hot

തിരുവനന്തപുരം: സൂര്യൻ അൽപം കരുണകാട്ടിയാലും ഇക്കുറി വേനൽ മലയാളികളെ വല്ലാതെ പൊള്ളിച്ചേക്കുമെന്ന് മുന്നറിയിപ്പ്. പകൽ താപനില അധികം കൂടില്ലെങ്കിലും രാത്രിയിലെ താപനില കൂടും. നൂറ്റാണ്ടിലെ ഏറ്റവും കൂടിയ രാത്രി താപനിലയാണിപ്പോൾ-- 22.44ഡിഗ്രിസെൽഷ്യസ്. 1919ലാണ് ഇത്രയേറെ ചൂടുണ്ടായത്. അന്ന് 22.14ഡിഗ്രിയായിരുന്നു. രാത്രി താപനിലയിലെ വർദ്ധനവ് ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കും.

കടൽ ജലനിരപ്പിലെ ഉഷ്ണനിലയിലുണ്ടായ വ്യത്യാസം ഇന്ത്യയിൽ വേനൽ കാഠിന്യം ഇക്കുറി കൂട്ടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മേധാവി മൃത്യുജ്ഞയ് മഹാപാത്ര അറിയിച്ചു. ദക്ഷിണേന്ത്യയിൽ വേനൽമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഉയർന്ന താപനില കൂടാൻ സാദ്ധ്യതയില്ല.എന്നാൽ ഉത്തരേന്ത്യയിൽ വേനൽ കടുക്കും.

ഫെബ്രുവരി അവസാന ആഴ്ച പകൽ താപനില 35ന് മുകളിലേക്ക് കുതിച്ചു. കോട്ടയം, ആലപ്പുഴ,പുനലൂർ മേഖലകളിൽ ചൂട് 37ലെത്തി. 2016ലും 2019ലുമാണ് ഇതിന് മുമ്പ് കേരളത്തിൽ വേനൽ കടുത്തത്. 2016ൽ ഉഷ്ണതരംഗമുണ്ടായി. തുടർച്ചയായി പകൽതാപനില കൂടിനിൽക്കുകയും അന്തരീക്ഷത്തിലെ ആർദ്രത വല്ലാത കൂടുകയും ചെയ്യുന്ന സാഹചര്യമാണിത്. 2019ൽ ഉഷ്ണതരംഗമുണ്ടായില്ലെങ്കിലും സൂര്യാഘാത നിരക്ക് കൂടുതലായിരുന്നു. 1671 പേർക്ക് സൂര്യാതാപമേറ്റു. ഒരാൾ മരിച്ചു. 32പേർക്ക് സൂര്യഘാതമേറ്റു.

വേനൽ കടുക്കാനുളള സാഹചര്യം മുന്നിൽകണ്ട് ദുരന്തനിവാരണ അതോറിട്ടി ജാഗ്രതാമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മാർച്ച് 9,10 തീയതികളിൽ ആരോഗ്യ,ദുരന്തനിവാരണമേഖലയിലുള്ളവർക്ക് പരിശീലനം നടത്തുന്നുണ്ട്. സമൂഹത്തിൽ ബോധവത്കരണം നടത്താനാണിത്. പകൽ സമയങ്ങളിൽ കടുത്തജോലികൾ ചെയ്യുന്നവർ ഉച്ചയ്ക്ക് 12 മുതൽ 3 വരെ ജോലിയിൽ നിന്ന് മാറിനിൽക്കണമെന്ന് സംസ്ഥാന അസി.ലേബർ കമ്മിഷണർ കെ. ശ്രീലാൽ ഫെബ്രുവരി 15ന് നിർദ്ദേശം പുറപ്പെടുവിച്ചു. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ഇതുവരെ 688 സൈറ്റുകളിൽ പരിശോധന നടത്തി.

"അത്യുഷ്ണസാദ്ധ്യതയില്ല, ജനുവരി,ഫെബ്രുവരി മാസങ്ങളിൽ മിക്ക ജില്ലകളിലും ഒറ്റപ്പെട്ടതോതിൽ വേനൽമഴ ലഭിച്ചു.ഇത് ചൂടിന്റെ കാഠിന്യം കുറച്ചു. വരുന്ന മാസങ്ങളിലും വേനൽമഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് സൂചനകൾ"

കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഡയറക്ടർ

#സൂര്യാഘാത ലക്ഷണങ്ങൾ

തലവേദന,ശരീരതാപനിലയിൽ വർദ്ധന,കുറഞ്ഞ നാഡിമിടിപ്പ്,മന്ദത,പേശിവലിച്ചിൽ,മൂത്രത്തിൽ നിറവ്യത്യാസം,ബോധക്ഷയം,തൊലിയിൽ തിണർപ്പ്, കിതപ്പ് തുടങ്ങിയവ

#ശ്രദ്ധിക്കേണ്ടവർ

നാലുവയസിന് താഴെയുള്ള കുട്ടികൾ,​ 75 വയസിന് മുകളിൽ പ്രായമുള്ളവർ,​ ഗർഭിണികൾ, രക്തസമ്മർദ്ദമുള്ളവർ,​ കരൾ,വൃക്ക രോഗികൾ, ഹൃദ്രോഗികൾ