motor

തിരുവനന്തപുരം: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് മോട്ടോർവാഹന മേഖലയിലെ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ജനജീവിതത്തെ ബാധിച്ചില്ല. ബി.എം.എസ് ഒഴികെയുള്ള യൂണിയനുകൾ പണിമുടക്കിൽ പങ്കെടുത്തുവെങ്കിലും കെ.എസ്.ആർ.ടി.സിയിൽ സമരം ഭാഗികമായിരുന്നു. കോർപറേഷൻ 903 ബസുകൾ ഓടിച്ചു. യാത്രക്കാർ കുറവായതിനാൽ ഉച്ചയ്ക്ക് ശേഷമുള്ള ബസുകൾ റദ്ദാക്കി. 40 ശതമാനം ജീവനക്കാർ ജോലിക്കെത്തി.

അതേസമയം സ്വകാര്യമേഖലയിൽ ഭൂരിഭാഗം സ്വകാര്യ ബസുകളും പണിമുടക്കി. എന്നാൽ ഓട്ടോറിക്ഷ, ടാക്‌സി മേഖലയിലും പണിമുടക്ക് ഭാഗികമായിരുന്നു. സ്വകാര്യവാഹനങ്ങളുടെ യാത്ര തടസപ്പെട്ടില്ല. വ്യാപാര സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും പതിവ് ഹാജർ രേഖപ്പെടുത്തി.