editorial-

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയം മുന്നണികൾക്ക് എന്നും വലിയ തലവേദന തന്നെയാണ്. ഭൈമീകാമുകന്മാർ അനവധിയും, മുന്നണി സംവിധാനത്തിൽ ഓരോ കക്ഷിക്കും മത്സരിക്കാൻ ലഭിക്കുന്ന സീറ്റുകൾക്ക് പരിമിതിയും ഉള്ളതിനാൽ സ്ഥാനമുറപ്പിക്കാൻ പലരും നെട്ടോട്ടമാണ്. ആദർശം പറയുന്നവർ പോലും അവകാശവാദങ്ങളുമായി മുന്നോട്ടു വരുന്നതു കാണാം. രാജാധികാരം പോലെ ആയുഷ്‌കാലം കസേര വിട്ടുകൊടുക്കാൻ തയ്യാറാകാത്തവരുണ്ട്. രണ്ടോ മൂന്നോ തവണ സീറ്റ് നിലനിറുത്താനായാൽ തുടർന്നും അത് അവകാശമായി മാറുന്നത് ഇവിടെ മാത്രമല്ല രാജ്യത്തുടനീളമുള്ള പ്രതിഭാസമാണ്. പുരോഗമനാശയവും ആദർശവും കാത്തുസൂക്ഷിക്കണമെന്നു നിർബന്ധമുള്ള ചില പാർട്ടികൾ അടുത്തകാലത്തായി ഇക്കാര്യത്തിൽ ചില നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും വച്ചിട്ടുണ്ട്. പുതിയ ആളുകൾക്ക് അവസരം നൽകുക എന്ന സദുദ്ദേശമാണ് ഇതിനു പിന്നിൽ. എന്നാൽ കോൺഗ്രസിനെപ്പോലുള്ള പാരമ്പര്യവും പഴക്കവുമുള്ള പാർട്ടികളിൽ പലതും ഇപ്പോഴും സമീപനം വേണ്ടത്ര ഉദാരമാക്കിയിട്ടില്ല. സ്ഥാനാർത്ഥി നിർണയ വേളയിൽ നടക്കുന്ന കൂട്ടയടിയും തെറ്റിപ്പിരിയലുമൊക്കെ അതിനു തെളിവാണ്.

ഏതായാലും തങ്ങൾ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഏതാനും മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പ്രഖ്യാപനം ഇപ്പോഴത്തെ സാഹചര്യത്തിൽ അഭിനന്ദിക്കപ്പെടേണ്ടതു തന്നെയാണ്. മത്സരരംഗത്തുണ്ടാകുമെന്ന് ഈ അടുത്ത ദിവസം വരെ കേട്ടിരുന്ന കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരത്തിനില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചുകഴിഞ്ഞു. അതുപോലെ സീനിയർ നേതാക്കളായ വി.എം. സുധീരൻ, പി.ജെ. കുര്യൻ എന്നിവരും മത്സരത്തിനില്ലെന്നു അറിയിച്ചിട്ടുണ്ട്. വളരെ നല്ല നിലപാടാണിത്. നിയമസഭയിലും പാർലമെന്റിലും പലകുറി അംഗങ്ങളായിരുന്നവർ പുതുതലമുറയ്ക്കായി വഴിമാറിക്കൊടുക്കേണ്ടത് ആവശ്യം തന്നെയാണ്. പാർട്ടിയെയും ജനങ്ങളെയും സേവിക്കാൻ നിയമസഭാംഗത്വം വേണമെന്നു നിർബന്ധമൊന്നുമില്ല. നിയമസഭയ്ക്ക് പുറത്തു നിന്നുകൊണ്ടുതന്നെ ജനസേവനം സാദ്ധ്യമാണെന്ന് പാർട്ടിയുടെ ആദ്യകാല നേതാക്കൾ തന്നെ കാണിച്ചുതന്നിട്ടുള്ളതാണ്. തിരഞ്ഞെടുപ്പുകാലം അടുക്കുമ്പോൾ സമ്മർദ്ദ ഗ്രൂപ്പുകളുണ്ടാക്കി സ്ഥാനാർത്ഥിത്വം തരപ്പെടുത്താനുള്ള അടവുകൾ പണ്ടേ പരിചിതമാണ്. തനിക്കു ശേഷം പ്രളയം എന്ന മനോഭാവം വച്ചു പുലർത്തുന്ന നേതാക്കൾക്കും കുറവൊന്നുമില്ല. അധികാരവും സ്ഥാനമാനങ്ങളും പിന്തുടർച്ചാവകാശം പോലെ കൈമാറുന്ന സമ്പ്രദായവും ജനാധിപത്യത്തിന് യോജിച്ചതാണെന്ന് പറയാനാവില്ല.

കെ.പി.സി.സിയുടെ തിരഞ്ഞെടുപ്പ് സമിതി യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്നപ്പോൾ നാലോ അഞ്ചോ ടേം കഴിഞ്ഞവർ സ്വയം മാറിനിൽക്കണമെന്ന അഭിപ്രായം ഉയർന്നുവന്നത് നേതൃത്വം ഗൗരവപൂർവം പരിഗണിക്കേണ്ടതാണ്. ഈ നിർദ്ദേശം തന്നെ അർഹമായതിലും അധികമല്ലേ എന്ന സന്ദേഹം ന്യായമാണ്. നാലും അഞ്ചും ടേം എന്നതിനു പകരം രണ്ടോ മൂന്നോ എന്നാക്കി മാറ്റുകയല്ലേ ഉചിതമെന്ന് പരിശോധിക്കണം. പുതിയ ആളുകൾ വരട്ടെ. വർഷങ്ങളായി പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്നവരിൽ കുറച്ചുപേർക്കെങ്കിലും പുതിയ അവസരം ലഭിക്കേണ്ടതുതന്നെയാണ്. അതോടൊപ്പം വനിതകൾക്കും ലഭിക്കണം അർഹമായ പ്രാതിനിദ്ധ്യം. വീതം വച്ചുകഴിയുമ്പോൾ വനിതകളുടെ സ്ഥാനം അടുക്കളയിൽത്തന്നെയാകാറാണു പതിവ്. കോൺഗ്രസ് മാത്രമല്ല എല്ലാ കക്ഷികളും പരിഗണിക്കേണ്ട കാര്യമാണിത്. അതുപോലെ സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക പ്രാതിനിദ്ധ്യം ഉറപ്പാക്കുന്നതിലും വീഴ്ച ഉണ്ടാകരുത്. കഴിഞ്ഞ കാലത്തെ തിക്താനുഭവം മനസിലുള്ളതുകൊണ്ടാണ് ഇതു ആവർത്തിച്ചു പറയേണ്ടിവരുന്നത്.