kamal

താരപ്പകിട്ടില്ലാത്ത തിരഞ്ഞെടുപ്പ് തമിഴ് മക്കൾക്ക് സങ്കല്പിക്കാനിവില്ല. കഴിഞ്ഞ തവണ ഇരുവശത്തുമായി നിന്ന് പട നയിച്ച കരുണാനിധിയും ജയലളിതയും ഇപ്പോഴില്ല. പടയെടുത്ത് വരുമെന്ന് പറഞ്ഞ രജനികാന്ത് പിന്മാറി. കമലഹാസനാണ് ഇത്തവണ മൂന്നാം മുന്നണിയുമായി മാറ്റുരയ്ക്കുന്ന സൂപ്പർതാരം. ശരത്കുമാർ, ഭാര്യ രാധിക, ഖുശ്ബു, ഗൗതമി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. വിജയകാന്ത് അനാരോഗ്യം കാരണം മാറിനിൽക്കാനാണ് സാദ്ധ്യത.

2016ലെ തിരഞ്ഞെടുപ്പിൽ വിജയകാന്തിന്റെ ഡി.എം.ഡി.കെയുടെ നേതൃത്വത്തിൽ മൂന്നാം മുന്നണി രൂപീകരിച്ചിരുന്നു. ഈ മുന്നണിയിലായിരുന്നു സി.പി.എമ്മും സി.പി.ഐയും. 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പായപ്പോഴേക്കും ഡി.എം.ഡി.കെ അണ്ണാ ഡി.എം.കെ-ബി.ജെ.പി മുന്നണിയിൽ ചേർന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഡി.എം.കെ- കോൺഗ്രസ് മുന്നണിക്കൊപ്പവും പോയി.

ആലന്തൂരിലും കോയമ്പത്തൂർ സൗത്തിലുമാണ് കമലഹാസൻ ജനവിധി തേടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കമലിന്റെ മക്കൾ നീതിമയ്യത്തിന് ആലന്തൂരിൽ 10ശതമാനം വോട്ട് നേടാനായി. ഇവിടെ 2011ൽ ഡി.എം.ഡി.കെ അട്ടിമറി വിജയം നേടിയ ചരിത്രവുമുണ്ട്. സീറ്റ് വിഭജനത്തിന്റെ പേരിൽ ഡി.എം.കെയുമായി ഉടക്കി നിൽക്കുന്ന കോൺഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് ക്ഷണിച്ചിരിക്കയാണ് കമൽ.

ശരത്തും രാധികയും കമലിനൊപ്പം

സമത്വമക്കൾ കക്ഷി നേതാവായ നടൻ ശരത്‌കുമാർ കഴിഞ്ഞ തവണ അണ്ണാ ഡി.എം.കെ മുന്നണിയിൽ ചേർന്ന് രണ്ടില ചിഹ്നത്തിൽ തിരിച്ചെന്തൂരാണ് ജനവിധി തേടിയത്. പക്ഷേ പരാജയപ്പെട്ടു. 2011ൽ തെങ്കാശിയിൽ വിജയിച്ചിരുന്നു. അന്ന് പാർട്ടിക്ക് രണ്ട് എം.എൽ.എമാരുണ്ടായിരുന്നു. ശരത്തിന്റെ ഭാര്യ രാധികയുടെ മണ്ഡലം തീരുമാനിച്ചിട്ടില്ല. കമലഹാസന്റെ 'ചിപ്പിക്കുൾ മുത്ത്' ഉൾപ്പെടെ ഹിറ്റ് ചിത്രങ്ങളിൽ രാധിക നായികയായിട്ടുണ്ട്.

ഖുശ്ബുവും ഉദയനിധിയും നേർക്കുനേർ

ഡി.എം.കെയിലും കോൺഗ്രസിലും പ്രവർത്തിച്ചപ്പോഴൊക്കെ മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും ഇപ്പോൾ ബി.ജെ.പിയിൽ ചേർന്നപ്പോഴാണ് ഖുശ്ബുവിന് അത് സാദ്ധ്യവാമുന്നത്. കരുണാനിധി മൂന്നു തവണ വിജയിച്ച ചെപ്പോക്കാണ് മണ്ഡലം. ഖുശ്ബു ഇവിടെ പ്രവർത്തനവും ആരംഭിച്ചു. സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനാണ് ഡി.എം.കെ സ്ഥാനാർത്ഥി.

രാജപാളയം വാഴാൻ ഗൗതമി

ബി.ജെ.പിയിൽ ചേർന്നു പ്രവർത്തിക്കുന്ന നടി ഗൗതമിക്ക് രാജപാളയം സീറ്റ് നൽകും. വിരുതുനഗർ ജില്ലയിലെ ഈ മണ്ഡലത്തിൽ ഡി.എം.കെയ്ക്കും അണ്ണാ ഡി.എം.കെയ്ക്കും തുല്യ സ്വാധീനമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡി.എം.കെ സ്ഥാനാർത്ഥി തങ്കപാണ്ഡ്യൻ ജയിച്ചത് 4,802 വോട്ടിനാണ്. കമലഹാസനൊപ്പം കഴിഞ്ഞിരുന്ന ഗൗതമി അടുത്തിടെയാണ് വേർപിരിഞ്ഞത്.

സീമാനും കരുണാസും

സ്വന്തം പാർട്ടി ഉണ്ടാക്കിയവരാണ് നടന്മാരായ കരുണാസും സീമാനും. മുക്കളുത്തൂർ തുലിപ്പടൈ നേതാവായ കരുണാസ് കഴിഞ്ഞ തവണ അണ്ണാ ഡി.എം.കെക്കൊപ്പം ചേർന്ന് നഗപട്ടണത്തെ തിരുവടന്തായ് മണ്ഡലത്തിൽ ജയിച്ചിരുന്നു. ഇത്തവണയും മുന്നണിയിൽ തുടരുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. നാം തമിഴർ കക്ഷി രൂപീകരിച്ച സീമാൻ തീവ്രനിലപാട് കൊണ്ടാണ് ശ്രദ്ധേയനായത്. ഒറ്റയ്ക്കാണ് തിര‌ഞ്ഞെടുപ്പിനെ നേരിടുന്നത്.