
കല്ലറ: നാടു മുഴുവൻ ജലസംഭരണികളും പുഴകളുമൊക്കെ ശുചീകരിക്കുന്ന പ്രവർത്തനം നടക്കുമ്പോഴും ഒഴുകാനാകാതെ മലിനമായി കിടക്കുകയാണ് മരുതമണിലെ തോട്. ഒരുകാലത്ത് നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിച്ചിരുന്ന മരുതമൺ തോടാണ് മലിനമായിരിക്കുന്നത്. അനധികൃത കൈയേറ്റങ്ങളും ശുചീകരണം ഇല്ലാത്തതും കാരണം നാശത്തിന്റെ വക്കിലാണ് ഈ തോട്. വിവിധ സ്ഥലങ്ങളിൽ നിന്ന് മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെ മാലിന്യങ്ങൾ തള്ളുന്ന ഇടമായിരിക്കുകയാണ് ഇവിടം.
കല്ലറ പാങ്ങോട് പഞ്ചായത്തുകളുടെ അതിർത്തിയായതിനാൽ ഇരു പഞ്ചായത്തുകളും തോടിന്റെ കാര്യത്തിൽ ജാഗ്രത പുലർത്താറില്ല. തണ്ണിക്കയത്തിന് സമീപം അപ്പൂപ്പൻ പാറയിൽ നിന്ന് ആരംഭിച്ച് പൂവൻപാറ ആറ്റിലാണ് തോട് അവസാനിക്കുന്നത്. തോടിലെ ചെളിയും കാടും മാറ്റുകയും കൈയേറ്റങ്ങൾ ഒഴിപ്പിച്ച് പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുകയും ചെയ്താൽ കൃഷി ആവശ്യത്തിനും മറ്റും ഉപയോഗിക്കാൻ കഴിയും. കുടിവെള്ളക്ഷാമം ഏറെയുള്ള പ്രദേശത്ത് പ്രാദേശികമായി ജല ശുദ്ധീകരണ സംവിധാനവും പമ്പ് ഹൗസും സ്ഥാപിച്ചാൽ കുടി വെള്ള ക്ഷാമത്തിനും പരിഹാരമാകും.