
നാലോ, അഞ്ചോ ടേം കഴിഞ്ഞവർ മാറണമെന്ന് തിരഞ്ഞെടുപ്പ് സമിതിയിൽ ആവശ്യം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുതിർന്ന നേതാക്കളായ വി.എം. സുധീരനും പി.ജെ. കുര്യനും.യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുക മാത്രമാണ് ലക്ഷ്യമെന്നും തിരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുല്ലപ്പള്ളി മത്സരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല കെ. സുധാകരന് നൽകുമെന്നുമുള്ള പ്രചാരണം ശക്തമാകുന്നതിനിടെയാണ് മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കിയത്.
പല കോണുകളിൽ നിന്നും തന്റെ മേൽ സമ്മർദ്ദമുണ്ടെങ്കിലും നിലപാടിൽ മാറ്റം വരുത്താനില്ലെന്ന് സുധീരനും പറഞ്ഞു. മത്സരത്തിന് താനില്ലെന്ന് യോഗത്തിന് മുമ്പ് കത്തിലൂടെയാണ് പി.ജെ. കുര്യൻ
അറിയിച്ചത്. തിരുവല്ല സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് അദ്ദേഹം യോഗത്തിലാവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് 25 വർഷം മുമ്പ് താൻ രേഖാമൂലം നേതൃത്വത്തെ അറിയിച്ചതാണെന്ന് വി.എം. സുധീരൻ ചൂണ്ടിക്കാട്ടി. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി നിർബന്ധിച്ചിട്ടും തീരുമാനം മാറ്റിയില്ല. ലോക്‌സഭയിലും നിയമസഭയിലും അംഗമായിരുന്ന താനിനിയും മത്സരിക്കുന്നത് ശരിയല്ല. യോഗത്തിൽ പങ്കെടുത്ത എ.ഐ.സി.സി സെക്രട്ടറിമാരും, സുധീരൻ മത്സരിക്കണമെന്ന ആവശ്യമുന്നയിച്ചു. നാലും അഞ്ചും ടേം കഴിഞ്ഞവർ മാറണമെന്ന് യോഗത്തിൽ പ്രമുഖ നേതാക്കൾ ആവശ്യപ്പെട്ടു. നാല് ടേം കഴിഞ്ഞവർ മാറണമെന്ന് പി.സി. ചാക്കോയും 25 വർഷം കഴിഞ്ഞവർ മാറണമെന്ന് സുധീരനും നിർദ്ദേശിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലെ അനുഭവം പാഠമായി ഉൾക്കൊണ്ട്, നേതാക്കളുടെ സ്ഥിരം മനോഭാവം ഇത്തവണ മാറ്റണമെന്ന് ചിലർ ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥിനിർണയത്തിൽ സാമൂഹിക സന്തുലിതാവസ്ഥ പാലിക്കപ്പെടണം. യുവാക്കൾക്കും വനിതകൾക്കും അർഹമായ പ്രാതിനിദ്ധ്യമുണ്ടാകണമെന്നും ആവശ്യമുയർന്നു. യോഗശേഷം തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളുമായി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും വെവ്വേറെ കൂടിക്കാഴ്ച നടത്തി.