doctors

തിരുവനന്തപുരം: ഉറപ്പ് നൽകിയ ശമ്പള കുടിശ്ശികയും അലവൻസും നൽകാത്തതിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്നു മുതൽ അനിശ്ചിതകാല സമരം നടത്തും. ഇന്നു മുതൽ വി.ഐ.പി ഡ്യൂട്ടി, പേ വാർഡ് ഡ്യൂട്ടി, നോൺ കോവിഡ്, നോൺ എമർജൻസി മീറ്റിംഗുകൾ, രോഗികളുമായോ അദ്ധ്യാപനവുമായോ ബന്ധമില്ലാത്ത ജോലികൾ തുടങ്ങിയവ ബഹിഷ്‌ക്കരിക്കും. കൊവിഡ്‌ ഇതര അത്യാവശ്യയോഗങ്ങളിലും പങ്കെടുക്കില്ല.

ഇന്ന് വഞ്ചനാദിനമായി ആചരിക്കും. നടപടി ഉണ്ടായില്ലെങ്കിൽ 17ന് 24 മണിക്കൂർ പണിമുടക്കുമെന്നും മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസയേഷൻ (കെ.ജി.എം.സി.ടി.എ) ഭാരവാഹികൾ അറിയിച്ചു.

ഡോക്ടർമാരുമായി രണ്ടാഴ്ച മുമ്പ് സർക്കാർ ചർച്ച നടത്തിയിരുന്നു.2016 മുതലുള്ള കുടിശ്ശികയും അലവൻസും ആവശ്യപ്പെട്ടെങ്കിലും 2017മുതലുള്ളത് അനുവദിക്കാമെന്ന് മന്ത്രിമാരായ കെ.കെ.ശൈലജയും തോമസ് ഐസക്കും ഉറപ്പ് നൽകി. എന്നാൽ അനുവദിച്ചത് 2019മുതലുള്ളതാണ്. ഇതിൽ പ്രതിഷേധിച്ചാണ് സമരം. ഈ മാസം 10ന് വൈകിട്ട് 6.30സെക്രട്ടേറിയറ്റിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. പണിമുടക്ക് ദിവസമായ 17ന് ഒ.പിയും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും, അദ്ധ്യാപനവും ബഹിഷ്‌കരിക്കും. അത്യാഹിത സർവീസുകൾ, ലേബർ റൂം, ക്യാഷ്വാലിറ്റി, അടിയന്തരശസ്ത്രക്രിയകൾ, വാർഡ് ഡ്യൂട്ടി, കൊവിഡ് ചികിത്സ എന്നിവ മുടക്കം കൂടാതെ നടത്തുമെന്നും കെ.ജി.എം.സി.ടി.എസംസ്ഥാന പ്രസിഡന്റ് ഡോ. എസ്. ബിനോയും സംസ്ഥാന സെക്രട്ടറി ഡോ. നിർമ്മൽ ഭാസ്‌കറും അറിയിച്ചു. സംസ്ഥാനത്തെ മറ്റെല്ലാ ജീവനക്കാർക്കും കാലതാമസം കൂടാതെ ശമ്പള വർദ്ധന നൽകിയപ്പോൾ സ്വന്തം ജീവൻ പോലും അവഗണിച്ചു സംസ്ഥാനത്തെ കൊവിഡ് ദുരന്തത്തിൽ നിന്നു കരകയറ്റാൻ പ്രയത്നിച്ച മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അർഹമായ ആനുകൂല്യങ്ങൾ ഉടൻ അംഗീകരിക്കണമെന്നും, അനാവശ്യസമരത്തിലേക്ക് തള്ളിയവിടരുതെന്നും ഡോക്ടർമാർ അഭ്യർത്ഥിച്ചു.