sslc
photo

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപക സംഘടനകൾ. പരീക്ഷകൾ നീട്ടിവയ്പിക്കാനുള്ള നീക്കം രാഷ്ട്രീയ മോഹഭംഗത്തിന്റെ ഭാഗമാണെന്നും അതിന് വിദ്യാർത്ഥികളെ ബലിയാടാക്കരുതെന്നും ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
മേയ് മാസത്തിൽ പരീക്ഷ നടത്തണമെന്ന് ഹയർ സെക്കൻഡറി അദ്ധ്യാപക സംഘടനകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാർച്ചിൽ തന്നെ പരീക്ഷ നടത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.

തിരഞ്ഞെടുപ്പിന് മുൻപ് ഫലപ്രഖ്യാപനം അസാദ്ധ്യമാകുമെന്നതിനാലാണ് ഇപ്പോൾ പരീക്ഷ നീട്ടിവയ്ക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത്. പാഠഭാഗങ്ങൾ നാൽപത് ശതമാനമായി കുറച്ച് അദ്ധ്യയനം നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ തയാറാക്കുകയും, മാതൃകാപരീക്ഷ ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ അവസാന നിമിഷം പരീക്ഷകൾ മാറ്റണമെന്ന ഭരണപക്ഷ അദ്ധ്യാപക സംഘടനയുടെ ആവശ്യം അനാവശ്യമാണെന്ന് എച്ച്.എസ്.എസ്.ടി.എ നേതാക്കളായ എം.സന്തോഷ് കുമാർ, അനിൽ എം ജോർജ്, ഡോ. എസ്.എൻ. മഹേഷ്‌ബാബു എന്നിവർ പറഞ്ഞു.

പരീക്ഷകൾ മാറ്റിവയ്ക്കരുതെന്ന് സംയുക്ത അദ്ധ്യാപകവേദിയും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കിട്ടുന്ന അദ്ധ്യാപകർക്ക് 17ന് മുമ്പോ പരീക്ഷ ഇല്ലാത്ത ദിവസങ്ങളിലോ പരിശീലനം നൽകാവുന്നതേയുള്ളൂ. തിരഞ്ഞെടുപ്പിന്റെ ഒരാഴ്ച മുമ്പേ പരീക്ഷ അവസാനിക്കുന്നത് കൊണ്ട് ബൂത്ത് ക്രമീകരണവും പരീക്ഷയെ ബാധിക്കില്ല. ഏപ്രിൽ 13 മുതൽ റംസാൻ വ്രതം ആരംഭിക്കുന്നതിനാൽ ആ സമയത്തെ പരീക്ഷ കുട്ടികളെ സാരമായി ബാധിക്കുമെന്നും അബ്ദുല്ല വാവൂർ, കരീം പടുകുണ്ടിൽ (കെ.എസ്.ടി.യു), കെ.ടി. അബ്ദുൽ ലത്തീഫ്, സി.ടി.പി. ഉണ്ണിമൊയ്തീൻ (കെ.എച്ച്.എസ്.ടി.യു), എം.വി. അലിക്കുട്ടി, ടി.പി. അബ്ദുൽ ഹക്ക് (കെ.എ.ടി.എഫ്) എന്നിവർ പറഞ്ഞു.