photo

പാലോട്: ബസ് യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയായ സ്ത്രീയെ പാലോട് പൊലീസ് അറസ്റ്റുചെയ്‌തു. തമിഴ്നാട് തൂത്തുക്കുടി അണ്ണാനഗർ, ഓടത്തെരുവിൽ കല്യാണിയാണ് (38) പിടിയിലായത്. ഇന്നലെ ഉച്ചയ്‌ക്ക് പാലോട് - വിതുര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. യാത്രാക്കാരി ബസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് മാല നഷ്ടമായെന്ന് മനസിലായത്. തുടർന്നുള്ള പരിശോധനയിൽ പാലോട് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ഗർഭിണിയാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാലോട് സർക്കാർ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഗർഭിണിയല്ലെന്ന് മനസിലായി. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റിമാൻഡ് ചെയ്‌തു. പാലോട് സി.ഐ സി.കെ. മനോജിന്റെ മേൽനോട്ടത്തിൽ, ഗ്രേഡ് എസ്.ഐ സാംരാജ്, എ.എസ്.ഐ അജി, എസ്.സി.പി.ഒമാരായ ബിജു, മനു, സുനിത, ഷൈലബീവി, നസീഹത് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.