ddd

വിതുര: വേനൽ കനത്തതോടെ കാട്ടിലെ അരുവികളും ചെറിയ തടാകങ്ങളും വറ്റിവരണ്ടു. ഇതോടെ കാട്ടിലെ വന്യമൃഗങ്ങൾ കൂട്ടത്തോടെയും തനിച്ചുമായി നാട്ടിലിറങ്ങി ഭീതിയും നാശവും പരത്തി വിഹരിക്കുകയാണ്. രണ്ടാഴ്ചയിൽ കൂടുതലായി വിതുര, തൊളിക്കോട്, ആര്യനാട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ ജനങ്ങൾ ആനപ്പേടിയിലാണ്. കത്തുന്ന കുംഭ ചൂട് മൂലം വനത്തിലെ ഈറ്റയും മറ്റും ഉണങ്ങുകയും ചെറു അരുവികളും നീർച്ചാലുകൾ വറ്റി വരളുകയും ചെയ്തു.

പേപ്പാറ ഡാമിലും വൃഷ്ടിപ്രദേശത്തും പകൽസമയങ്ങളിൽ പോലും കാട്ടാനകൾ വെള്ളം കുടിക്കാൻ എത്താറുണ്ട്. വാമനപുരം നദിയും ഇപ്പോൾ കാട്ടാനകളുടെ ആശ്രയ കേന്ദ്രമായിരിക്കുകയാണ്. ടാപ്പിംഗ് തൊഴിലാളികളും ഇപ്പോൾ ഭീതിയിലാണ് ജോലി ചെയ്യുന്നത്. പെരിങ്ങമ്മല വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിൽ കാട്ടാനകൾ സ്ഥിരം എത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

ആനകൾക്ക് പുറമേ കാട്ടുപോത്തും പന്നിയും ഇൗ മേഖലയിൽ നാശം വിതയ്ക്കുന്നുണ്ട്.

വിതുര പഞ്ചായത്തിലെ കല്ലാർ മേഖലയിൽ കാട്ടാനകൾ നാശം വിതയ്ക്കാത്ത ദിനങ്ങൾ വിരളമാണ്. പകൽ സമയത്ത് പോലും പൊൻമുടി - കല്ലാർ റോഡിൽ വരെ കാട്ടാനകളുടെ താണ്ഡവമാണ്. കഴിഞ്ഞ ദിവസം പേപ്പാറ കുട്ടപ്പാറയിൽ കാട്ടാന വീട് തകർത്തിരുന്നു.

തെങ്ങ്, വാഴ, മരച്ചീനി, റബർ, പച്ചക്കറി കൃഷികൾ വ്യാപകമായി നശിപ്പിച്ചു. കർഷകർക്ക് ഭീമമായ നഷ്ടമുണ്ട്. പല ദിവസങ്ങളിലും കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ ആനകൾ നിലയുറപ്പിക്കും. സർവീസ് മുടങ്ങി മുന്നോട്ടു പോകാൻ കഴിയാതെ മണിക്കൂറുകളോളം കാത്തുകിടക്കണം. പൊൻമുടി സന്ദർശിക്കാനെത്തിയ സംഘങ്ങളെയും കാട്ടാനക്കൂട്ടം ആക്രമിച്ചിട്ടുണ്ട്. നേരത്തേ കല്ലാർ മേഖലയിൽ രണ്ട് പേർ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.