തിരുവനന്തപുരം: വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രാദേശിക നേതാക്കളെ തഴയുന്നതായി കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വേളയിൽ ഉയർന്ന ആക്ഷേപം നിയമസഭാ തിരഞ്ഞെടുപ്പിലും ചർച്ചയാവുന്നു.
ശക്തമായ ത്രികോണമത്സരം പ്രതീക്ഷിക്കുന്ന വട്ടിയൂർക്കാവിൽ സി.പി.എമ്മിന്റെ സിറ്റിംഗ് എം.എൽ.എ വി.കെ. പ്രശാന്തിനെ എതിരിടാൻ പോന്ന ജനപ്രിയമുഖങ്ങളെ തഴഞ്ഞ്, പുറത്ത് നിന്നുള്ളവരെ കൊണ്ടുവരാൻ നീക്കമെന്ന ആക്ഷേപമാണ് പ്രാദേശികനേതൃത്വം ഉയർത്തുന്നത്. മുൻ അന്താരാഷ്ട്ര നയതന്ത്രജ്ഞൻ വേണു രാജാമണിയുടെ പേരിന് മുൻതൂക്കം നൽകിയുള്ള സ്ഥാനാർത്ഥി സാദ്ധ്യതാപട്ടിക ചർച്ച ചെയ്യപ്പെടുമ്പോഴാണ്, പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽ എതിർസ്വരങ്ങളുയരുന്നത്. എ.ഐ.സി.സി മുൻകൈയെടുത്ത് നടത്തിയ സർവേയിലടക്കം വട്ടിയൂർക്കാവിൽ പ്രാദേശികതലത്തിൽ മുൻതൂക്കം കിട്ടിയത് കോർപ്പറേഷൻ മുൻ പ്രതിപക്ഷനേതാവും വർഷങ്ങളായി വട്ടിയൂർക്കാവ് മണ്ഡലം യു.ഡി.എഫ് കൺവീനറുമായ ഡി. സുദർശനനാണ്. അദ്ദേഹം ഉൾപ്പെടെയുള്ളവരെ തഴയുന്നുവെന്നാണ് ആക്ഷേപം.
വട്ടിയൂർക്കാവ് മുൻ എം.എൽ.എ കെ. മുരളീധരൻ എം.പിയും, ശശി തരൂർ എം.പിയും നിർദ്ദേശിച്ചത് സുദർശനനെയാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മനസ്സ് തുറന്നിട്ടില്ല.
ബി.ജെ.പി അവരുടെ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനെ മത്സരിപ്പിക്കാനാണ് നീക്കം.
2011ലെ മണ്ഡല പുനർവിഭജനത്തിന് ശേഷം പഴയ തിരുവനന്തപുരം നോർത്ത് രൂപം മാറിയാണ് വട്ടിയൂർക്കാവായത്. മണ്ഡലത്തിന്റെ അതിർത്തികൾ നിർണയിക്കപ്പെട്ടപ്പോൾ യു.ഡി.എഫിന് മേൽക്കൈയുള്ള പ്രദേശങ്ങൾക്കാണ് ഭൂരിപക്ഷമെന്നും ആ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ശക്തനായ സ്ഥാനാർത്ഥി മത്സരരംഗത്തുണ്ടാകണമെന്നുമാണ് പ്രാദേശിക നേതാക്കളുടെ വാദം.
ആർ.വി. രാജേഷ്, ജ്യോതി വിജയകുമാർ, വീണ എസ്. നായർ തുടങ്ങി നിരവധി പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും പ്രാദേശികതലത്തിൽ ഡി. സുദർശനന്റെ പേരിനാണ് മേൽക്കൈ. ഈഴവ സമുദായാംഗമായ അദ്ദേഹം മറ്റ് വിഭാഗങ്ങൾക്കിടയിലും പൊതു സ്വീകാര്യനാണ്. ഉപ തിരഞ്ഞെടുപ്പിൽ കെ. മോഹൻകുമാറിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയപ്പോഴും സമാന രീതിയിൽ അപസ്വരങ്ങളുയർന്നിരുന്നു.