
തിരുവനന്തപുരം: പൈന്റ് വാങ്ങി കുഴയുകയാണ് ബിവറേജസിന്റെയും കൺസ്യൂമർഫെഡിന്റെ വില്പനശാലകളിലെത്തുന്നവർ. ഫുൾ ബോട്ടിൽ കിട്ടാനില്ല, ലിറ്റർ ബോട്ടിലും കിട്ടാക്കനിയാണ്. ഒരു ഫുള്ള് വാങ്ങാനെത്തുന്നവർ രണ്ട് പൈന്റോ, അരലിറ്ററിന്റെ കുപ്പികളോ വാങ്ങേണ്ട അവസ്ഥ.
രണ്ടാഴ്ചയായി തുടരുകയാണ് ഈ ധർമ്മസങ്കടം. ഏപ്രിൽ ഒന്നുമുതൽ ചില്ല് കുപ്പികളിൽ മാത്രമേ മദ്യം നിറച്ചെത്തിക്കാവൂ എന്ന നിബന്ധനയാണ് പ്രതിസന്ധിക്ക് കാരണം. പ്രധാനപ്പെട്ട ജനപ്രിയ ബ്രാൻഡുകളെല്ലാം എത്തിയിരുന്നത് പ്ളാസ്റ്റിക് കുപ്പികളിലാണ്. ഉത്പാദിപ്പിച്ച് മൂന്ന് മാസത്തിനുള്ളിലാണ് മദ്യം വെയർഹൗസുകളിലും അവിടെ നിന്ന് ചില്ലറ വില്പനശാലകളിലും എത്തുന്നത്. ചില്ല് കുപ്പികൾ ഉപയോഗിക്കണമെന്ന നിബന്ധന നേരത്തെ മുതൽ കേൾക്കുന്നതാണെങ്കിലും അടുത്ത സമയത്താണ് ഏപ്രിൽ ഒന്നു മുതലെന്ന പരിധി നിശ്ചയിച്ചത്. ബെക്കാർഡി, സീസർ, എം.എച്ച്, സിഗ്നേച്ചർ തുടങ്ങിയ ബ്രാൻഡുകൾ ഇപ്പോൾ ചില്ല് കുപ്പികളിലാണ് നിറയ്ക്കുന്നത്. വിദേശ നിർമ്മിത വിദേശ മദ്യവും ചില്ല് കുപ്പികളിലാണ്. ചില്ല് കുപ്പിയിൽ നേരത്തെ എത്തിയിരുന്ന ഓൾഡ് മങ്ക് റം കുറേ മാസങ്ങൾക്കു മുമ്പ് പ്ളാസ്റ്റിക് കുപ്പിയിലേക്ക് മാറിയിരുന്നു. ലോഡ് കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോൾ കുപ്പികൾ പൊട്ടി ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് മിക്ക മദ്യ കമ്പനികളും പ്ളാസ്റ്റിക് കുപ്പികളിലേക്ക് മാറിയത്. ആൾക്കാർക്ക് വാങ്ങി കൊണ്ടുപോകാനും ഇത് സൗകര്യമായിരുന്നു.
നിർമ്മാണ കമ്പനികളിലും വെയർ ഹൗസ് ഗോഡൗണുകളിലുമായി ഇപ്പോൾ സ്റ്റോക്കുള്ള പ്ളാസ്റ്റിക് കുപ്പികൾ കൂടി ഏപ്രിൽ ഒന്നിനു മുമ്പ് ഒഴിവാക്കാനാണ് കമ്പനികൾ ഫുൾ, ലിറ്റർ ബോട്ടിലുകളുടെ വിതരണം ഒഴിവാക്കുന്നത്.