1

നെയ്യാറ്റിൻകര: ആറുമാസത്തിനുശേഷം കളത്തറയ്ക്കൽ ഏലായിൽ നെൽകൃഷി വീണ്ടും പുനഃരാരംഭിക്കുന്നു. നെൽകൃഷിക്ക് മുന്നോടിയായി പയർ കൃഷി തുടങ്ങി. വയൽ കിളച്ച് നെൽകൃഷി ചെയ്യുന്നതിലേക്ക് വേണ്ടിയാണ് പയർ കൃഷി ആരംഭിച്ചത്. വൻ പയറാണ് ഇവിടെ കൃഷി ചെയ്യുന്നത്. പയർ വിളവെടുപ്പ് കഴിഞ്ഞ ശേഷം അതിന്റെ ഇലകൾ വയലിൽ പാകി വയൽ കിളച്ചശേഷം നെൽവിത്തിന് വളമാക്കുന്നതിനു വേണ്ടിയിട്ടാണ് പയർ കൃഷി ചെയ്യുന്നത്. പാകമാകുന്ന പയർ പറിച്ചെടുത്ത് ആവശ്യകാർക്ക് വില്പന നടത്തും.

അൻപത് ഏക്കറിലാണ് പയർ കൃഷി നടത്തിയിരിക്കുന്നത്. മേയ് മാസത്തിൽ നെൽകൃഷിക്കുള്ള വിത്ത് പാകി തുടങ്ങും. കൊല്ലയിൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് കൃഷി നടപ്പിലാക്കുന്നത്. 65 കർഷകരുടെ നേതൃത്വത്തിൽ ശ്രേയ വിത്താണ് ഇവിടെ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത്.

ആറ് മാസം മുൻപ് ഇവിടെ ഒന്നാം വിള കൃഷി ഇറക്കിയിരുന്നു. മഴ പെയ്ത് കൃഷി നഷ്ടത്തിലായി. അതുകൊണ്ട് കഴിഞ്ഞ വർഷം സീസൻ കൃഷി ഇറക്കാൻ കർഷകർ തയ്യാറായില്ല. ഇത്തവണ ഒന്നാംവിള കൃഷിയാണ് ചെയ്യുന്നത്.