
ആലുവ: നൊച്ചിമ - തായിക്കാട്ടുകര റോഡിന്റെ നവീകരണം ജനങ്ങൾക്ക് ദുരിതമായി. റോഡിന്റെ ടാറിംഗ് വീതി കൂട്ടുന്നതിന്റെ ഭാഗമായി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളാണ് പൊടിശല്യത്തിന് കാരണം. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിന്റെ ഇരുവശങ്ങളിലും നാൽപ്പത് സെന്റീമീറ്റർ ആഴത്തിൽ മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. തുടർന്ന് അവിടെ കുറച്ച് മെറ്റലും മെറ്റൽ പൊടിയും ഇടുകയായിരുന്നു. റോഡിന് നടുവിൽ മെറ്റൽ പൊടി ടിപ്പറിൽ ഇറക്കി ഇരുവശങ്ങളിലേക്കും ജെ.സി.ബിക്ക് തള്ളിമാറ്റുകയാണ്. ബാക്കിയുള്ളവ പൊടി കാറ്റിലും വാഹനങ്ങൾ പോകുമ്പോഴും പറന്ന് സമീപ വീടുകളിലും കടകളിലും കാൽനടക്കാർക്കും ബുദ്ധിമുട്ടാണ് ഉണ്ടാക്കുകയാണ്. കഴിഞ്ഞ ദിവസം നാട്ടുകാർ സംഘടിച്ച് നിർമ്മാണം തടസപ്പെടുത്തിയതിനെ തുടർന്ന് ഒരു ചെറിയ ടാങ്കർ വണ്ടിയിൽ പനിനീർ തളിക്കുന്നതു പോലെ വെള്ളമൊഴിച്ചു. രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും പൊടിശല്യം രൂക്ഷമാകുകയും ചെയ്തു. പൊടിശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ബി.ജെ.പി.ആലുവ നിയോജക മണ്ഡലം സെക്രട്ടറി പ്രദീപ് പെരുംപടന്ന ആവശ്യപ്പെട്ടു. എത്രയും വേഗത്തിൽ നിർമ്മാണം പൂർത്തീകരിക്കണമെന്നും പ്രദീപ് ആവശ്യപ്പെട്ടു.