editorial

തുടർച്ചയായ ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ ഇന്നലെ 12 മണിക്കൂർ വാഹന പണിമുടക്ക് സംഘടിപ്പിക്കുകയുണ്ടായി. എന്നാൽ മൂന്നു മാസത്തിനിടെ അഞ്ചു തവണയായി പാചകവാതകത്തിന് 225 രൂപ കൂട്ടിയതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമ്പോഴും വീട്ടമ്മമാരുടെ പ്രതിഷേധം അടുക്കളയിൽ നിന്നു പുറത്തുവന്നിട്ടില്ല. കഠിനമായ അമർഷത്തോടെ ഓരോ വിലവർദ്ധന തീരുമാനത്തെയും അവർ നേരിടുകയാണ്. നിത്യോപയോഗ സാധനങ്ങളിലൊന്നായ സവാളയ്ക്ക് വർഷങ്ങൾക്കു മുൻപ് ഡൽഹിയിൽ വില നൂറു രൂപയ്ക്കടുത്തായപ്പോൾ വീട്ടമ്മമാർ അതിനെതിരെ പ്രതികരിച്ചത് ഡൽഹിയിലെ ബി.ജെ.പി സർക്കാരിനെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാണ്. രണ്ടു പതിറ്റാണ്ടോളം മുൻപ് നടന്ന ഈ അടുക്കള കലാപം പലരും ഇപ്പോൾ മറന്നുകാണും. എന്നാൽ അതിനുശേഷം ഇന്നേവരെ ഡൽഹി ഭരണം പിടിക്കാൻ ബി.ജെ.പിക്കു സാധിച്ചിട്ടില്ലെന്നത് രാഷ്ട്രീയ യാഥാർത്ഥ്യമായി ശേഷിക്കുന്നു.

ഗാർഹികാവശ്യത്തിനും വാണിജ്യാവശ്യത്തിനുമുള്ള പാചക വാതകത്തിനു തിങ്കളാഴ്ചയും വിലകൂട്ടിയതു കണ്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് രാജ്യത്തെ കോടിക്കണക്കിനു വരുന്ന സാധാരണ കുടുംബങ്ങൾ. ബാഹ്യസമ്മർദ്ദങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ അടിക്കടി ഇത്തരത്തിൽ പാചകവാതക വില വർദ്ധിപ്പിക്കുന്നതിലെ യുക്തി മനസിലാക്കാനാവാതെ അവർ അന്തിച്ചുനിൽക്കുകയാണ്. പെട്രോൾ, ഡീസൽ വില നിത്യമെന്നോണം കൂട്ടി ജനങ്ങളെ പിഴിയുന്നതിനിടയിലാണ് പാചകവാതകത്തിലും കൈവച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ മൂന്നുതവണയായി നൂറുരൂപയാണ് കൂട്ടിയത്. ഇതെത്തുടർന്ന് സിലിണ്ടറിനു വില 800 രൂപയും കടന്നിരുന്നു. അപ്പോഴാണ് മാർച്ച് ഒന്നിനു തന്നെ വീണ്ടും 25 രൂപ വർദ്ധിപ്പിച്ച് റെക്കാഡിട്ടിരിക്കുന്നത്. തോന്നുമ്പോഴൊക്കെ ഇത്തരത്തിൽ വില കൂട്ടാൻ തക്ക ഒരു സാഹചര്യവും ഇപ്പോൾ ആഗോള എണ്ണ വിപണിയിലുള്ളതായി അറിവില്ല. എന്നിട്ടും സാധാരണക്കാരന്റെ കുടുംബ ബഡ്‌ജറ്റിനെ ബാധിക്കുന്ന കയ്പ്പേറിയ തീരുമാനത്തിന് എന്തിനു മുതിരുന്നു എന്ന ചോദ്യം ഉത്തരമില്ലാതെ ശേഷിക്കുന്നു.

ജനഹിതത്തിന് എന്തെങ്കിലും വില കല്പിക്കുന്ന ഒരു ഗവൺമെന്റും സ്വീകരിക്കാത്ത തീർത്തും ജനവിരുദ്ധമായ നടപടിയാണ് ഇന്ധനവിലയുടെ കാര്യത്തിൽ സർക്കാരുകൾ നിരന്തരം സ്വീകരിച്ചുവരുന്നത്. സാധാരണ നികുതി നിയമങ്ങളുടെ പരിധിയിൽ അത് ഒരിക്കലും വരാറില്ല. ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ജി.എസ്.ടിയിലും ഇന്ധനത്തെ ഉൾപ്പെടുത്തിയിട്ടില്ല. കാരണം വ്യക്തമാണ്, ജി.എസ്.ടി ബാധകമാക്കിയാൽ 28 ശതമാനത്തിൽ നികുതി ഒതുക്കേണ്ടിവരും. ഇപ്പോൾ വിവിധ ഇനങ്ങളിലായി അതിനും മേലെയാണ് ഇന്ധന നികുതി. ഇന്ധനത്തെ പുതിയ നിയമത്തിനു കീഴിലാക്കുന്നതിന് സംസ്ഥാനങ്ങളും കടുത്ത എതിർപ്പിലാണ്. ഇപ്പോൾ കിട്ടുന്ന വരുമാനം കുറയുമെന്നതാണ് കാരണം. അമിത നികുതിയുടെ പങ്കുപറ്റിക്കൊണ്ട് സംസ്ഥാന സർക്കാരുകളും ജനങ്ങളെ പറ്റിക്കുകയാണ്. ഒഴുകിയെത്തുന്ന ഇന്ധന നികുതിയിൽ കണ്ണു മഞ്ഞളിച്ചു നിൽക്കുന്ന സംസ്ഥാനങ്ങൾ അപ്പോഴും ഇന്ധനവില വർദ്ധനയ്ക്ക് കേന്ദ്രത്തെ കണക്കറ്റു ശകാരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും.

