
കാഞ്ഞങ്ങാട്: വൈദ്യുതി ഉദ്പാദന പ്രസരണ വിതരണ മേഖലയിൽ വടക്കേ മലബാറിന്റെ പ്രശ്‌നങ്ങൾക്ക് പൂർണ്ണപരിഹാരം ഉണ്ടാക്കാവുന്ന പദ്ധതികളുമായി കെ.എസ്.ഇ.ബി. 900 കോടി ചെലവിൽ കരിന്തളത്ത് 400 കെ.വി. സബ് സ്റ്റേഷൻ യാഥാർത്ഥ്യമാകുന്ന സ്വപ്ന പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു.
നിലവിൽ കേരളത്തിന്റെ തെക്കൻ ജില്ലകളിൽ വൈദ്യുതി തകരാർ സംഭവിച്ചാൽ ഇത് ബാധിക്കുന്നത് കാസർകോട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിലാണ്. ഉഡുപ്പി 2000 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള താപനിലയത്തിൽ നിന്നും കരിന്തളത്തിലേക്ക് 400 കെ.വി. ലൈൻ വലിച്ച് കരിന്തളത്ത് സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതാണ് പദ്ധതി. കാഞ്ഞങ്ങാട് മിനി വൈദ്യുതിഭവൻ കൂടി ആകുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ഭവനില്ലാത്ത ജില്ലയെന്ന കാസർകോടിന്റെ ദുഷ്‌പേരും നീങ്ങും.
11450 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ 3 നിലകളുള്ള കെട്ടിടമാണ് കാഞ്ഞങ്ങാട്ട് വൈദ്യുതിഭവനായി യാഥാർത്ഥ്യമാകുന്നത്. വൈദ്യുതി വകുപ്പിന് സ്വന്തമായുള്ള 29 സെന്റ് സ്ഥലത്താണിത്. ഭീമമായ വാടക നൽകിയാണ് നിലവിൽ ഡിവിഷൻ ഓഫീസ് പോലും പ്രവർത്തിക്കുന്നത്. വൈദ്യുതി ഭവൻ യാഥാർത്ഥ്യമാകുന്നതോടെ സെക്ഷൻ ഓഫീസ്, ഡിവിഷൻ ഓഫീസ്, സബ് ഡിവിഷൻ ഓഫീസുകൾ, കോൺഫറൻസ് ഹാൾ, കെ.എസ്.ഇ.ബി എക്‌സികുട്ടീവ് റൂമുകൾ തുടങ്ങിവ ഇതിലേക്ക് മാറും.
നിലവിൽ വയനാട്, കാസർകോട് ജില്ലയിൽ മാത്രമാണ് മിനി വൈദ്യുതി ഭവൻ ഇല്ലാത്ത സ്ഥിതിയുള്ളത്. 39.68 കോടി ചെലവിൽ നിർമ്മാണം പുരോഗമിക്കുന്ന കോലത്ത്നാട്, കാഞ്ഞിരോട്, മൈലാട്ടി ലൈൻ പാക്കേജിന്റെ പ്രവൃത്തിയും നടക്കുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച് പൂർത്തീകരിച്ച രാജപുരം 37 സബ് സ്റ്റേഷൻ, വെള്ളൂട 50 കെ.വി സൗരോർജ പ്ലാന്റ് എന്നിവയാണ് ഈ കാലയളവിൽ യാഥാർത്ഥ്യമായ മറ്റൊരു പദ്ധതി.