
തിരുവനന്തപുരം: പരീക്ഷാ ജോലികളിൽ നിന്ന് സ്ഥിരമായി ഡിബാർ ചെയ്ത് ശിക്ഷാ നടപടിക്ക് വിധേയനായ അദ്ധ്യാപകനെ കേരള സർവകലാശാലയുടെ അറബിക് പ്രൊഫസറായി നിയമിക്കാൻ നീക്കം.
സിവിൽ പൊലീസ് ഓഫീസർ റാങ്ക്പട്ടികയിൽ ഇടം നേടിയ ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് ഉത്തരക്കടലാസ് പൊലീസ് പിടിച്ചെടുത്തതിന് ഉത്തരവാദിയെന്ന് സർവകലാശാലയുടെ അന്വേഷണ സമിതി കണ്ടെത്തിയ അദ്ധ്യാപകനാണിത്.ഇദ്ദേഹത്തെ അറബിക് പ്രൊഫസറായി നിയമിക്കാമെന്ന് നിയമോപദേശം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ ഈ മാസം ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ നിയമനത്തിന് അംഗീകാരം നൽകാനാണ് നീക്കം. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനുമുൻപ് ശുപാർശ നൽകിയതിനാൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതിയോടെ നിയമനത്തിന് വി.സിയുടെ മേൽ സമ്മർദ്ദം ചെലുത്തുകയാണത്രെ.
ഉത്തരക്കടലാസ് നഷ്ടപെട്ടത് സംബന്ധിച്ച് പൊലീസ് രജിസ്റ്റർചെയ്ത കേസിന്റെ അന്തിമ വിധിക്കു വിധേയമായി നിയമനം നൽകാവുന്നതാണെന്നാണ് നിയമോപദേശം. അറബിക് ഭാഷാ ഗവേഷണത്തിന് കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരങ്ങൾ നേടിയ അപേക്ഷകരുൾപ്പടെയുള്ളവരെ ഒഴിവാക്കിയാണ് നിയമന നീക്കം. .