m

തിരുവനന്തപുരം: ദേശീയ അവാർഡിനായുള്ള പരിഗണനയ്‌ക്ക് പ്രിയദർശൻ സംവിധാനം ചെയ്‌ത മോഹലാൽ ചിത്രം 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹ"ത്തിന് മേഖലാ ജൂറിയൂടെ ഏഴ് നോമിനേഷനുകൾ ലഭിച്ചു. മികച്ച ചിത്രം, സംവിധാനം, അഭിനയം, വസ്ത്രാലങ്കാരം തുടങ്ങിയവയ്‌ക്കാണ് നോമിനേഷൻ ലഭിച്ചത്. മലയാളം - തമിഴ് മേഖലാ ജൂറിയുടെ നോമിനേഷനുകൾ പ്രധാന ജൂറിയുടെ മുന്നിലാണിപ്പോൾ. ആകെ അഞ്ച് മേഖലാ ജൂറികളാണ് ദേശീയ അവാർഡിന് പ്രാഥമിക തിരഞ്ഞെടുപ്പ് നടത്തുന്നത്. അതിൽ നിന്നാണ് പ്രധാന ജൂറി അവാർഡ് തീരുമാനിക്കുന്നത്. മേഖല ജൂറി നിരസിച്ച ചിത്രങ്ങളെ തിരിച്ചുവിളിക്കാനുള്ള അധികാരവും പ്രധാന ജൂറിക്കുണ്ട്.

റഹ്മാൻ സഹോദരന്മാർ ഒരുക്കിയ വാസന്തി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കട്ട്, മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി 17 മലയാള ചിത്രങ്ങൾക്കാണ് വിവിധ അവാ‌ർഡുകൾക്കുള്ള എൻട്രി ലഭിച്ചത്. മികച്ച നടനുള്ള പുരസ്കാരത്തിന് ഏറ്റവും കൂടുതൽ അംഗങ്ങൾ ശുപാർശ ചെയ്തത് തമിഴ്നടൻ പാർത്ഥിപന്റെ പേരാണ്. പാർത്ഥിപൻ രചനയും സംവിധാനവും നിർവഹിച്ച 'ഒത്ത സെരുപ്പി"ന് (ഒറ്റച്ചെരുപ്പ്) അഞ്ച് നോമിനേഷൻ ലഭിച്ചു. ഐ.എഫ്.എഫ്.ഐയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ചിത്രം പ്രദ‌‌ർശിപ്പിച്ചിരുന്നു.

വെട്രിമാരൻ സംവിധാനം ചെയ്ത ധനുഷ് ചിത്രം അസുരൻ, മധുമിത ഒരുക്കിയ കറുപ്പുദൂരൈ എന്നിവയുൾപ്പെടെ 12 തമിഴ് ചിത്രങ്ങൾക്കും നോമിനേഷൻ ലഭിച്ചു. മലയാളത്തിൽ നിന്നുള്ള 65 എണ്ണമുൾപ്പെടെ 109 ചിത്രങ്ങളാണ് മേഖലാ ജൂറിക്കു മുന്നിലെത്തിയത്.