doctors

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പള കുടിശിക നൽകാത്തതിലും എൻട്രി കേഡർ, കരിയർ അഡ്വാൻസ്‌മെന്റ് പ്രൊമോഷന്റെ കാലയളവിലെ അപാകതകൾ പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളേജ് ഡോക്ടർമാർ വഞ്ചനാദിനം ആചരിച്ചു. മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പലിന്റെ ഓഫീസിനു മുന്നിലും തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫീസിനു മുന്നിലും മാർച്ചും ധർണയും നടത്തി.

ഡി.എം.ഇ ഓഫീസിനു മുന്നിലെ ധർണ കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.എസ്. ബിനോയ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ. നിർമ്മൽ ഭാസ്‌കർ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിലായിരുന്നു പ്രതിഷേധം.

ഇന്നുമുതൽ അനിശ്ചിതകാല ചട്ടപ്പടി സമരം നടത്തും. വി.ഐ.പി ഡ്യൂട്ടി, പേ വാർഡ് ഡ്യൂട്ടി, നോൺ കൊവിഡ് നോൺ എമർജൻസി മീറ്റിംഗുകൾ എന്നിവയും അധികജോലികളും ബഹിഷ്‌കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.