മലയിൻകീഴ്: കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാത്തതിനെ തുടർന്ന് ഇന്നലെ ഉച്ച മുതൽ ചൂഴാറ്റുകോട്ട പമ്പിംഗ് സ്റ്റേഷന് മുന്നിൽ വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ലാലിയുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചു.

മണിക്കൂറുകൾകം വെള്ളമെത്തുമെന്ന വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനിയർ നാരായണൻ നമ്പൂതിരി പ്രസിഡന്റ് ലാലിക്ക് നൽകിയ രേഖാ മൂലമുള്ള ഉറപ്പിന്മേൽ നിരാഹാരസമരം വൈകിട്ട് 6 ഓടെ താത്കാലികമായി അവസാനിപ്പിച്ചു. വൈകിട്ടോടെ മൊട്ടമൂട് ഭാഗത്തേക്കുള്ള പമ്പിംഗ് നിറുത്തി പകരം വിളവൂർക്കൽ ഭാഗത്ത് പമ്പിംഗ് പുനഃസ്ഥാപിച്ചു.

വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചൂഴാറ്റുകോട്ട പമ്പിംഗ് സ്റ്റേഷന് മുന്നിൽ നിരാഹാരസമരം ആരംഭിക്കുമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 18 ന് കേരളകൗമുദി വിളവൂർക്കൽ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തെ സംബന്ധിച്ച വാർത്തയിൽ വിശദീകരിച്ചിരുന്നു. മൊട്ടമൂട് ഭാഗത്ത് പമ്പിംഗ് ചെയ്യുമ്പോൾ വിളവൂർക്കലിലെ ഉയർന്ന സ്ഥലങ്ങളിൽ വെള്ളമെത്താറില്ല. പ്യടാരം വാളിയോട് ഭാഗത്ത് സ്ഥാപിച്ച കൂറ്റൻ ടാങ്കിൽ വെള്ളം നിറഞ്ഞാൽ മാത്രമേ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് അറുതി വരുകയുള്ളു. താത്കാലികമായിട്ടാണ് നിരാഹാരസമരം നിറുത്തുന്നതെന്നും ഇന്ന് രാവിലെ പഞ്ചായത്ത് പ്രദേശത്ത് വെള്ളമെത്തിയില്ലെങ്കിൽ സമരം വീണ്ടും ആരംഭിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസ് മേരി, പഞ്ചായത്ത് അംഗങ്ങളായ ജോണി,​ ഹരിപ്രിയ,​ സി. ഷിബു,​ കോൺഗ്രസ് വിളവൂർക്കൽ മണ്ഡലം പ്രസിഡന്റ് മലയം രാഗേഷ്, ഡി.സി.സി അംഗം ബിനു തോമസ് എന്നിവർ പങ്കെടുത്തു പിന്തുണ നൽകി.

കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ വാട്ടർ അതോറിട്ടി അധികൃതരുമായി പഞ്ചായത്ത് പ്രസിഡന്റ് ഫോണിൽ സംസാരിച്ചെങ്കിലും ഫലമില്ലാതെ വന്നപ്പോഴാണ് അനിശ്ചിതകാല നിരാഹാരത്തിന് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഭരണ സമിതി തയ്യാറായത്. ഇതിനിടെ പ്രവർത്തകരും ജനപ്രതിനിധികളുമായി ചൂഴാറ്റുകോട്ട പമ്പിംഗ് സ്റ്റേഷന് മുന്നിൽ ഒത്ത് ചേർന്നത് സംഘർഷാവസ്ഥയുടെ വക്കിലെത്തിയിരുന്നു.

vilavoorkal