
മലയിൻകീഴ്: മരണം പതിയിരിക്കുന്ന മലയിൻകീഴ് - കുണ്ടമൺകടവ് റോഡിൽ കഴിഞ്ഞ ദിവസം അര മണിക്കൂർ വ്യത്യാസത്തിൽ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. പലചരക്ക് കടയിൽ വാഹനം ഇടിച്ച് കയറിയും മകളുമൊത്ത് സ്കൂട്ടറിൽ പോകുമ്പോൾ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുമാണ് രണ്ട് കുടുംബനാഥന്മാർ മരിച്ചത്.
കരമന മുതൽ മണ്ഡപത്തിൻകടവ് വരെ റോഡ് വീതികൂട്ടി വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികളെല്ലാം പൂർത്തിയായിട്ടും നവീകരണ പ്രവർത്തനങ്ങൾ നീണ്ട് പോകുന്നതിന് പിന്നിൽ ചിലരുടെ ഇടപെടലാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
കോടികൾ വിനിയോഗിച്ച് നവീകരണം നടത്തിയെങ്കിലും മാസങ്ങൾക്കുള്ളിൽ തകർന്ന് തുടങ്ങിയതാണ് മൂലക്കോണം - കാട്ടാക്കട റോഡ്. റോഡിലെ കുഴികളിൽ ചിലത് അടച്ചെങ്കിലും യാത്രക്കാർ ദുരിതത്തിലാണ്. 
കണ്ടല സഹകരണ ആശുപത്രിക്ക് മുൻവശത്തെ റോഡിലെ കുഴി അടുത്തിടെ മൂടിയെങ്കിലും പോങ്ങും മൂട് പലഭാഗത്തായി കുഴികൾ അപകടക്കെണിയായി തന്നെ കിടക്കുകയാണ്. എപ്പോഴും തിരക്കേറിയ ഈ റോഡിൽ വാഹനങ്ങൾ നിയന്ത്രിച്ച് വിടുന്നതിന് പൊലീസ് സംവിധാനമൊരുക്കിയിട്ടില്ല. 2014 - 15ൽ 12 കോടി രൂപ വിനിയോഗിച്ചാണ് ഈ റോഡ് നവീകരിച്ചത്. എന്നാൽ നവീകരണ പ്രവർത്തനങ്ങൾ നടന്നപ്പോഴേ അപാകതയുണ്ടെന്ന ആക്ഷേപം ഉയർന്നിരുന്നു. മൂലക്കോണം, പോങ്ങുംമൂട്, കണ്ടല, അരുമാളൂർ, തൂങ്ങാംപാറ എന്നീ ജംഗ്ഷനുകളിൽ ഗതാഗതക്കുരുക്കും അപകടക്കെണിയുമായിട്ടുണ്ട്.
നവീകരണം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും റോഡിലെ മെറ്റൽ ഇളകി
തുടങ്ങിയിരുന്നു. ദുരന്തം ഒഴിവാക്കുന്നതിന് അടിയന്തരമായി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.