
അരീക്കോട്: ഊർങ്ങാട്ടിരി തെരട്ടമ്മൽ കടവിൽ നിന്നും മണൽ കയറ്റുകയായിരുന്ന വാഹനവും 12 ലോഡ് മണലും അരീക്കോട് പൊലീസ് കസ്റ്റയിലെടുത്തു. വാഹനവും മണലും കസ്റ്റഡിയിലെടുക്കുന്നത് തടസ്സപെടുത്തിയ തെരട്ടമ്മലിലെ 15 പേർക്കെതിരെ പൊലിസ് കേസെടുത്തു. വാക്കാലുരിൽ നടത്തിയ പരിശോധനയിൽ 12 ലോഡ് മണലും കണ്ടെത്തി. കണ്ടെത്തിയ മണൽ ജെ.സി.ബി ഉപയോഗിച്ച് ടിപ്പറിൽ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായി പരിശോധനയ്ക്ക് മേൽനോട്ടം വഹിച്ച സി.ഐ ഉമേഷ് പറഞ്ഞു. ചാലിയാറിൽ നിന്നും വ്യാപകമായി മണൽ വാരുന്നതായി പൊലിസിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നുള്ള പരിശോധനയിലാണ് ഇവ കണ്ടെത്താൻ സാധിച്ചത്. രാത്രിയാണ് അധികവും മണൽ വാരുന്നതും കടത്തുന്നതും. പൊലിസിന്റെ നീക്കങ്ങൾ വ്യക്തമായി അറിയുന്ന സംഘമാണ് മണൽ കടത്തിന് നേതൃത്വം നൽകുന്നത്. മണൽ കടത്തുന്ന വാഹനത്തിന് പിന്നിലും മുന്നിലുമായി പ്രത്യേക നിരീക്ഷകരെ സംഘം നിലനിർത്തി പൊലിസിന്റെ നിരീക്ഷണം ഇവർക്ക് കൈമാറുന്നുണ്ട്. കടവുകളിലേക്കുള്ള റോഡിലും ഇവർ നിരീക്ഷകരെ വെക്കുന്നതായി പൊലിസ് പറഞ്ഞു. നിരീക്ഷണം ശക്തമാക്കുമെന്നും സി.ഐ പറഞ്ഞു. എസ്.ഐ റെമിൻ കെ.ആർ, സിവിൽ പൊലീസ് ഓഫീസർമാരായ വി.വിവേക്, പി.ടി.രഞ്ജു, അനീഷ് ബാബു, ബിനോസ്, സുകുമാരൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.