുതന്നെ. പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം, പ്രതീക്ഷയ്ക്കിടയിലും ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. ഏഴു പഞ്ചായത്തുകളിൽ വെള്ളനാട് മാത്രമാണ് ഭരണം പിടിക്കാൻ യു.ഡി.എഫിനായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ കണക്കുകൾക്ക് പ്രസക്തിയില്ലെന്ന് കോൺഗ്രസും യു.ഡി.എഫും പറയുന്നു.
ആധിപത്യം കാർത്തികേയനിലൂടെ
യു.ഡി.എഫ് അരുവിക്കര മണ്ഡലത്തിൽ ആധിപത്യത്തിന് തുടക്കമിടുന്നത് ജി. കാർത്തികേയനിലൂടെയാണ്. അദ്ദേഹത്തിന്റെ വിയോഗത്തെത്തുടർന്ന് ഇളയ പുത്രൻ കെ.എസ്. ശബരീനാഥനിലൂടെ പെരുമ നിലനിറുത്തി. 2015-ലെ ഉപതിരഞ്ഞെടുപ്പിൽ 10,128 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ശബരീനാഥൻ 2016-ൽ ഭൂരിപക്ഷം ഇരട്ടിയിലധികമായി ഉയർത്തി ആധിപത്യത്തിന് അടിവരയിട്ടു. വരുന്ന തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ പേരു തന്നെ ഇളക്കം തട്ടാതെ നിൽക്കുന്നതും അതിനാലാണ്.ആര്യനാട്,കുറ്റിച്ചൽ, പൂവച്ചൽ, വെള്ളനാട്, അരുവിക്കര, വിതുര, തൊളിക്കോട് ഗ്രാമപഞ്ചായത്തുകളാണ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്.
നായർ, ഈഴവ സമുദായങ്ങൾക്കാണ് മുൻതൂക്കം. നല്ലൊരു ശതമാനം മുസ്ലിം വോട്ടുകളും 10,000 ത്തിലധികം ആദിവാസി വോട്ടുകളുമുണ്ട്.
ആര്യനാടുനിന്ന് അരുവിക്കരയിലേക്ക്
പഴയ ആര്യനാട് മണ്ഡലം മുഖം മിനുക്കിയാണ് അരുവിക്കരയായത്. കമ്മ്യൂണിസ്റ്ര് പ്രണയത്തോടെയാണ് തിരഞ്ഞെടുപ്പ് ചരിത്രത്തിന്റെ തുടക്കം.1957-ൽ അവിഭക്ത കമ്യൂണിസ്റ്ര് പാർട്ടി പ്രതിനിധി കാട്ടാക്കട ആർ. ബാലകൃഷ്ണപിള്ള തിരഞ്ഞെടുക്കപ്പെട്ടു. 1960-ൽ സോഷ്യലിസ്റ്റ് പക്ഷത്തോടായി മമത. പ്രജാസോഷ്യലിസ്റ്ര് പാർട്ടിയിലെ ആന്റണി ഡിക്രൂസാണ് അന്ന് വിജയിച്ചത്. ആർക്കും ഭൂരിപക്ഷം കിട്ടാതെ പോയ 1965-ൽ കോൺഗ്രസിലെ വി. ശങ്കരൻ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 67 -ൽ വീണ്ടും സോഷ്യലിസ്റ്റ് പക്ഷത്തേക്ക് തിരിഞ്ഞു. വിജയം സംഘടനാസോഷ്യലിസ്റ്റ് പ്രതിനിധി എം. മജീദിന്. 70-ൽ സംയുക്ത സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി സോമശേഖരൻ നായർ നിയമസഭയിലെത്തി.
77-ആയപ്പോഴേക്കും ആർ.എസ്.പിയുടെ ഊഴമായി. സി.കെ. വാമദേവനാണ് മണ്ഡലത്തെ അന്ന് പ്രതിനിധീകരിച്ചത്. 80,82,87 തിരഞ്ഞെടുപ്പുകളിൽ ആർ.എസ്.പിയുടെ കെ. പങ്കജാക്ഷന്റെ തേരോട്ടമായിരുന്നു. 1991-ലെ തിരഞ്ഞെടുപ്പ് പുതിയൊരു ചരിത്രം ചമയ്ക്കലായി. 3480 വോട്ടുകൾക്ക് കെ. പങ്കജാക്ഷനെ തോല്പിച്ച് ജി. കാർത്തികേയൻ യുഗത്തിന് തുടക്കമായി. 2011-ൽ ആര്യനാട് മണ്ഡലം അരുവിക്കരയായി. കാട്ടാക്കട പഞ്ചായത്ത് കാട്ടാക്കട മണ്ഡലത്തിലേക്ക് പോയപ്പോൾ അരുവിക്കര, വെള്ളനാട് പഞ്ചായത്തുകൾ ഇവിടേക്ക് വന്നു. പക്ഷേ, ആ മാറ്റവും ജി. കാർത്തികേയന്റെ പ്രഭയ്ക്ക് മങ്ങലേല്പിച്ചില്ല.
സാദ്ധ്യത
യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥനെന്ന കാര്യത്തിൽ നിലവിൽ തർക്കമില്ല. അവസാന ഘട്ടത്തിൽ ശബരീനാഥനെ വട്ടിയൂർക്കാവിലേക്കോ വാമനപുരത്തേക്കോ പരിഗണിച്ചാൽ എം.എം. ഹസൻ, കെ. മോഹൻകുമാർ, ടി. ശരത്ചന്ദ്രപ്രസാദ് തുടങ്ങിയ പേരുകളിലേക്ക് എത്തിയേക്കാം. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവാണ് എൽ.ഡി.എഫ് പട്ടികയിലെ മുമ്പൻ. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിന്റെ പേരുമുണ്ട്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടിയെ ആവും എൻ.ഡി.എ പരിഗണിക്കുക.
2016-ലെ വോട്ടുനില
കെ.എസ്. ശബരീനാഥൻ (യു.ഡി.എഫ്)...70,910
എ.എ. റഷീദ് (എൽ.ഡി.എഫ്) ...49,596
രാജസേനൻ (ബി.ജെ.പി)...20,294
ശബരീനാഥന്റെ ഭൂരിപക്ഷം.....21,314