minister-chandrasekharan

തിരുവനന്തപുരം: കൊവിഡ‌് വാക്‌സിൻ കുത്തിവച്ചപ്പോൾ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും. തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിലെത്തിയാണ് ഇവർ വാ‌ക്‌സിൻ സ്വീകരിച്ചത്. കൊവി ഷീൽഡ് വാക്സിനാണ് രണ്ടുപേരും സ്വീകരിച്ചത്. മുൻഗണനാക്രമം അനുസരിച്ച് എല്ലാവരും വാ‌ക്‌സിനേഷനോട് സഹകരിക്കണമെന്ന് മന്ത്രിമാർ അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും വരും ദിവസങ്ങളിൽ വാക്‌സിൻ സ്വീകരിക്കും.

കേരളത്തിൽ നാലു ലക്ഷത്തിലധികം പേർ വാക്‌സിനെടുത്തു. ആർക്കും ഗുരുതര പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആയിരത്തിലധികം സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. കൊവിൻ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ നേരിയ സാങ്കേതിക തടസമുണ്ടായേക്കാം. ആദ്യ ഡോസിൽ പ്രതിരോധശേഷി ലഭിക്കില്ല. 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് എടുക്കണം. പിന്നെയും 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി ആർജ്ജിക്കൂവെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

ഡി.എം.ഒ. ഡോ. കെ.എസ്. ഷിനു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.