
തിരുവനന്തപുരം: അഞ്ചുതെങ്ങ് കോട്ട ഒരു വിസ്മയമാണ്. കോട്ടയുടെ മുകളിൽ നിന്ന് നോക്കിയാൽ കടലിന്റെ അലകൾ. തിരിഞ്ഞു നോക്കിയാൽ ഗ്രാമത്തിന്റെ വിശുദ്ധത. നിലത്തിൽ പോരിന്റെ നാട്ടിൽ തിരഞ്ഞെടുപ്പ് പോരിന്റെ പോർവിളി. കുമാരനാശാന്റെ ജന്മം കൊണ്ട് പവിത്രമായ കായിക്കരയും തോന്നയ്‌ക്കലിലെ ആശാൻ സ്മാരകവും മണ്ഡലത്തിന്റെ സാംസ്‌കാരിക മുഖം വ്യക്തമാക്കുന്നു. നിത്യഹരിത നായകൻ പ്രേംനസീർ, നടൻ ഭരത്ഗോപി, നാടകാചാര്യൻ ജി. ശങ്കരപ്പിള്ള, ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ, നടൻ ജി.കെ.പിള്ള എന്നിവരുടെ ജന്മദേശം കൂടിയാണ്. കടലും കായലും തൊട്ടുരുമ്മുന്ന നാട് പുനർ നിർണയത്തിലാണ് ചിറയിൻകീഴ് മണ്ഡലമായി മാറിയത്. അതിന് മുൻപ് ആറ്റിങ്ങൽ മണ്ഡലത്തിലായിരുന്നു ചിറയിൻകീഴിലെ പ്രധാന ഭാഗങ്ങളെല്ലാം. കിളിമാനൂർ മണ്ഡലത്തിലെ മുദാക്കൽ, കഴക്കൂട്ടത്തെ മംഗലപുരം, കഠിനംകുളം പഞ്ചായത്തുകൾ, ആറ്റിങ്ങൽ മണ്ഡലത്തിലെ അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, ചിറയിൻകീഴ്, അഴൂർ, കിഴുവിലം പഞ്ചായത്തുകൾ ചേർന്നതാണ് ചിറയിൻകീഴ് മണ്ഡലം. എട്ടിടത്തും എൽ.ഡി.എഫിനാണ് ഭരണം. ബ്ലോക്ക് പഞ്ചായത്തുകളും രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും എൽ.ഡി.എഫിന് സ്വന്തം. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി അടൂർ പ്രകാശ് നേടിയ 8,564 വോട്ടുകളുടെ ലീഡിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
ഇടത്തോട്ട് ചാഞ്ഞ്
പഴയ ആറ്റിങ്ങൽ മണ്ഡലത്തിൽ അഞ്ചുതവണ കോൺഗ്രസിലെ വക്കം പുരുഷോത്തമനും മൂന്നുതവണ സി.പി.എമ്മിലെ ആനത്തലവട്ടം ആനന്ദനും വിജയിച്ചു. കിളിമാനൂർ മണ്ഡലം അപ്രത്യക്ഷമായപ്പോൾ അതിലുൾപ്പെട്ട പഞ്ചായത്തുകളെല്ലാം ചിറയിൻകീഴിലെത്തി. കിളിമാനൂരിൽ തുടർച്ചയായി സി.പി.ഐയുടെ സി.കെ. ബാലകൃഷ്ണൻ, പി.കെ. ചാത്തൻ മാസ്റ്റർ, ഭാർഗവി തങ്കപ്പൻ, എൻ. രാജൻ എന്നിവരാണ് വിജയിച്ചിരുന്നത്. ഭാർഗവി തങ്കപ്പൻ നാലു പ്രാവശ്യവും എൻ. രാജൻ മൂന്ന് തവണയും വിജയിച്ചു. ചിറയിൻകീഴ് മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും സി.പി.ഐയുടെ വി. ശശിയാണ് വിജയിച്ചത്. 2011ൽ കോൺഗ്രസിന്റെ കെ. വിദ്യാധരനായിരുന്നു മുഖ്യ എതിരാളി. അന്ന് 12,225 വോട്ടായിരുന്നു ശശിയുടെ ഭൂരിപക്ഷം. ചായ്‌വ് ഇടത്തേക്കെന്ന് സൂചന നൽകുന്നതാണ് തുടർച്ചയായ സി.പി.ഐയുടെ രണ്ടാമത്തെ വിജയവും. അഞ്ചുതെങ്ങ്, കഠിനംകുളം പഞ്ചായത്തുകളും ചിറയിൻകീഴ്, അഴൂർ പഞ്ചായത്തുകളുടെ കുറച്ചു ഭാഗങ്ങളും തീരദേശ മേഖലയാണ്.
ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം പഞ്ചായത്തുകളിൽ ഈഴവ സമുദായത്തിനാണ് മുൻതൂക്കം. മംഗലപുരത്ത് ഈഴവ -നായർ സമുദായങ്ങൾ സമമാണ്. കഠിനംകുളം, അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ ഈഴവ, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് മുൻതൂക്കം. ആകെയുള്ള ജനസംഖ്യയിൽ ഏകദേശം പത്തു ശതമാനത്തോളം മുസ്ലിം വിഭാഗവുമുണ്ട്. പട്ടികജാതി സംവരണ മണ്ഡലമായ ഇവിടെ പുലയ സമുദായത്തിന് തൊട്ടുപിന്നിലായി തണ്ടാൻ സമുദായത്തിനാണ് സ്വാധീനമുള്ളത്.
സാദ്ധ്യത
സി.പി.ഐയിൽ സിറ്റിംഗ് എം.എൽ.എ വി. ശശി, പാർട്ടി സംസ്ഥാന കൗൺസിൽ അംഗവും യുവ നേതാവുമായ മനോജ് ഇടമന എന്നിവരാണ് പരിഗണനയിൽ.
കോൺഗ്രസിൽ മുൻ മന്ത്രി പന്തളം സുധാകരൻ, എ.ഐ.സി.സി അംഗം കെ.എസ്. ഗോപകുമാർ, യൂത്ത് കോൺഗ്രസ് നേതാവ് എം.എസ്. ബാലു, ആർ. അനൂപ് എന്നിവരാണ് സാദ്ധ്യതയിൽ. എൻ.ഡി.എയിൽ സീറ്റ് ബി.ജെ.പിയ്ക്കാണോ ഘടകകക്ഷിയ്ക്കാണോ എന്നതിൽ തീരുമാനമായിട്ടില്ല.
2016 ലെ വോട്ട് നില
വി. ശശി (സി.പി.ഐ)- 64,692
കെ.എസ്. അജിത്കുമാർ (കോൺ.) - 50,370
ഡോ. പി.പി. വാവ (ബി.ജെ.പി)- 19,478
വി. ശശിയുടെ ഭൂരിപക്ഷം - 14,372
അടിയൊഴുക്കുകൾ
കയർ തൊഴിലാളികൾ ഏറെയുള്ള മണ്ഡലത്തിൽ കയർ സഹകരണ സംഘങ്ങൾ അടഞ്ഞുകിടക്കുന്നത് ഇടതുപക്ഷത്തിന് ക്ഷീണമാണ്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കുന്ന കൂലിപോലും ഇവർക്കില്ലെന്ന് പരാതിയുമുണ്ട്.