
ബാധകയറൽ എന്നൊക്കെയുള്ള ഒരുപാട് മിഥ്യാധാരണകൾ നിലനിൽക്കുന്ന ഒരു അസുഖമാണ് ജെന്നിയെന്ന ചുഴലി അഥവ അപസ്മാരം. നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറിലെ ഞരമ്പുകളും അവ തമ്മിലുള്ള സംവേദനവുമാണ്. ഞരമ്പുകൾ ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കളോ വൈദ്യുത തരംഗങ്ങളോ വഴിയാണ് ഈ പരസ്‌പരസംവേദനം സാദ്ധ്യമാകുന്നത്.
ഇപ്രകാരം സംവദിക്കുന്നതിലെ തകരാറ് കാരണം ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ജെന്നിക്ക് ആധാരം. തുടർച്ചയായുള്ള ജെന്നിയെയാണ് അപസ്മാരം എന്ന് വിളിക്കുന്നത്.
ലക്ഷണങ്ങൾ
ശരീരം മുഴുവനായും പ്രത്യേകിച്ച്, കൈകാലുകളുടെയും തലയുടെയും വെട്ടൽ. ബോധക്ഷയവും അറിയാതെയുള്ള മലമൂത്ര വിസർജ്ജനവും ചിലപ്പോൾ ഇതോടൊപ്പം ഉണ്ടാകാം. നാക്കിൽ മുറിവേൽക്കുന്നതും സാധാരണമാണ്.
ഹ്രസ്വ നേരത്തേയ്ക്കുള്ള മയക്കം അല്ലെങ്കിൽ ആശയക്കുഴപ്പം.
ഇടയ്ക്കിടയ്ക്ക് പെട്ടന്ന് നിർദ്ദേശങ്ങളോടോ ചോദ്യങ്ങളോടോ താത്കാലികമായി പ്രതികരിക്കാതിരിക്കുക. വ്യക്തമായ കാരണമൊന്നുമില്ലാതെ ശരീരം പെട്ടന്ന് മരവിക്കുക. കാരണമൊന്നുമില്ലാതെ പെട്ടെന്ന് മറിഞ്ഞു വീഴുക.
പ്രത്യേകിച്ച് കാരണമില്ലാതെ വേഗത്തിൽ കണ്ണുചിമ്മുക.
ചവച്ചരച്ച് കൊണ്ടിരിക്കുക. താത്കാലികമായ അമ്പരപ്പോടെ നോക്കുന്നതും ആശയവിനിമയം നടത്താൻ കഴിയാത്തതുമായ അവസ്ഥ. സ്വമേധയാ തോന്നുന്നതും ആവർത്തിച്ചുള്ളതുമായ ചില പ്രത്യേകരീതിയിലുള്ള ശരീര ചലനങ്ങൾ. അകാരണമായ പരിഭ്രാന്തി അല്ലെങ്കിൽ കോപം എന്നിവയെല്ലാം ലക്ഷണങ്ങളാകാം. എന്നാൽ, ഇത്തരം ലക്ഷണങ്ങൾ എല്ലായ്പ്പോഴും ജെന്നിയുടേതാവണമെന്നില്ല.
മാനസിക അസ്വാസ്ഥ്യമുള്ളവരിലും മേൽപറഞ്ഞ പല ലക്ഷണങ്ങളും കണ്ടെന്നു വരാം. പെട്ടെന്നുള്ള ബോധക്ഷയം, ഹൃദയസംബന്ധമായ അസുഖം, സ്‌ട്രോക്ക് എന്നിവ കാരണമോ തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയോ ചെയ്താൽ ഇത്തരം അനുഭവങ്ങളുണ്ടാകാം. അതിനാൽ ഇത്തരം ലക്ഷണങ്ങൾ ജെന്നിയാണെന്ന് ഉറപ്പിക്കുന്നതിന് മുമ്പ് ഒരു ന്യൂറോളജി വിദഗ്ദ്ധന്റെ സേവനം തേടേണ്ടതാണ്.
ഡോ.എം.ജെ.സുശാന്ത്
ന്യൂറോ മെഡിസിൻ വിഭാഗം
എസ്.യു.ടി ആശുപത്രി
പട്ടം, തിരുവനന്തപുരം.