
നെയ്യാറ്റിൻകര: ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നടന്ന മോട്ടോർ വാഹന പണിമുടക്ക് നെയ്യാറ്റിൻകരയിൽ പൂർണം. നെയ്യാറ്റിൻകര ട്രാൻസ്പോർട്ട് ഡിപ്പോയിൽ നിന്ന് സർവീസുകളൊന്നും ഓപ്പറേറ്റ് ചെയ്തില്ല. ഓട്ടോറിക്ഷകളും ടെമ്പോ ഉൾപ്പെടെയുള്ള വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. എന്നാൽ ടൂവിലർ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. സമരസമിതിയുടെ നേതൃത്വത്തിൽ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് അഡ്വ. കെ.ആർ. പത്മകുമാർ, എൻ.എസ്. ദിലീപ്, എൻ.കെ. രഞ്ജിത്ത്, ആറാലുംമൂട് ജാഫർ, എസ്.എസ്. സാബു, മനു മോൻ തുടങ്ങിയവർ നേതൃത്വം നൽകി. ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധയോഗം കെ.എസ്.ആർ.ടി.ഇ.എ. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുശീലൻ മണവാരി ഉദ്ഘാടനം ചെയ്തു. കെ.കെ. ഷിബു, കെ. മോഹനൻ, ജി. ജിജോ, എസ്.എസ്. സജികുമാർ തുടങ്ങിയവർ സംസാരിച്ചു.