കേന്ദ്രവും സംസ്ഥാനങ്ങളും ഈ വിഷയത്തിൽ ഒരുപോലെ ജനങ്ങളെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സാധാരണക്കാരെ ഓർത്ത് മുതലക്കണ്ണീരൊഴുക്കുന്ന ഭരണകൂടങ്ങൾക്ക് അവരുടെ ദുരിതം കണ്ട് മനസിന് ഒരു ചാഞ്ചല്യവും ഉണ്ടാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. പെട്രോൾ - ഡീസൽ വില വർദ്ധന പോലെയല്ല പാചക വാതക വില വർദ്ധനയെന്ന് മനസിലാക്കാനുള്ള സാമാന്യ ബോധം പോലും രാജ്യം ഭരിക്കുന്നവർക്കില്ലാതെ പോകുന്നതെന്താണെന്നത് ചിന്താവിഷയം തന്നെയാണ്. ജനഹിതത്തിന് അവർ അത്രയേ വില കല്പിച്ചിട്ടുള്ളൂ എന്നല്ലേ ഇതിനർത്ഥം? അടിച്ചേല്പിക്കുന്ന എന്തും അവർ നിശ്ശബ്ദം സഹിച്ചുകൊള്ളുമെന്ന ധാർഷ്ട്യത്തിൽ നിന്നാണ് ഇത്തരം മനോഭാവം ഉടലെടുക്കുന്നത്. അവസരം വരുമ്പോൾ തീർച്ചയായും ജനം ഇതിനു പകരംവീട്ടുമെന്ന് ഓർക്കുന്നത് നന്നായിരിക്കും.

ഗാർഹിക എൽ.പി.ജിക്കു മാത്രമല്ല വില കൂട്ടിയിരിക്കുന്നത്. ചായക്കടകൾ ഉൾപ്പെടെ എല്ലാത്തരം വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിനും വില കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 96 രൂപ കൂടി വർദ്ധിച്ചതോടെ 1600 രൂപയ്ക്കു മേലായി. കഴിഞ്ഞ മാസമാണ് സിലിണ്ടറിന് ഒറ്റയടിക്ക് 191 രൂപ കൂട്ടിയത്.

ഭക്ഷണത്തിന് ഹോട്ടലുകളെയും മറ്റും ആശ്രയിക്കുന്ന കോടിക്കണക്കിനാളുകളുണ്ട്. കൊച്ചു ചായക്കട നടത്തി ഉപജീവനം തേടുന്നവരുണ്ട്. ഭക്ഷ്യോത്‌പന്നങ്ങൾ ഉണ്ടാക്കി കൊണ്ടുനടന്നു വിൽക്കുന്ന സാധുകുടുംബങ്ങൾ ധാരാളമുണ്ട്. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളാണ് അവർ ഉപയോഗിക്കുന്നത്. ഇവരെയൊക്കെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ പാചകവാതക വില അസഹനീയം തന്നെയാണ്. അരിഷ്ടിച്ചു കിട്ടുന്ന ലാഭത്തിലാണ് വൻ ചോർച്ച ഉണ്ടാകുന്നത്. ഭക്ഷ്യോത്‌പന്നങ്ങൾക്കു ആനുപാതികമായി വില കൂട്ടുകയല്ലാതെ അവരുടെ മുന്നിലും മറ്റു വഴിയൊന്നുമില്ല. അതാകട്ടെ ഉപഭോക്താക്കളുടെ നീരസത്തിനു കാരണമാകും. കച്ചവടവും കുറയും.

വിവിധയിനം ഇന്ധനങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരിക മാത്രമാണ് ഇപ്പോഴത്തെ കൊള്ളയ്ക്കു പരിഹാരം. കേന്ദ്ര ധനമന്ത്രാലയം അതിന് ആലോചിക്കുന്നതായി ഈയിടെ സൂചന ഉണ്ടായിരുന്നു. എന്നാൽ സംസ്ഥാനങ്ങൾ എതിർക്കുന്നതിനാൽ ജി.എസ്.ടി കൗൺസിലിൽ അനുകൂല തീരുമാനമുണ്ടാകാൻ സാദ്ധ്യത കാണുന്നില്ലെന്നാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറയുന്നത്. കേന്ദ്രത്തിനായാലും സംസ്ഥാനങ്ങൾക്കായാലും ജനഹിതം പാലിക്കാൻ ബാദ്ധ്യതയുണ്ട്. ഇന്ധന വില ഇപ്പോഴത്തേതിൽ നിന്ന് കുറയ്ക്കണമെന്നത് ജനകീയ ആവശ്യമാണ്. ജനഹിതം മാനിക്കുന്നതാണല്ലോ ഏതു ഭരണകൂടത്തിന്റെയും നിലനില്പിനും ജനസമ്മതിക്കും ആധാരമായി വർത്തിക്കുന്നത്.