1

നെയ്യാറ്റിൻകര: മാസങ്ങളായി പൈപ്പ് ലൈൻ പൊട്ടി ജലം പാഴായിട്ടും പൊട്ടിയ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറാവുന്നില്ല. നെയ്യാറ്റിൻകര അമരവിള പഴയ പാലത്തിനരികിലെ പൈപ്പ് ലൈനാണ് കഴിഞ്ഞ രണ്ട് മാസത്തിലധികമായി പൊട്ടി ജലം പാഴാകുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ലക്ഷക്കണക്കിന് ലിറ്റർ ജലമാണ് പൈപ്പ് ലൈൻ പൊട്ടിയത് കാരണം നഷ്ടമായത്. സാമൂഹിക വിരുദ്ധന്മാരാണ് ഇവിടത്തെ പൈപ്പ് ലൈൻ തല്ലി തകർത്തത്. ഇതുവഴിയുള്ള പൈപ്പ് ലൈനിലൂടെയുള്ള ജലം അമരവിള മൂഴിയാർതോട്ടം പുല്ലാമല എയ്തുകൊണ്ടാൻകാണി എന്നിവിടങ്ങളിലാണ് എത്തിചേരുന്നത്. പൈപ്പ് ലൈൻ പൊട്ടി മേൽഭാഗത്തുകൂടെ ജലം പാഴാകുന്നതു കാരണം വീടുകളിലേക്ക് ജലം ലഭിക്കുന്നതിന്റെ സമ്മ‌ർദ്ദം കുറഞ്ഞിട്ടുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസത്തിലൊരിക്കലാണ് ഇവിടങ്ങളിൽ ജലം ലഭിക്കുന്നത്. ജലസമ്മർദ്ദം കാരണം പൈപ്പ് ലൈനിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ കൂടെ തകർന്നാൽ അമരവിള മേഖലയിലേക്കുള്ള ജലവിതരണം പാടെ ഇല്ലാതാകും. അമരവിള ഭാഗത്ത് ഭൂരിഭാഗം ജനങ്ങളും വാട്ടർ അതോറിട്ടിയുടെ ജലവിതരണ പൈപ്പിനെയാണ് ആശ്രയിക്കുന്നത്. ജലം വിതരണം പുനഃസ്ഥാപിക്കാൻ അധൃകൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നെയ്യാറ്റിൻകര നഗരസഭ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ ആവശ്യപ്പെട്ടു.