തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇന്ധനവില ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ തയ്യാറാകുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ബി.എം.എസ് തൊഴിലാളികളുടെ വോട്ട് ലഭിക്കുമെന്ന് കേരള ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദ് ആർ. തമ്പി പറഞ്ഞു. ഇന്ധനവില ജി.എസ്.ടിയിൽ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബി.എം.എസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി മോട്ടോർ തൊഴിലാളികൾ നടത്തിയ കരിദിനത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ധനവില ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടും അതിന് എതിരുനിൽക്കുന്ന സമീപനമാണ് ധനകാര്യമന്ത്രി തോമസ് ഐസക്കിൽ നിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോറിക്ഷ മസ്ദൂർ സംഘം ജില്ലാ പ്രസിഡന്റ് എസ്. ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു. കേരള പ്രദേശ് ഓട്ടോറിക്ഷ മസ്ദൂർ സംഘം ജനറൽ സെക്രട്ടറി ബി. സതീഷ്‌കുമാർ, ഓട്ടോറിക്ഷ മസ്ദൂർ സംഘം ജില്ലാ ജനറൽ സെക്രട്ടറി വി. രാജേഷ്, ടെമ്പോ ടാക്‌സി മസ്ദൂർ സംഘം ജില്ലാ പ്രസിഡന്റ് ജയകുമാർ, ബി.എം.എസ് ജില്ലാ ഭാരവാഹിയായ സി. പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.