തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ വീണ്ടും അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റിൽ നിന്നും 10 കിലോ ഭാരമുള്ള ഗർഭാശയ മുഴ നീക്കം ചെയ്‌തു. കളിയിക്കാവിള സ്വദേശിയായ 47കാരിയിൽ നിന്നാണ് വലിപ്പമേറിയ മുഴ പുറത്തെടുത്തത്. വയറുപെരുക്കം, വയറുവേദന, കാലുകളിൽ നീരുകെട്ട് തുടങ്ങിയ ലക്ഷണങ്ങളുമായാണ് രോഗി ആശുപത്രിയിലെത്തിയത്. ഇവർ ഒരു വർഷത്തോളം വൈദ്യന്റെ ചികിത്സയിലായിരുന്നു. എം.ആർ.ഐ സ്‌കാൻ പരിശോധനയിൽ അണ്ഡാശയ കാൻസറാണെന്ന് കണ്ടെത്തുകയും തുടർന്ന് ലാപ്പറോട്ടമി ചെയ്യണമെന്ന നിഗമനത്തിലുമെത്തി. ലാപ്പറോട്ടമി പരിശോധനയിൽ മുഴ കണ്ടെത്തിയതോടെ ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ഹിസ്റ്ററക്ടമി ചികിത്സയിലൂടെ മുഴ പുറത്തെടുത്തു. അണ്ഡാശയങ്ങളും ഗർഭാശയവും ലിംഫ് നോഡുൾപ്പെടെ നീക്കം ചെയ്‌തു. പത്തോളജി പരിശോധനയിൽ മുഴ കാൻസറിന്റെ പ്രാരംഭ ഘട്ടമായ ബോഡർലൈൻ സ്റ്റേജാണെന്ന് സ്ഥിരീകരിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. പി. ബിന്ദു, ഡോ എ. സിമി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്തേഷ്യ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. ജയകുമാർ, പി.ജി വിദ്യാർത്ഥി ഡോ. കൃഷ്‌ണ എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് രോഗി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.