
തിരുവനന്തപുരം: കഴക്കൂട്ടത്തെ കാത്തിരിക്കുന്നത് ഇക്കുറി വി.ഐ.പി പോരാട്ടം. ഇടതുമുന്നണിയിൽ നിന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സ്ഥാനാർത്ഥിയെന്ന് ഉറപ്പായി. ബി.ജെ.പി കേന്ദ്രമന്ത്രി വി. മുരളീധരനെയാണ് പരിഗണിക്കുന്നത്. അദ്ദേഹം വന്നില്ലെങ്കിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനായിരിക്കും. രണ്ടായാലും മണ്ഡലത്തിന് വി.ഐ.പി മുഖച്ഛായ തന്നെ. ഇനി യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയാരാണെന്നേ അറിയാനുള്ളു. ഡോ. എസ്.എസ്. ലാൽ, മുൻ എം.എൽ.എ എം.എ. വാഹിദ്, എം.എ. ലത്തീഫ് തുടങ്ങിയ പേരുകളാണ് കേൾക്കുന്നത്.
2016-ലെ ഏറ്റുമുട്ടൽ
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വി. മുരളീധരനും കടകംപള്ളി സുരേന്ദ്രനും കോൺഗ്രസിന്റെ എം.എ. വാഹിദുമാണ് ഏറ്റുമുട്ടിയത്. അന്ന് അവർക്ക് മന്ത്രിപരിവേഷങ്ങളില്ലായിരുന്നു. 7347വോട്ടുകൾക്കാണ് കടകംപളളി സുരേന്ദ്രൻ വിജയിച്ചത്. വി. മുരളീധരൻ രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസ് മൂന്നാം സ്ഥാനത്തായി.
എ.കെ. ആന്റണിയെയും എം.വി. രാഘവനെയും തലേക്കുന്നിൽ ബഷീറിനെയും എം.എം. ഹസനെയും പോലുള്ള യു.ഡി.എഫിലെ അതികായർ മത്സരിച്ച് വിജയിച്ച കഴക്കൂട്ടത്തിപ്പോൾ അവർക്ക് പഴയ പ്രൗഢി കഴിഞ്ഞ നിയമസഭാ, ലോക് സഭാതിരഞ്ഞെടുപ്പിൽ പുറത്തെടുക്കാനായില്ല. തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ ഇടതുമുന്നണിയുടെ മേൽകൈയാണ് പ്രകടമായത്. മണ്ഡലത്തിൽ അടുത്തിടെ ബി.ജെ.പിക്കുണ്ടായ മുന്നേറ്റമാണ് രാഷ്ട്രീയ സാഹചര്യം മാറ്റിയത്.
ബി.ജെ.പിക്ക് വോട്ടുകൂടി
2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 10070 വോട്ടുകൾ നേടിയ ബി.ജെ.പി 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് 41829 ആയി കുത്തനെ ഉയർത്തി. അന്ന് സംസ്ഥാനത്ത് ബി.ജെ.പി ഒന്നാമതെത്തിയ നാലു നിയമസഭാ മണ്ഡലങ്ങളിലൊന്ന് കഴക്കൂട്ടമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 42732 വോട്ട് നേടി. എന്നാൽ നവംബറിൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ഇൗ നേട്ടം അവർക്ക് ആവർത്തിക്കാനായില്ല. തിരുവനന്തപുരം കോർപ്പറേഷനിലെ 18 വാർഡുകളുൾപ്പെടുന്നതാണ് കഴക്കൂട്ടം മണ്ഡലം. ഇതിൽ 11ഉം ഇടതുമുന്നണി നേടി. ബി.ജെ.പിക്ക് നാലും യു.ഡി.എഫിന് രണ്ടും കിട്ടി.
കഴക്കൂട്ടത്തിന് മെട്രോ സംസ്കാരം
അതിവേഗം വളരുന്ന നഗരപ്രദേശമാണ് കഴക്കൂട്ടം. ടെക്നോപാർക്കും നിരവധി പൊതുമേഖലാസ്വകാര്യസ്ഥാപനങ്ങളും അതിനോട് ചേർന്നുള്ള ഐ.ടി അനുബന്ധസ്ഥാപനങ്ങളും ജീവനക്കാരുമെല്ലാം ചേർന്ന് ഒരു മെട്രോ സംസ്കാരമുണ്ട്. വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരു ഉപനഗരത്തിന്റെ സ്വഭാവവമുണ്ട്. അന്യനാടുകളിൽ നിന്നെത്തി ടെക്‌നോപാർക്കിലും മറ്റും ജോലിചെയ്യുന്ന നിരവധി പേർ ഇപ്പോൾ കഴക്കൂട്ടം മണ്ഡലത്തിലെ വോട്ടർമാരാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി പ്രവചനാതീതമാണിവിടുത്തെ സ്ഥിതി.
പഴയ പോരാട്ടം
മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയെ നിയമസഭയിലെത്തിക്കാൻ നിയമസഭാ അംഗത്വം തലേക്കുന്നിൽ ബഷീർ ഒഴിഞ്ഞപ്പോൾ കഴക്കൂട്ടം ദേശീയശ്രദ്ധയിലെത്തി. 1977-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 8669 വോട്ടുകൾക്കാണ് ആന്റണി സി.പി.എമ്മിലെ പിരപ്പൻകോട് ശ്രീധരൻനായരെ പരാജയപ്പെടുത്തിയത്. 1980ലും 1982ലും എം.എം.ഹസനും കഴക്കൂട്ടത്തുനിന്ന് നിയമസഭയിലെത്തി.
1987-ൽ ഇടതുമുന്നണി സ്വതന്ത്ര നബീസാഉമ്മാൾ നാവായിക്കുളം റഷീദിനെ തോൽപ്പിച്ചു. 1991ൽ നബീസാഉമ്മാൾ തോറ്റു. എം.വി. രാഘവനായിരുന്നു അന്ന് വിജയി. 1996-ൽ സി.പി.എമ്മിലെ കടകംപള്ളി സുരേന്ദ്രൻ 24057 വോട്ടിന്റെ വൻഭൂരിപക്ഷത്തിന് മണ്ഡലം പിടിച്ചു. 2001ൽ എം.എ. വാഹിദായിരുന്നു വിജയി. കോൺഗ്രസ് വിമതസ്ഥാനാർത്ഥിയായി എത്തി വിജയം നേടുകയായിരുന്നു അന്ന് വാഹിദ്. 2006ൽ കടകംപള്ളി സുരേന്ദ്രന് പിഴച്ചു. വാഹിദ് ആയിരുന്നു അന്നും വിജയി. 215 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിന് വാഹിദ് കടകംപള്ളിയെ മറികടക്കുകയായിരുന്നു. 2011ലും വാഹിദ് വിജയം ആവർത്തിച്ചു. ഇടതുമുന്നണിയിലെ സി. അജയകുമാറിനെയാണ് വാഹിദ് തോൽപ്പിച്ചത്.
2016ലെ വോട്ട് നില
കടകംപള്ളി സുരേന്ദ്രൻ( എൽ.ഡി.എഫ്) 50079
വി.മുരളീധരൻ(ബി.ജെ.പി) 42732
എം.എ.വാഹിദ് ( യു.ഡി.എഫ്.) 38602