
തിരുവനന്തപുരം: മസാല ബോണ്ടിന്റെ പേരിൽ സർക്കാരിനെ വിരട്ടാൻ നോക്കേണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് മന്ത്രി തോമസ് ഐസക്. കേരള സർക്കാരിന്റെ ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പീഡിപ്പിക്കുകയാണ് ചെയ്തത്. സർക്കാരിന്റെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനറിയാം. തങ്ങൾക്കും പൊലീസൊക്കെയുണ്ടെന്നും ഐസക് മുന്നറിയിപ്പ് നൽകി. കിഫ്ബിയെ തകർക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാസീതാരാമൻ കൂടി പങ്കാളിയായ രാഷ്ട്രീയ ഗൂഢാലോചന മറനീക്കി പുറത്തുവന്നു. അതിനെ ജനങ്ങളെ അണിനിരത്തി നേരിടും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്തപ്പോഴും വളരെ ഗൗരവമായി കിഫ്ബിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇ.ഡി ചോദിച്ചിരുന്നു. കിഫ്ബിയെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായി ഇ.ഡി തെറ്റിദ്ധരിച്ചിരിക്കുകയാണ്. ബോണ്ടുകളിലൂടെയും മറ്റുമായാണ് കിഫ്ബി വായ്പ വാങ്ങുന്നത്. രാജസ്ഥാനിലെ ബി.ജെ.പി നേതാവിന്റെ മകനും 2009 ബാച്ച് ഐ.ആർ.എസ് ഉദ്യോഗസ്ഥനുമായി മനീഷ് എന്ന ഓഫീസറെ മുൻ നിറുത്തിയാണ് കിഫ്ബിക്കെതിരെ കേന്ദ്രം കളിക്കുന്നത്.കിഫ്ബി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുമ്പാകെ രണ്ടുതവണ ഹാജരായിരുന്നു. മാർച്ച് 8 ന് മൂന്നാമത്തെ തവണ ഹാജരാകാൻ തീരുമാനിച്ചപ്പോഴാണ് അതിന് മുമ്പായി കിഫ്ബി സി.ഇ.ഒയും ഡെപ്യൂട്ടി എം.ഡിയും ഹാജാരാകാനാവശ്യപ്പെട്ടത്. കേന്ദ്രസർക്കാർ ഇടപെട്ട് കേസെടുത്തിരിക്കുകയാണ്. ധനമന്ത്രി നിർമ്മല സീതാരാമന്റെെ പ്രസംഗം ഇ.ഡി ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടറിലുണ്ടായിരുന്നു. . രാഷ്ട്രീയ പ്രചാരണത്തിന് ഇ.ഡിയെ ഉപയോഗിക്കുകയാണ്. ആർ.ബി.ഐയുടെ അനുവാദത്തോടെയാണ് കിഫ്ബി വിദേശ വായ്പ വാങ്ങിയത്. മുൻ കരുതൽ എന്ന നിലയിൽ 10,000 കോടിയുടെ വായ്പ കിഫ്ബി എടുത്തു വച്ചിട്ടുണ്ട്.കേരളത്തിലെ വായ്പ വർദ്ധിച്ചാലുളള അപകടത്തെക്കുറിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നടത്തിയ പരാമർശത്തിന് മറുപടി നൽകും. കിഫ്ബി മാതൃക അറിയാത്തതുകൊണ്ടാണ് സിംഗ് വിമർശിച്ചതെന്നും ഐസക് പറഞ്ഞു.